പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍
പത്തനംതിട്ട: പിഞ്ചുകുഞ്ഞിനെ ദാരുണമായി കൊലപ്പെടുത്തിയ കേസില്‍ പിതാവിനെ അറസ്റ്റ് ചെയ്തു. കോയിപ്രം പുല്ലാട് വരയന്നൂര്‍ താഴത്തേതില്‍ രാജന്‍ എന്ന പ്രദീപ് കുമാര്‍(45) ആണ് അറസ്റ്റിലായത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 30 നായിരുന്നു സംഭവം. പത്തനംതിട്ട ജില്ലയിലെ അസ്വഭാവിക മരണങ്ങള്‍ അന്വേഷിക്കാനുള്ള ജില്ലാ പൊലിസ് മേധാവിയുടെ ഉത്തരവിനെ തുടര്‍ന്നാണ് ഈ കേസും പൊടിതട്ടിയെടുത്തത്.
ദമ്പതികള്‍ക്ക് രണ്ട് കുട്ടികള്‍ ജനിച്ച് അഞ്ച് വര്‍ഷത്തിന് ശേഷമാണ് മൂന്നാമതും ഗര്‍ഭം ധരിച്ചത്. ഇത് അലസിപ്പിക്കാന്‍ പ്രദീപ് കുമാര്‍ പല തവണ നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ അശ്വതി തയാറായില്ല. പ്രസവം കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുന്നതിനിടെ പ്രദീപിന്റെ മാതാവ് മരിച്ചു. സംസ്‌കാരം നടന്ന് രണ്ടാം ദിവസം പുലര്‍ച്ചെ അശ്വതി അടുക്കളയിലേക്ക് പോയ സമയത്താണ് കുട്ടി തറയില്‍ വീണെന്ന് പ്രദീപ് പറയുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴേക്കും മരിച്ചിരുന്നു. സ്വാഭാവിക മരണമായി കരുതിയെങ്കിലും പോസ്റ്റുമോര്‍ട്ടം നടത്തിയ കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്ടറുടെ റിപ്പോര്‍ട്ടില്‍ അസ്വഭാവിക മരണമാണെന്ന് വ്യക്തമായിരുന്നു.
മൂന്നാമത്തെ കുട്ടിയെ തനിക്കുവേണ്ട എന്ന തീരുമാനമാണ് ഓട്ടോ ഡ്രൈവറായ പ്രദീപ് കുമാറിനെ ഈ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പൊലിസ് പറയുന്നു. ബന്ധുക്കളുടെ മൊഴിയും ഇതിന് സഹായകമായിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."