വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം: പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്
കൊച്ചി: വിദ്യാര്‍ഥിനിയെ തട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ജാമ്യം നേടിയ പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്.പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെന്ന കള്ളവാദം ഉയര്‍ത്തി ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ ജാമ്യം നേടിയത്. ഇത് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ നടപടി.
മരടില്‍ താമസിക്കുന്ന തുറവൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ജനുവരി എട്ടിനാണ് പനങ്ങാട് സ്വദേശി സഫര്‍ ഷാ അറസ്റ്റിലായത്. കുറ്റപത്രം നല്‍കിയിട്ടില്ലെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചപ്പോള്‍ പ്രോസിക്യൂഷനും ഈ വാദം ശരിവെക്കുകയായിരുന്നു.
ഗുരുതരമായ കേസില്‍ കുറ്റപത്രം വൈകിയതിനെതിരെ കോടതി അന്വേഷണ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തുകയും ചെയ്തു. എന്നാല്‍, അന്വേഷണം തുടങ്ങി മൂന്ന് മാസത്തിനുള്ളില്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഈ വിവരം മറച്ചുവെച്ചായിരുന്നു പ്രതിഭാഗം ജാമ്യം നേടിയത്.ഏപ്രില്‍ എട്ടിന് അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സഫര്‍ ഷാ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം തമിഴ്‌നാട് അതിര്‍ത്തിയില്‍ ഉപേക്ഷിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."