ഫോര്‍മാലിന്‍ കലര്‍ത്തിയ മത്സ്യം: പരമ്പരാഗത കച്ചവടക്കാര്‍ ദുരിതത്തില്‍
പൊന്നാനി: ഫോര്‍മാലിന്‍ കലര്‍ത്തിയ മത്സ്യത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിച്ചതോടെ ദുരിതത്തിലായത് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍.
പലരും ഇപ്പോള്‍ മത്സ്യങ്ങള്‍ വാങ്ങാന്‍ തയാറാകുന്നില്ലെന്നും കനത്ത നഷ്ടമാണ് ഇതുമൂലം തങ്ങള്‍ക്കുണ്ടാകുന്നതെന്നും മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം. ഒരു ദിവസം ആറായിരം രൂപയുടെ ചിലവാണ് ഇവര്‍ക്ക് കടലില്‍ പോകാന്‍ വരുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇവര്‍ക്ക് ലഭിക്കുന്നതാകട്ടെ മൂവായിരത്തില്‍ താഴെയും.
പിടിച്ചുകൊണ്ടുവരുന്ന മത്സ്യങ്ങള്‍ക്ക് വില ലഭിക്കുന്നില്ല. ഫോര്‍മാലിന്‍ ഉപയോഗിക്കുന്ന മത്സ്യങ്ങള്‍ ചെക്ക് പോസ്റ്റില്‍ നിന്ന് തന്നെ കണ്ടെത്തി തിരിച്ചയക്കണമെന്നും ഇതിന്റെ മറവില്‍ മത്സ്യങ്ങള്‍ ഉപയോഗിക്കുന്നതിനെതിരേ നടക്കുന്ന പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്നുമാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.
ഫോര്‍മാലിന്‍ ഭയപ്പെടുത്തലുകള്‍ മൂലം ഇടനിലക്കാരുടെ ചൂഷണങ്ങള്‍ക്ക് നിന്നു കൊടുക്കേണ്ടി വരുന്നത് നിസ്സഹായരായ മത്സ്യത്തൊഴിലാളികളാണ്. കടലില്‍ നിന്നും ഇവര്‍ പിടിച്ചു കൊണ്ടു വരുന്ന ഫ്രെഷ് മീന്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി തീര്‍ത്തും തുച്ഛമായ വിലയ്ക്ക് വണ്ടിക്കാര്‍ വില പറഞ്ഞെടുക്കുന്നത് നിസ്സഹായരായി നോക്കി നില്‍ക്കേണ്ടി വരുന്ന അവസ്ഥയാണ് തീരപ്രദേശങ്ങളില്‍ നിലവിലുള്ളത്.
മുന്‍പ് ഓഖിക്കു പുറകെ ശവശരീരങ്ങള്‍ ഭക്ഷിക്കുന്ന മീനുകളുടെ പേരില്‍ പരിഭ്രാന്തി പടര്‍ന്നു പിടിച്ചപ്പോഴും ഇതായിരുന്നു സ്ഥിതിയെന്ന് പൊന്നാനിയിലെ മത്സ്യത്തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."