വര്ണാഞ്ജലിയുടെ കുടുംബത്തിന് ധനസഹായം നല്‍കണം
കല്‍പ്പറ്റ: ചികിത്സകിട്ടാതെ പ്രസവത്തെ തുടര്‍ന്ന് കുട്ടിമരിച്ച പനമരം ചുണ്ടക്കുന്ന് ആദിവാസി കോളനിയിലെ വര്ണാഞ്ജലിയുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം അനുവദിക്കണമെന്ന് മുന്‍ മന്ത്രി പി.കെ ജയലക്ഷ്മി ആവശ്യപ്പെട്ടു. അധികൃതരുടെ അനാസ്ഥമൂലമാണ് കുട്ടി മരിക്കാനിടയായത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണം. പട്ടിക വര്‍ഗ വികസന വകുപ്പിന്റെ ജനി ജന്മരക്ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അടുത്ത രണ്ടു വര്‍ഷത്തേക്ക് ആയിരം രൂപ വീതം പ്രതിമാസ ധനസഹായം അനുവദിക്കണം. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇങ്ങനെയുണ്ടായ ദുരന്തങ്ങളില്‍ ഇതുവരെ ആര്‍ക്കും ധനസഹായം അനുവദിക്കാത്തത് ആദിവാസികളോടുള്ള അവഗണനയുടെ ഉദാഹരണമാണ്. പട്ടികവര്‍ഗ വകുപ്പ് മന്ത്രിക്ക് പ്രത്യേക ദുരിതാശ്വാസ നിധിയുണ്ടായിട്ടും പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ആനുകൂല്യത്തിനായി ആരെയും പരിഗണിക്കുന്നില്ല. കഴിഞ്ഞ രണ്ടു മാസത്തിനിടെ വിവിധ കാരണങ്ങള്‍ മൂലം മരിച്ച ആറു പേരുടെ കുടുംബങ്ങള്‍ക്ക് അടിയന്തിര ധനസഹായം നല്കാന് വകുപ്പ് മന്ത്രി തയാറാകണമെന്നും ജയലക്ഷ്മി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."