ബിഹാറില്‍ മഹാസഖ്യം യാഥാര്‍ഥ്യമായി; ആര്‍.ജെ.ഡി - 20 കോണ്‍ഗ്രസ് - 9
പട്‌ന: നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ രൂപംകൊണ്ട മഹാസഖ്യമാതൃകയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബിഹാറില്‍ പ്രതിപക്ഷ ഐക്യമായ മഹാസഖ്യം യാഥാര്‍ഥ്യമായി. കഴിഞ്ഞ മഹാസഖ്യത്തില്‍ ജെ.ഡി.യു ഉണ്ടായിരുന്നെങ്കില്‍ ഇത്തവണ അവരൊഴികെയുള്ളവരെ ചേര്‍ത്താണ് ആര്‍.ജെ.ഡിയുടെ നേതൃത്വത്തില്‍ മഹാസഖ്യം.
40 സീറ്റുകളില്‍ 20 എണ്ണത്തില്‍ ലാലുപ്രസാദ് യാദവിന്റെ ആര്‍.ജെ.ഡി (രാഷ്ട്രീയ ജനതാദള്‍) മത്സരിക്കും. കോണ്‍ഗ്രസിന് ഒന്‍പത് സീറ്റുകളാണ് ധാരണപ്രകാരം ലഭിക്കുക. മുന്‍ ജെ.ഡി.യു നേതാവും ലോക് താന്ത്രിക് ജനതാദള്‍ നേതാവുമായ ശരത് യാദവ് ആര്‍.ജെ.ഡി ചിഹ്നത്തില്‍ ജനവിധി തേടുമെന്നതാണ് ശ്രദ്ധേയമായത്. ആര്‍.ജെ.ഡിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം ഉപയോഗിച്ചാണ് മത്സരിക്കുകയെന്ന് ശരത് യാദവ് തന്നെ വ്യക്തമാക്കി.
ഉപേന്ദ്ര കുശ്്‌വാഹയുടെ ആര്‍.എല്‍.എസ്.പി (രാഷ്ട്രീയ ലോക് സമതാപാര്‍ട്ടി) അഞ്ചു സീറ്റുകളില്‍ മത്സരിക്കും. എന്‍.ഡി.എ ഘടകക്ഷിയായിരുന്ന ആര്‍.എല്‍.എസ്.പി കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് മുന്നണിവിട്ട് പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്നത്. മറ്റു ഘടകകക്ഷികളായ വി.ഐ.പി(വികാശീല്‍ ഇന്‍സാന്‍ പാര്‍ട്ടി)യും മുന്‍മന്ത്രി ജിതന്‍ റാം മാഞ്ചിയുടെ എച്ച്.എ.എം (ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച)യും മൂന്നു സീറ്റുകളില്‍ വീതം മത്സരിക്കും.
കാലിത്തീറ്റ അഴിമതി കേസില്‍ റാഞ്ചി ജയിലിലാണെങ്കിലും സീറ്റ് വിഭജനത്തില്‍ ലാലുപ്രസാദ് യാദവ് നേരിട്ട് ഇടപെട്ടിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തന്നെ എന്‍.ഡി.എയുടെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയിരുന്നു. ബി.ജെ.പിയും ജെ.ഡി.യുവും 17 സീറ്റുകളില്‍ വീതവും രാംവിലാസ് പസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി ആറു സീറ്റുകളിലും മത്സരിക്കുമെന്ന ധാരണയാണ് ഉണ്ടാക്കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."