ക്രിസ്ത്യന്‍ യുവതിക്ക് ഹിന്ദു വരന്; വിവാഹ നടത്തിപ്പിന് മുസ്ലിം കുടുംബം
കരുനാഗപ്പള്ളി: ക്രിസ്ത്യന്‍ യുവതിക്ക് ഹിന്ദു യുവാവാവ് വരനായപ്പോള്‍ വിവാഹത്തിന്റെ നടത്തിപ്പുകാരായത് മുസ്ലിം കുടുംബവും. ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തില്‍ ഇക്കഴിഞ്ഞ ബുധനാഴ്ച്ചയാണ് കേരളത്തിന്റെ മതേതര മനസ് തുറന്നുകാണിക്കുന്ന വിവാഹം നടന്നത്.
ക്രിസ്ത്യന്‍ യുവതിയായ രമ്യയും ഹിന്ദു യുവാവായ ബിജുവും തമ്മിലുള്ള വിവാഹമാണ് ഓച്ചിറ പരബ്രഹ്മക്ഷേത്രത്തില്‍ മുസ്ലിം കുടുംബം നടത്തികൊടുത്തത്. മാതാപിതാക്കള്‍ നഷ്ടപ്പെട്ട കൊല്ലം തങ്കശേരി സ്വദേശി രമ്യയെ ഏറെക്കാലമായി സംരക്ഷിക്കുന്നത് ഓച്ചിറ സ്വദേശികളായ അഹമ്മദ് കുഞ്ഞ്-ജമീലാ ദമ്പതികളായിരുന്നു. വിവാഹപ്രായം എത്തിയതോടെ കുടുംബം തന്നെ രമ്യക്കായി വരനെയും അന്വേഷിച്ചു.
ക്രിസ്ത്യന്‍ യുവതിയായ രമ്യയെ ജീവിതസഖിയാക്കാന്‍ ഹിന്ദു യുവാവായ ആനയടി സ്വദേശി ബിജു തയാറായതോടെ അഹമ്മദ് കുഞ്ഞ് തന്നെ വിവാഹത്തിനായുള്ള ഒരുക്കങ്ങളും നടത്തി.ബുധനാഴ്ച രാവിലെ 11ന് ഓച്ചിറ പരബ്രഹ്മക്ഷേത്രത്തില്‍ ബിജു രമ്യയുടെ കഴുത്തില്‍ താലി ചാര്‍ത്തി. രമ്യയെ വരന് കൈപിടിച്ച് നല്കിയതും അഹമ്മദ് കുഞ്ഞാണ്. വധൂവരന്മാര്ക്ക് ആശംസകളുമായി ജാതി-മതഭേദമന്യേ നാട്ടുകാരും ക്ഷേത്രത്തില്‍ എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."