വാഗ്ദാനം ജലരേഖയായി; അമ്പലക്കുളവും റോഡും നാശത്തിലേക്ക്
ചങ്ങനാശേരി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ചിറവംമുട്ടം ശ്രീമഹാദേവക്ഷേത്രംവക കുളവും സമീപത്തായുള്ള റോഡും ഉപയോഗശൂന്യമായി മാറി.
കഴിഞ്ഞ വര്‍ഷം ചിറവംമുട്ടം കോമൂര്‍ റോഡ് ക്ഷേത്രക്കുളത്തിലേക്ക് ഇടിഞ്ഞുതാണിരുന്നു. എം.എല്‍.എ അടക്കമുള്ള ജനപ്രതിനിധികള്‍ പ്രദേശം സന്ദര്‍ശിക്കുകയും ക്ഷേത്രക്കുളത്തിലേക്ക് ഇടിഞ്ഞ റോഡിന്റെ ഭാഗം നന്നാക്കുതിനായി രണ്ടുലക്ഷം രൂപ എം.എല്‍.എ ഫണ്ടില്‍നിന്ന് അനുവദിക്കാമെന്ന് ഉറപ്പു നല്‍കി നേതാക്കന്മാര്‍ പിരിയുകയും ചെയ്തു. എന്നാല്‍ വാഗ്ദാനം വെറും ജലരേഖയായി മാറി.
ഇപ്പോള്‍ മറ്റൊരു കാലവര്‍ഷം കൂടി കഴിയാറായെങ്കിലും റോഡും കുളവും പഴയ അവസ്ഥയില്‍ തന്നെയാണ്. ഇവിടെ ഇഴജന്തുക്കളുടെ ശല്യമുള്ളതുകാരണം രാത്രികാലങ്ങളില്‍ റോഡിലൂടെയുള്ള യാത്രയും അപകടകരമാണ്.
ഹരിതകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ നദികളും തോടുകളും കുളങ്ങളും പുനരുദ്ധരിക്കുന്ന ഈ ഘട്ടത്തിലും ചിറവംമുട്ടം ക്ഷേത്രക്കുളം കാട് കയറി പ്രദേശവാസികള്‍ക്ക് ദുരിതമായി മാറുകയാണ്. ജനപ്രതിനിധികള്‍ വാക്കുപാലിക്കണമെന്നും തകര്‍ന്നുകിടക്കുന്ന റോഡും അമ്പലക്കുളവും ഉപയോഗയോഗ്യമാക്കണമെന്നും അമ്പലക്കോടി സംഘശക്തി പുരുഷ സ്വയംസഹായസംഘം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."