കൊപ്പം - വിളയൂര്‍ സമഗ്ര കുടിവെള്ള പദ്ധതി നിര്‍മാണോദ്ഘാടനം ജൂലൈ അഞ്ചിന്
പാലക്കാട്: കൊപ്പം- വിളയൂര്‍ പഞ്ചായത്തുകളിലെ സമഗ്രകുടിവെള്ള പദ്ധതി നിര്‍മാണോദ്ഘാടനം ജൂലൈ അഞ്ചിന് വിളയൂര്‍ കരിങ്ങനാടുകുണ്ടില്‍ മന്ത്രി മാത്യു.ടി.തോമസ് നിര്‍വഹിക്കും. കരിങ്ങനാടുകുണ്ടില്‍ ഇരുപഞ്ചായത്തുകളിലായി 72 സെന്റ് സ്ഥലത്താണ് കൊപ്പം-വിളയൂര്‍ സമഗ്ര കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമാവുന്നത്. നബാര്‍ഡിന്റെ ധനസഹായത്തോടെ 20 കോടി ചെലവഴിച്ചുളള പദ്ധതിയില്‍ 11 ദശലക്ഷം ലിറ്റര്‍ കുടിവെള്ളം സംഭരിക്കാനുള്ള ടാങ്കും ആധുനിക രീതിയിലുമുള്ള ജലശുദ്ധീകരണശാലയുമാണ് സ്ഥാപിക്കുന്നത്. കൊപ്പം ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലേക്ക് കുടിവെള്ള വിതരണം നടത്തുന്ന ജലശ്രീ സമഗ്ര കുടിവെള്ള പദ്ധതി നല്ല രീതിയില്‍ നില നിന്നു പോരുന്നുണ്ട്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം(2017-18) 4.08 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് കൊപ്പം പഞ്ചായത്ത് നടപ്പാക്കിയത്. ഉത്്പാദന മേഖലക്കായി വികസന ഫണ്ടില്‍ നിന്ന് 39.76 ലക്ഷം ചെലവഴിച്ച് നെല്ല്, തെങ്ങ് തുടങ്ങിയ കാര്‍ഷിക വിളകളുടെ ഉല്പാദനം വര്‍ധിപ്പിക്കുന്നതിനും ജൈവ പച്ചക്കറി പ്രോത്സാഹിപ്പിക്കുന്നതിനും ജലദൗര്‍ലഭ്യ പ്രദേശങ്ങളില്‍ ജലസേചന സൗകര്യം ഒരുക്കുന്നതിനും മൃഗപരിപാലന രംഗത്തെ അഭിവൃദ്ധിയും ക്ഷീര വികസനവും ലക്ഷ്യമിട്ട് ഉല്പാദന മേഖലയില്‍ 14 പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. അതുവഴി കാര്‍ഷിക, മൃഗപരിപാലന രംഗത്ത് പ്രകടമായ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
സേവനമേഖലയില്‍ പൊതു വിഭാഗത്തിനായി 1.38 കോടിയോളം ചെലവഴിച്ച് 117 പദ്ധതികളും പട്ടികജാതി വികസന ഫണ്ടില്‍ നിന്നും 60.89 ലക്ഷം ചെലവഴിച്ച് 28 പദ്ധതികളും നടപ്പാക്കി. ഹോമിയോ-ആയുര്‍വേദ ആശുപത്രികളിലേക്ക് എട്ട് ലക്ഷം ചെലവഴിച്ച് മരുന്ന് വിതരണം നടത്തി.
എല്‍.പി-യു.പിയിലെ 89 വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങളും 70 ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൈക്കിളും 228 വയോധികര്‍ക്ക് കട്ടിലും 234 പട്ടികജാതി കുടുംബങ്ങള്‍ക്ക് വാട്ടര്‍ ടാങ്കും നല്‍കാന്‍ സാധിച്ചിട്ടുണ്ട്.പശ്ചാത്തലമേഖലയില്‍ റോഡുകള്‍, പൊതു സ്ഥാപനങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിനും പരിപാലനത്തിനുമായി പൊതുവിഭാഗത്തില്‍ 1.57കോടി ചെലവില്‍ 131 പദ്ധതികളും എസ്.സി ഫണ്ടില്‍ നിന്നും 11.41 ലക്ഷം ചെലവഴിച്ച് 11 പദ്ധതികളും നടപ്പാക്കിയിട്ടുണ്ട്.
സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍, ഭിന്നശേഷിക്കാര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവരുടെ ക്ഷേമത്തിനും അങ്കണവാടി പോഷകാഹാരം, സാമൂഹിക സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും സാധിച്ചിട്ടുണ്ട്.
പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 85 കുടുംബങ്ങള്‍ക്ക് ഭവന പുനരുദ്ധാരണത്തിന് തുക നല്‍കിയതും പഞ്ചായത്തില്‍ നാല്‍പതോളം റോഡുകള്‍ നിര്‍മിച്ചതും മികച്ച നേട്ടങ്ങളാണ്. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉത്പാദന മേഖലയില്‍ 16 പദ്ധതികളിലൂടെ 1735190 രൂപയും സേവന മേഖലയിലെ 101 പദ്ധതിയില്‍ 8236748 രൂപയും പശ്ചാത്തല മേഖലയിലെ 92 പദ്ധതികളിലായി 6765189 രൂപയും ചെലവഴിച്ചു.
ഉത്്പാദന മേഖലയില്‍ സമഗ്ര നെല്‍കൃഷി, ജൈവ പച്ചക്കറി കൃഷി വികസനം സാധ്യമാക്കി. വനിതാ ക്ഷേമ പദ്ധതികളുടെ ഭാഗമായി മുട്ട കോഴിവളര്‍ത്തലിലൂടെ കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. പെയിന്‍ ആന്‍ഡ് പാലിയെറ്റീവ്, ആയുര്‍വേദ, ഹോമിയോ ആശുപത്രിക്കാവശ്യമായ മരുന്നുകള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാങ്ങി വിതരണം ചെയ്തു.
ഓപ്പണ്‍ ഡെഫിക്കേഷന്‍ ഫ്രീ (ഒ.ഡി.എഫ്.) പദ്ധതിയിലൂടെ അര്‍ഹരായവര്‍ക്ക് ശുചിമുറികള്‍ നല്‍കുന്നതിനായി 1120100 രൂപ ചെലവഴിച്ചു. ദാരിദ്ര്യരേഖയക്ക് താഴെയുള്ളവരുടെ ഭവനങ്ങള്‍ വാസയോഗ്യമാക്കുന്ന പദ്ധതിയിലൂടെ നൂറ് കുടുംബങ്ങളുടെ വീടുകള്‍ താമസയോഗ്യമാക്കി.
ക്ഷീരകര്‍ഷകര്‍ക്ക് പാലിന് സബ്‌സിഡി നല്‍കിയതിലൂടെ ക്ഷീരോല്‍പാദനം വര്‍ധിച്ചു. ജനങ്ങളുടെ യാത്രദുരിതം ഒഴിവാക്കാന്‍ മെയിന്റന്‍സ് റോഡ് വിഹിതമായി അനുവദിച്ച മുഴുവന്‍ തുകയും ചെലവഴിച്ച് എല്ലാ പഞ്ചായത്ത് റോഡുകളുടെയും അറ്റക്കുറ്റപ്പണി നടത്തിയതും പഞ്ചായത്തിന്റെ നേട്ടമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."