ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡിനോട് 'നോ' പറഞ്ഞ് സ്വകാര്യ ആശുപത്രികള്‍
.
കല്‍പ്പറ്റ: ലോക്ക് ഡൗണിന്റെ മറവില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡുകളോട് മുഖംതിരിച്ച് സംസ്ഥാനത്തെ വിവിധ സ്വകാര്യ ആശുപത്രികള്‍. സാധാരണക്കാരായ ആയിരക്കണക്കിന് രോഗികളെയാണ് ഇത് പ്രതികൂലമായി ബാധിക്കുന്നത്. ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങളുടെ ഭാഗമായുള്ള ക്രമീകരണങ്ങളുടെ പേര് പറഞ്ഞാണ് ആശുപത്രികള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡുകളുള്ള രോഗികളുടെ ചികിത്സ നിഷേധിക്കുന്നത്. എന്നാല്‍ ഇതേ രോഗികള്‍ സ്വന്തമായി പണംമുടക്കി ചികിത്സിക്കാന്‍ തയാറായാല്‍ കൊവിഡ് മാനദണ്ഡങ്ങളുടെ പ്രശ്നങ്ങളില്ലാതെ അവര്‍ക്ക് ആശുപത്രികള്‍ ചികിത്സ നല്‍കുന്നുമുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ സുരക്ഷ പദ്ധതിയില്‍ അംഗമായ കുടുംബങ്ങളാണ് ആശുപത്രി അധികൃതരുടെ ഈ കെടുകാര്യസ്ഥത കൊണ്ട് ഏറെ ബുദ്ധിമുട്ടിലായിരിക്കുന്നത്.
കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി പ്രകാരം അഞ്ച് ലക്ഷം രൂപ വരെ ഒരു വര്‍ഷത്തേക്ക് ഒരു കുടുംബത്തിന്, അതല്ലെങ്കില്‍ ഒരു കുടുംബാംഗത്തിന് ചികിത്സക്കായി ലഭിക്കും. സംസ്ഥാനത്തെ ആയിരക്കണക്കിന് സ്വകാര്യ ആശുപത്രികളും അത്രയും തന്നെ സര്‍ക്കാര്‍ ആശുപത്രികളും കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായതോടെ ആളുകള്‍ക്ക് മതിയായ ചികിത്സയും ലഭിച്ചിരുന്നു. ഈ ഒരു സമ്പ്രദായത്തേയാണ് കൊവിഡ്-19 പശ്ചാത്തലമാക്കി സ്വകാര്യ ആശുപത്രികള്‍ ഇല്ലായ്മ ചെയ്യുന്നുത്. അതിന് അവര്‍ നിരത്തുന്ന ന്യായങ്ങള്‍ പലതാണ്.
ജനറല്‍ വാര്‍ഡുകളിലൂടെ ലഭിക്കുന്ന ചികിത്സകള്‍ക്ക് മാത്രമാണ് ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. എന്നാല്‍ കൊവിഡ്-19 ഭീതി വിതച്ചതോടെ സാമൂഹിക അകലം പാലിക്കുകയെന്നത് അത്യന്താപേക്ഷിതമായി മാറി. ഇതോടെ ജനറല്‍ വാര്‍ഡുകളിലെ കിടക്കകളുടെ അകലം ഇരട്ടിയാക്കേണ്ടി വന്നുവെന്നും പകുതിയോളം കിടക്കകള്‍ ഒഴിവാക്കേണ്ടിയും വന്നുവെന്ന് ഇവര്‍ പറയുന്നു. ഇതോടെ പദ്ധതിയുടെ ഭാഗമായി ചികിത്സക്കെത്തുന്ന പകുതി പേര്‍ക്ക് പോലും പദ്ധതിയിലൂടെ ചികിത്സ നല്കാന് സാധിക്കാതെയായി. ഓരോ ജനറല്‍ വാര്‍ഡുകളിലും ഇത്തരത്തിലുള്ള ക്രമീകരണങ്ങള്‍ വന്നതോടെ രോഗികളെ തിരിച്ചയക്കേണ്ട സ്ഥിതിയിലാണ് തങ്ങളെന്നും ഇവര്‍ പറയുന്നു.
എന്നാല്‍ പലവിധ രോഗങ്ങള്‍ കൊണ്ട് ദുരിതത്തിലായ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന ആളുകള്‍ക്ക് ആശുപത്രി അധികൃതര്‍ നല്കുന്ന വിശദീകരണങ്ങളൊന്നും തൃപ്തി നല്‍കുന്നതല്ല. വൃക്ക സംബന്ധവും കാന്‍സര്‍ പോലുള്ളതുമായ മാരക രോഗങ്ങള്‍ കാരണം സാമ്പത്തിക സ്ഥിതി ഏറെ പരിതാപത്തിലുള്ളവരാണ് സര്‍ക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഗുണഭോക്താക്കളില്‍ ഏറെയും. എന്നാല്‍ കൊവിഡ്-19ന്റെ പേര് പറഞ്ഞ് തങ്ങളുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തുകയാണ് സ്വകാര്യ ആശുപത്രി അധികൃതര്‍ നിലവില്‍ ചെയ്യുന്നതെന്നാണ് അവര്‍ ഉയര്‍ത്തുന്ന ആക്ഷേപം. തങ്ങളുടെ രോഗമുക്തിക്കായുള്ള തുടര്‍ ചികിത്സകള്‍ക്ക് പദ്ധതിയുടെ സുഗമമായ നടത്തിപ്പ് ആവശ്യമാണെന്നും അതിന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അടിയന്തിര ഇടപെടലുകള്‍ ഉണ്ടാവണമെന്നുമാണ് നിലവില്‍ രോഗികള്‍ ഉയര്‍ത്തുന്ന ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."