യുവാവിനെ കൊലപ്പെടുത്തിയ സംഭവം: പ്രതികളെ കോടതിയില്‍ ഹാജരാക്കും
വിഴിഞ്ഞം: അടിമലത്തുറയില്‍ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലിസ് കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി ഇന്ന് കോടതിയില്‍ ഹാജരാക്കും. വിഴിഞ്ഞം അടിമലത്തുറ പുറംപോക്കുപുരയിടത്തില് വിനിത ഹൗസില്‍ പരേതനായ വിന്‍സന്റിന്റെയും നിര്‍മ്മലയുടെയും മകന് വിനു (25)നെയാണ് പ്രതികള്‍ ഇക്കഴിഞ്ഞ 4ന് വീടിനുള്ളില്‍വെച്ച് കൊലപ്പെടുത്തിയത്.
കൊലപാതകം നടത്തിയ സ്ഥലത്തും പ്രതികളുടെ വീട്ടിലും എത്തിച്ചു നടത്തിയ തെളിവെടുപ്പില്‍ സംഭവ സ്ഥലത്തേക്ക് പ്രതികള്‍ എത്താന്‍ ഉപയോഗിച്ച ബൈക്കും കണ്ടെത്തിയിട്ടുണ്ട്. പ്രതികള്‍ കൃത്യത്തിന് മുന്‍പ് ഇരുന്ന് മദ്യപിച്ച കുരിശടിക്ക് സമീപവും കൃത്യം നടന്ന സ്ഥലത്തും കഴിഞ്ഞദിവസങ്ങളില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. കൂടാതെ സംഭവ സമയം പ്രതികള്‍ ധരിച്ചിരുന്ന വസ്ത്രങ്ങളും വിനുവിന്റെ കഴുത്തുഞെരിച്ചു കൊലപ്പെടുത്താന്‍ ഉപയോഗിച്ച മുണ്ടും ജോയിയുടെ വീട്ടില്‍ നിന്നും പൊലിസ് കണ്ടെത്തി.
കൊലപാത കേസില്‍ അറസ്റ്റിലായ കൊല്ലപ്പെട്ട വിനുവിന്റെ മാതാവ് നിര്‍മ്മല( 44) സഹോദരി വിനിത(24) വിനിതയുടെ ഭര്‍ത്താവ് ജോയി (31) ജോയിയുടെ സുഹൃത്തുക്കളായ പുന്നക്കുളം കുഴിവിളക്കോണം സ്വദേശി ഫ്ളക്സിന്(24) വിഴിഞ്ഞം കരയടിവിള സ്വദേശി കൊഞ്ചന്‍ എന്നുവിളിക്കുന്ന ജിജിന് (20) ചൊവ്വര സ്വദേശികളായ കൃഷ്ണ എന്നു വിളിക്കുന്ന സജീവ് (24), ഹരീഷ് (21) എന്നിവരെ വിഴിഞ്ഞം പൊലിസ് കസ്റ്റഡിയില്‍ വാങ്ങിയത്. ഇതില്‍ നിര്‍മല, വിനീത, ഹരീഷ് എന്നിവരെ ഒഴിവാക്കിയാണ് ആദ്യ ദിവസം തെളിവെടുപ്പ് നടത്തിയത്. യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവം കൊലപാതകമാണെന്ന് ഉറച്ച് വിശ്വസിച്ച നാട്ടുകാരില്‍ ചിലര്‍ നടത്തിയ നീക്കങ്ങളാണ് വിനുവിന്റെ മരണം കൊലപാതകമാണെന്ന് തെളിയിക്കുന്നതില്‍ നിര്‍ണായകമായത്.
വിനു സഹോദരിയായ വിനിതയെ നിരന്തരം ശല്യം ചെയ്തിരുന്നതായും മാതാവിനെ ദേഹോപദ്രവം ഏല്പിച്ചിരുന്നതായും ഇതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകം നടത്തിയതെന്നും പ്രതികള്‍ വെളിപ്പടുത്തിയതായി വിഴിഞ്ഞം പൊലിസ് പറഞ്ഞു. ഫ്ളക്സിന്റെ വീട്ടില്‍ വെച്ചാണ് അഞ്ചംഗ സംഘം കൊലപാതകം ആസൂത്രണം ചെയ്തതെന്നും അമ്മയും സഹോദരിയും കൃത്യത്തിന് കൂട്ട് നില്‍ക്കുകയായിരുന്നുവെന്നും വിഴിഞ്ഞം സി.ഐ എന്‍. ഷിബു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."