'ശ്വാസംമുട്ടി' യു.എസ്
ന്യൂയോര്‍ക്ക്: കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ അക്രമാസക്തമായി. ഇതോടെ ന്യൂയോര്‍ക്കിലുള്‍പ്പെടെ രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം കര്‍ഫ്യൂ പ്രഖ്യാപിച്ചു.
കൊലപാതകം നടന്ന മിനിയാപൊളിസില്‍ കലാപം തുടരുകയാണ്. പ്രതിഷേധക്കാരെ നേരിടാന്‍ മിലിട്ടറി പൊലിസ് രംഗത്തിറങ്ങി. പലയിടങ്ങളിലും പൊലിസും പ്രതിഷേധക്കാരുമായി ഏറ്റുമുട്ടലുകളുണ്ടായി. 'എനിക്ക് ശ്വാസംമുട്ടുന്നു' എന്ന ജോര്‍ജ് ഫ്‌ളോയിഡിന്റെ അവസാനവാക്കുകള്‍ ഏറ്റുപറഞ്ഞാണ് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങുന്നത്. പലയിടത്തും സമരക്കാര്‍ കടകളില്‍ കയറി കൊള്ളയടിക്കുന്നതായും കാറുകളും കെട്ടിടങ്ങളും കത്തിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
അതിനിടെ ഫ്‌ളോയിഡിന്റെ കൊലപാതത്തെ ദുരന്തമെന്ന് വിശേഷിപ്പിച്ച പ്രസിഡന്റ് ട്രംപ് ആള്‍ക്കൂട്ടം നിയമം കൈയിലെടുക്കുന്നത് അനുവദിക്കില്ലെന്ന് വ്യക്തമാക്കി.
ഫ്‌ളോയിഡിനെ കൊലപ്പെടുത്തിയ കേസില്‍ പൊലിസ് ഓഫിസര്‍ ഡെറിക് ഷോവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇയാളെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത എഫ്.ബി.ഐ കൊലക്കുറ്റം ചുമത്തിയിരുന്നു. ചെറുകിട ഭക്ഷണശാലയില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്യുകയായിരുന്ന ഫ്‌ളോയിഡിന്റെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തിയായിരുന്നു കൊലപാതകം. ഡെറിക് ഒന്‍പത് മിനിറ്റോളം ജോര്‍ജിനെ കാല്‍മുട്ടിനടിയില്‍ വെച്ച് ഞെരിച്ചമര്‍ത്തിയതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
ഫ്‌ളോയിഡിന്റെ കൊല രാജ്യത്ത് കറുത്തവര്‍ഗക്കാര്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങളിലുള്ള പ്രതിഷേധമായി മാറുകയാണ്. മാര്‍ച്ചില്‍ കറുത്തവര്‍ഗക്കാരിയായ യുവതിയെ പൊലിസ് വീട്ടില്‍ കയറി വെടിവച്ചു കൊന്ന സംഭവത്തിലുള്ള പ്രതിഷേധവും ഇതോടെ ശക്തമായി. കൊവിഡ് വ്യാപനം രാജ്യത്ത് രൂക്ഷമാണെങ്കിലും സാമൂഹിക അകലം പാലിക്കാതെയാണ് പ്രതിഷേധം നടക്കുന്നത്.
ഇത് കൊവിഡ് വ്യാപനത്തിന് ആക്കംകൂട്ടുമെന്ന ആശങ്കയും നിലനില്‍ക്കുന്നു. ശനിയാഴ്ച രാജ്യത്തെ 30 നഗരങ്ങളില്‍ കൂറ്റന്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു. എന്നാല്‍ അവയെല്ലാം സമാധാനപരമായിരുന്നു. അതേസമയം ഇന്നലെയോടെ പ്രതിഷേധം കൂടുതല്‍ അക്രമാസക്തമായിരിക്കുകയാണ്.
തുടര്‍ന്ന് മിനിയാപോളിസ്, ന്യൂയോര്‍ക്ക്, കാലിഫോര്‍ണിയ, ലോസ് ആഞ്ചലസ്, ചിക്കാഗോ, അത്‌ലാന്റ, വാഷിങ്ടണ്‍ ഡി.സി, ഇന്താനപോളിസ്, ഫിലാഡല്‍ഫിയ, മിയാമി, പോര്‍ട്ട്‌ലാന്‍ഡ്, ലൂയിസ്‌വില്ലെ, സാന്‍ ഫ്രാന്‍സിസ്‌കോ എന്നീ നഗരങ്ങളിലെല്ലാം കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.
എങ്കിലും പ്രതിഷേധക്കാര്‍ കര്‍ഫ്യൂ വകവയ്ക്കാതെ തെരുവില്‍ തുടരുകയാണ്. പലയിടത്തും പൊലിസ് വാഹനങ്ങള്‍ക്കും ബാങ്കുകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും പ്രതിഷേധക്കാര്‍ തീയിട്ടു. പൊലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും റബര്‍ ബുള്ളറ്റുകള്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയും ചെയ്‌തെങ്കിലും നാലാംദിനവും പ്രതിഷേധങ്ങള്‍ക്ക് അറുതിയില്ല.
ബുധനാഴ്ച ആരംഭിച്ച പ്രതിഷേധം വെള്ളിയാഴ്ച രാത്രിയോടെയാണ് അക്രമാസക്തമായത്.
വാഷിഗ്ടണില്‍ വൈറ്റ്ഹൗസിനു പുറത്ത് തടിച്ചുകൂടിയ പ്രതിഷേധക്കാര്‍ സെക്യൂരിറ്റി ബാരിക്കേഡുകള്‍ തള്ളിമാറ്റുകയും സുരക്ഷാ ഉദ്യോഗസ്ഥരെ പ്രകോപിപ്പിക്കുകയും ചെയ്തു. ഫിലാഡല്‍ഫിയയില്‍ 13 പൊലിസ് ഓഫിസര്‍മാര്‍ക്ക് പരുക്കേറ്റു.
നാലു പൊലിസ് വാഹനങ്ങള്‍ക്ക് പ്രതിഷേധക്കാര്‍ തീവച്ചു. ഫ്‌ളോറിഡയിലെ ടല്ലഹസിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പിക്കപ്പ് ട്രക്ക് ഓടിച്ചുകയറ്റിയ ഡ്രൈവറെ പൊലിസ് അറസ്റ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."