നന്തന്‍കോട് കൂട്ടക്കൊല: തെളിവെടുപ്പ് ഇന്ന് ചെന്നൈയില്‍
തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലയിലെ പ്രതി കേദല്‍ ജിന്‍സനെ ഇന്ന് ചെന്നൈയില്‍ കൊണ്ടുപോകും. ചെന്നൈയ്ക്ക് രക്ഷപ്പെട്ട ഇയാള്‍ റൂമെടുത്ത ഹോട്ടലില്‍ കൊണ്ടുപോയി തെളിവുകള്‍ ശേഖരിക്കും.
ഹോട്ടല്‍ ജീവനക്കാരുടെ സഹായത്തോടെ ഇയാളെ തിരിച്ചറിയുന്നതിനൊപ്പം തിരിച്ചറിയല്‍ രേഖകള്‍, റൂമിനുള്ളില്‍ ഉപേക്ഷിച്ച വസ്ത്രങ്ങള്‍, ബാഗ് തുടങ്ങിയവ കണ്ടെടുക്കാന്‍ കൂടിയാണ് കൊണ്ടുപോകുന്നത്.
കഴിഞ്ഞ ദിവസവും ഇന്നലെയും കൃത്യം നടന്ന നന്തന്‍കോട്ടെ വീട്ടിലും നഗരത്തിലെ പെട്രോള്‍ പമ്പിലും മൃതദേഹങ്ങള്‍ കത്തിക്കാന്‍ പെട്രോള്‍ വാങ്ങിയ പമ്പ്, വിഷം വാങ്ങിയ ചെട്ടിക്കുളങ്ങരയിലെ കൃഷി വകുപ്പിന്റെ കേന്ദ്രം എന്നിവിടങ്ങളിലും എത്തിച്ച് തെളിവെടുപ്പ് നടത്തി.
മൃതദേഹങ്ങള്‍ ചുട്ടെരിക്കാനായി കേദല്‍ പെട്രോള്‍ വാങ്ങിയ പമ്പിലെ ജീവനക്കാരും ഓട്ടോഡ്രൈവറും ഇയാളെ തിരിച്ചറിഞ്ഞു. ഇതേ പമ്പില്‍ നിന്നു കേദല്‍ സ്ഥിരമായി പെട്രോള്‍ വാങ്ങിക്കാറുണ്ടെന്ന് ജീവനക്കാരന്‍ മൊഴി നല്‍കി.
ഏപ്രില്‍ ആറിനു വൈകിട്ട് നാലു മണിക്കു ശേഷമാണ് കേദല്‍ ഇവിടെ അവസാനമായി പെട്രോള്‍ വാങ്ങാനെത്തിയത്. പത്ത് ലിറ്റര്‍ വീതമുള്ള രണ്ടു കന്നാസുകളിലാണ് പെട്രോള്‍ വാങ്ങിയത്. ടൂര്‍ പോകാനായി കാറില്‍ ഒഴിക്കാനാണെന്നാണ് പറഞ്ഞത്. ആഹാരം പാഴ്‌സലായി എത്തിച്ച റസ്റ്റോറന്റ് ജീവനക്കാരും കേദലിനെ തിരിച്ചറിഞ്ഞു. കൊലപാതകത്തിനുപയോഗിച്ച മഴുവടക്കമുള്ള ആയുധങ്ങളും പൊലിസ് കണ്ടെടുത്തു. വിഷം കലര്‍ത്തി കൊലപ്പെടുത്താനായി വാങ്ങിയ വിഷക്കുപ്പിയും ഇവിടെ നിന്നു ലഭിച്ചു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ വിഷം വാങ്ങിയ സ്ഥലത്ത് തെളിവെടുപ്പ് നടത്തിയത്. കൃഷികേന്ദ്രത്തിലെ ജീവനക്കാരി കേദലിനെ തിരിച്ചറിഞ്ഞു.
ചെന്നൈയില്‍ തെളിവെടുപ്പ് പൂര്‍ത്തിയായ ശേഷം കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."