ഗര്‍ഭിണിയായ യുവതി തൂങ്ങി മരിച്ച സംഭവം: ഭര്‍ത്താവ് അറസ്റ്റില്‍
എരുമപ്പെട്ടി: കടങ്ങോട് പള്ളിമേപ്പുറത്ത് ഗര്‍ഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ പൊലിസ് അറസ്റ്റ് ചെയ്തു.
പള്ളിമേപ്പുറം പുതുവീട്ടില്‍ ഹുസൈനെന്ന ഹാഷിം(22) നെയാണ് കുന്നംകുളം ഡി.വൈ.എസ്.പി പി.വിശ്വംഭരന്റെ നേതൃത്വത്തില്‍ പൊലിസ് അറസ്റ്റ് ചെയ്തത്.
ഹാഷിമിന്റെ ഭാര്യ ജാസ്മി (22) യെ കഴിഞ്ഞ 21 തിയ്യതിയാണ് ഭര്‍തൃഗൃഹത്തിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ജാസ്മിയെ ഭര്‍ത്താവ് നിരന്തരം ശാരീരിക മാനസിക പീഡനങ്ങള്‍ക്ക് ഇരയാക്കിയിരുന്നതായി ബന്ധുക്കള്‍ പൊലിസിന് മൊഴി നല്‍കിയിരുന്നു.
വയനാട് വഴുതന പഞ്ചായത്തില്‍ അച്ചൂര് ദേശത്ത് അഞ്ചുകണ്ടത്തില്‍ അഷറഫിന്റെ മകളായ ജാസ്മിനും ഹാഷിമും തമ്മിലുള്ള വിവഹം നടന്നത് നാല് മാസം മുന്‍പായിരുന്നു.
നിര്‍ധന കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്കായി ഒരു സംഘടന നടത്തിയ സമൂഹ വിവാഹത്തിലാണ് ഇവര്‍ ഒരുമിച്ച് ജീവിതം ആരംഭിച്ചത്.
ജാസ്മിന് അഞ്ച് പവന്റെ സ്വര്‍ണാഭരണങ്ങള്‍ സംഘാടകരും അഞ്ച് പവന്റെ സ്വര്‍ണാഭരണങ്ങളും ഒരു ലക്ഷം രൂപയും ബന്ധുക്കളും നല്‍കിയിരുന്നു.വിവാഹം കഴിഞ്ഞതിന്റെ മൂന്നാം നാള്‍ തന്നെ കൂടുതല്‍ പണം ആവശ്യപ്പെട്ട് ഹാഷിം ജാസ്മിനെ മര്‍ദിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഇതിന് ശേഷം വീട്ടുകാരുമായി ബന്ധപ്പെടാന്‍ ഹാഷിം അനുവദിച്ചിരുന്നില്ല. മരിക്കുന്നതിന് രണ്ടാഴ്ച മുന്‍പ് ജാസ്മിന്‍ മാതൃ സഹോദരിയുടെ വീട്ടിലെത്തിയപ്പോഴാണ് ഭര്‍ത്താവ് തന്നെ നിരന്തരം ദേഹോപദ്രവം ഏല്‍പ്പിക്കുന്നതായി പറഞ്ഞത്.
ഗര്‍ഭിണിയായ തന്നെ ഭര്‍ത്താവ് പട്ടിണിക്കിടാറുണ്ടെന്നും ജാസ്മിന്‍ പറഞ്ഞതായി ബന്ധുക്കള്‍ പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്.
വീട്ടുകാരെ ഫോണില്‍ ബന്ധപ്പെടാനും ഇയാള്‍ അനുവദിച്ചിരുന്നില്ല. മദ്യത്തിനും കഞ്ചാവിനും അടിമയായ ഹാഷിം ജാസ്മിയെ വലിയ രീതിയിലുള്ള ശാരീരിക മാനസിക പീഡനങ്ങള്‍ക്ക് ഇരയാക്കിയിരുന്നതായി ബന്ധുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്.
കുന്നംകുളം തഹസില്‍ദാര്‍ ബ്രീജകുമാരിയുടെ നേതൃത്വത്തിലാണ് ഇന്‍ക്വസ്റ്റും പോസ്റ്റ്‌മോര്‍ട്ടവും ഉള്‍പ്പടെയുള്ള മേല്‍ നടപടികള്‍ നടത്തിയത്.
തുടര്‍ന്ന് കുന്നംകുളം ഡിവൈ.എസ്.പി പി.വിശ്വംഭരന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ ഹാഷിമിനെ അറസ്റ്റ് ചെയ്തത്.ഗാര്‍ഹിക പീഡനത്തിനും ആത്മഹത്യ പ്രേരണയ്ക്കുമാണ് ഇയാള്‍ക്കെതിരേ പൊലിസ് കേസെടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."