കൊവിഡ് വ്യാപനം കാരണമായത് 'നമസ്‌തേ ട്രംപെ'ന്ന് ശിവസേന
മുംബൈ: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനത്തിന് കാരണമായത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യന്‍ സന്ദര്‍ശനവും അതിനോടനുബന്ധിച്ച് നടന്ന സ്വീകരണ പരിപാടികളുമാണെന്ന് ശിവസേന.
ശിവസേനാ നേതാവും എം.പിയുമായ സഞ്ജയ് റാവത്താണ് ഇക്കാര്യം ആരോപിച്ച് രംഗത്തെത്തിയത്. പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലെഴുതിയ ലേഖനത്തിലാണ് ആരോപണം.
ഗുജറാത്തിലെ അഹമ്മദാബാദില്‍ ട്രംപിന് വേണ്ടി ഒരുക്കിയ നമസ്‌തേ ട്രംപ് എന്ന സ്വീകരണ പരിപാടിയില്‍ വന്‍തോതില്‍ ജനങ്ങള്‍ സംബന്ധിച്ചിരുന്നു. ഈ പരിപാടി കേന്ദ്രസര്‍ക്കാരിന്റെ അഭിമാനപ്രശ്‌നമായി മാറിയിരുന്നതിനാല്‍ ജനങ്ങളെ വലിയതോതില്‍ പങ്കെടുപ്പിക്കുകയായിരുന്നു. ഇതാണ് ഗുജറാത്തിലും പിന്നീട് മഹാരാഷ്ട്രയിലും രാജ്യതലസ്ഥാനമായ ഡല്‍ഹിയിലുമടക്കം കൊവിഡ് വ്യാപനത്തിന് കാരണമായതെന്നാണ് ശിവസേന ആരോപിക്കുന്നത്. ഫെബ്രുവരിയില്‍ നടന്ന നമസ്‌തേ ട്രംപ് പരിപാടിക്കെതിരേ നേരത്തേയും വിവിധ കോണുകളില്‍നിന്നു സമാന ആരോപണങ്ങളുയര്‍ന്നിരുന്നു.
അമേരിക്കയില്‍നിന്നെത്തിയ ഉദ്യോഗസ്ഥ സംഘത്തിലൂടെയും ഇന്ത്യയില്‍ കൊവിഡ് വ്യാപനം നടന്നെന്നാണ് ഇപ്പോള്‍ ശിവസേന ആരോപിക്കുന്നത്.
വൈറ്റ്ഹൗസിലെ നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കു കൊവിഡ് സ്ഥിരീകരിച്ച കാര്യവും പാര്‍ട്ടി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
രാജ്യത്ത് ഒരു ആസൂത്രണവുമില്ലാതെയാണ് ലോക്ക്ഡൗണ്‍ നടപ്പാക്കിയതും നീട്ടിക്കൊണ്ടുപോയതുമെന്ന് ആരോപിച്ച സഞ്ജയ് റാവത്ത്, ഒടുവില്‍ ഉത്തരവാദിത്തം സംസ്ഥാനങ്ങളെ ഏല്‍പിച്ച് കേന്ദ്രം കൈകഴുകുകയാണെന്നും ആരോപിച്ചു.
മഹാരാഷ്ട്ര സര്‍ക്കാരിന് ഒരുതരത്തിലുള്ള ഭീഷണിയുമില്ലെന്നും സര്‍ക്കാര്‍ കാലാവധി തികയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."