കട്ടച്ചിറ പള്ളിയില്‍ നാശനഷ്ടമുണ്ടാക്കിയില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ
കോട്ടയം: മാവേലിക്കര ഭദ്രാസനത്തിലെ കട്ടച്ചിറ സെന്റ് മേരീസ് പള്ളിയില്‍ ചിലര്‍ അനധികൃതമായി പ്രവേശിച്ച് നാശനഷ്ടങ്ങള്‍ വരുത്തിവച്ചു എന്ന പാത്രിയാര്‍ക്കീസ് വിഭാഗത്തിന്റെ ആരോപണത്തില്‍ കഴമ്പില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ സുന്നഹദോസ് സെക്രട്ടറി യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ് മെത്രാപ്പോലീത്ത. പള്ളികളില്‍ ഇടവകാംഗങ്ങള്‍ക്കുമാത്രമേ പ്രവേശിച്ചു പ്രാര്‍ഥന നടത്താവൂ എന്ന് നിബന്ധനയില്ല. 1934 ലെ ഭരണഘടന അംഗീകരിക്കുന്ന ഏതു വിശ്വാസിക്കും ഓര്‍ത്തഡോക്‌സ് സഭയുടെ പള്ളികളില്‍ പ്രവേശിക്കുന്നതിന് വിലക്കില്ല. കട്ടച്ചിറ പള്ളിയുടെ ഇടവക രജിസ്റ്റര്‍ പുതിയ വികാരി അധികാരം ഏറ്റശേഷം പുതുക്കുമ്പോള്‍ മാത്രമേ ഇടവകാംഗങ്ങളുടെ പൂര്‍ണ ലിസ്റ്റ് ലഭ്യമാവുകയുള്ളു. അതിനുമുന്‍പ് ഇടവകാംഗങ്ങള്‍ ആരൊക്കെയെന്ന് പ്രവചിക്കുവാന്‍ ശ്രമിക്കുന്നത് നീതിയുക്തമല്ല.
കോടതി അംഗീകരിച്ച വികാരിയുടെ സാന്നിധ്യത്തിലാണ് പള്ളിയില്‍ പ്രവേശിച്ച് പ്രാര്‍ഥന നടത്തിയത്. കോടതിവിധിയനുസരിച്ച് ട്രസ്റ്റിക്ക് ഭരണത്തില്‍ അര്‍ഹമായ പങ്കാളിത്തം ലഭിക്കണമെങ്കില്‍ വികാരിയുമായി അദ്ദേഹം സഹകരിക്കേണ്ടതുണ്ട്. ഹൈക്കോടതി വിധിയുടെ മറവില്‍ ഒരു സമാന്തര ഭരണം സ്ഥാപിക്കുവാനുള്ള ശ്രമം ഒരിക്കലും അനുവദിക്കുകയില്ല. അത് സുപ്രിംകോടതി കര്‍ശനമായി വിലക്കിയിട്ടുള്ളതാണ്. സ്ഥിതിഗതികള്‍ ഇങ്ങനെയായിരിക്കെ, മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രതിച്ഛായ പൊതുസമൂഹത്തിനു മുന്നല്‍ മോശമാക്കുന്നതിനും കോടതി വിധി നടപ്പാക്കാതിരിക്കുന്നതിനുമുള്ള ആസൂത്രിത ശ്രമം ഉണ്ടായിട്ടുള്ളതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."