സര്‍വിസുകളിലെ മാറ്റം: മലബാറിലേക്കുള്ള രാത്രിയാത്ര ദുരിതത്തിലാക്കി റെയില്‍വേ
തിരുവനന്തപുരം: മലബാര്‍ മേഖലയിലേക്കുള്ള രാത്രിയാത്ര ദുരിതത്തിലാക്കുംവിധം ക്രമീകരണം ഏര്‍പ്പെടുത്തി റെയില്‍വേ. തിരുവനന്തപുരം- മംഗലാപുരം എക്‌സ്പ്രസിന്റെയും തിരുവനന്തപുരം അമൃത രാജ്യറാണി എക്‌സ്പ്രസിന്റെയും സര്‍വിസ് ക്രമീകരണത്തിലുള്ള മാറ്റമാണ് യാത്രക്കാരെ ദുരിതത്തിലാക്കുന്നത്.
രാത്രി 8.45ന് തിരുവനന്തപുരത്ത്‌നിന്ന് പുറപ്പെട്ടിരുന്ന തിരുവനന്തപുരം- മംഗലാപുരം എക്‌സ്പ്രസ് ഏതാനും മാസങ്ങളായി കൊച്ചുവേളിയില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്. കൊച്ചുവേളിയിലേക്ക് ബസ് സര്‍വിസ് കുറവായതിനാല്‍ ഇതില്‍ പോകാനെത്തുന്നവര്‍ ഏഴരയോടെ തിരുവനന്തപുരത്ത് എത്തുന്ന കന്യാകുമാരി- കൊല്ലം മെമു പാസഞ്ചറില്‍ കയറി കൊച്ചുവേളിയില്‍ ഇറങ്ങുകയായിരുന്നു പതിവ്. എന്നാല്‍ ഇനി ഒരു മാസത്തേക്ക് ഈ മെമു സര്‍വിസ് ഉണ്ടാകില്ലെന്നാണ് റെയില്‍വേയുടെ അറിയിപ്പ്.
കന്യാകുമാരി നാഗര്‍കോവില്‍ സെക്ഷനില്‍ ട്രാക്ക് ഉറപ്പിക്കുന്നതാണ് കാരണം. ഇതോടെ മംഗലാപുരം എക്‌സ്പ്രസിനായി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തുന്നവര്‍ നട്ടം തിരിയുകയാണ്. ജൂണ്‍ ആറിനുശേഷം മംഗലാപുരം എക്‌സ്പ്രസ് പഴയപടി തിരുവനന്തപുരത്ത്‌നിന്ന് പുറപ്പെടുമെന്നാണ് റെയില്‍വേ അറിയിച്ചിരിക്കുന്നത്.
അമൃത രാജ്യറാണി എക്‌സ്പ്രസ് ഏതാനും ദിവസങ്ങളായി ഒരു മണിക്കൂര്‍ നേരത്തേ ഒന്‍പത് മണിക്കാണ് പുറപ്പെടുന്നത്. പത്തുമണി കഴിഞ്ഞാല്‍ മലബാര്‍ മേഖലയിലേക്ക് മറ്റു സര്‍വിസുകളൊന്നും ഇല്ലാത്തതിനാല്‍ സമയമാറ്റം അറിയാതെ എത്തുന്നവര്‍ പുലര്‍ച്ചെ മൂന്നരക്കുള്ള ഏറനാട് എക്‌സ്പ്രസിനായി കാത്തിരിക്കേണ്ട സ്ഥിതിയാണ്. അതല്ലെങ്കില്‍ 11.20ന് തിരുവനന്തപുരത്ത് എത്തുന്ന ചെന്നൈ എഗ്‌മോര്‍ ഗുരുവായൂര്‍ എക്‌സ്പ്രസില്‍ കയറി ഇടയില്‍ ഏതെങ്കിലും സ്‌റ്റേഷനില്‍ ഇറങ്ങി മറ്റു മാര്‍ഗങ്ങള്‍ തേടണം.
എറണാകുളം അങ്കമാലി സെക്ഷനില്‍ രാത്രികളിലുണ്ടാകുന്ന ട്രാഫിക് ബ്ലോക്ക് വിലയിരുത്തുന്നതിനാണ് അമൃത രാജ്യറാണിയുടെ സമയത്തില്‍ മാറ്റം വരുത്തിയതെന്നാണ് റെയില്‍വേയുടെ വിശദീകരണം. തൃശൂര്‍ വരെ ഒരു മണിക്കൂര്‍ നേരത്തേ ഓടുകയും അവിടെനിന്ന് സാധാരണ സമയത്തില്‍ സര്‍വിസ് നടത്തും വിധമാണ് ക്രമീകരണം. ഈ മാറ്റം ഏപ്രില്‍ 24വരെ തുടരുമെന്നാണ് റെയില്‍വേ അറിയിച്ചിരിക്കുന്നത്.
മെയ് 9 മുതല്‍ അമൃത രണ്ടാകും
മെയ് ഒന്‍പത് മുതല്‍ അമൃത രാജ്യറാണി എക്‌സ്പ്രസ് രണ്ടായിട്ടായിരിക്കും സര്‍വിസ് നടത്തുന്നത്. ഒരു ട്രെയിന്‍ തിരുവനന്തപുരത്തുനിന്ന് മധുരയിലേക്ക് അമൃത എക്‌സ്പ്രസ് ആയും, രണ്ടാം ട്രെയിന്‍ കൊച്ചുവേളിയില്‍നിന്ന് നിലമ്പൂരിലേക്ക് രാജ്യറാണിയായും സര്‍വിസ് നടത്തും. തിരുവനന്തപുരം- മധുര അമൃത എക്‌സ്പ്രസ് 8.35ന് തിരുവനന്തപുരത്ത്‌നിന്നും തിരുവനന്തപുരം - നിലമ്പൂര്‍ രാജ്യറാണി കൊച്ചുവേളിയില്‍നിന്ന് 8.50നും പുറപ്പെടും.
ഇതോടെ രാത്രി 8.40നുശേഷം മലബാര്‍ മേഖലയിലേക്ക് മറ്റു ട്രെയിനുകളൊന്നും ഇല്ലാത്ത സ്ഥിതിയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."