പരിയാണിക്കും കുടുംബത്തിനും വേണം, സുരക്ഷിതമായൊരു കിടപ്പാടം
മേലാറ്റൂര്‍: മൂന്നുപതിറ്റാണ്ടിന്റെ പഴക്കമുണ്ട് പരിയാണിയുടെ വീടിന്. മഴക്കാലമെത്തിയതോടെ ഭയത്തോടെയാണ് എടപ്പറ്റ പഞ്ചായത്തില്‍ പത്താംവാര്‍ഡ് ചേരിപ്പറമ്പിലെ കാപ്പില്‍ പരിയാണിയും കുടുംബവും ശ്യോച്യാവസ്ഥയിലായ വീട്ടില്‍ അന്തിയുറങ്ങുന്നത്. ഓടുമേഞ്ഞ കൊച്ചുവീട് കഴുക്കോലുകളും പട്ടികയും ദ്രവിച്ച് ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. പലയിടങ്ങളിലും ഓടിളകിയതു കാരണം മഴപെയ്താല്‍ കിടപ്പുമുറിയടക്കം വീടിനുള്ളില്‍ മുഴുവന്‍ വെള്ളം നിറയും. മഴ നയാതിരിക്കാന്‍ വീടിന് മുകളില്‍ പ്ലാസ്റ്റിക്ക് ഷീറ്റിട്ടിട്ടുണ്ടെങ്കിലും കാറ്റടിച്ചാല്‍ ഏതുനിമിഷം വേണമെങ്കിലും പറന്നുപോകാം. ഇതിനുപുറമെ ഷീറ്റിന് സുഷിരങ്ങളും വന്നിട്ടുണ്ട്.
ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് വീടിന്റെ അറ്റകുറ്റപ്പണിക്കായി ആനുകൂല്യം ലഭിച്ചത്. പിന്നീടിതുവരെ ഒരു ആനുകൂല്യവും ലഭിച്ചിട്ടില്ലെന്ന് പരിയാണി പറഞ്ഞു. വീട് പുതുക്കിപ്പണിയാന്‍ നിരവധി തവണ അപേക്ഷ നല്‍കിയെങ്കിലും പഞ്ചായത്തോ മറ്റു ബന്ധപ്പെട്ടവരോ കഞ്ഞിഞ്ഞില്ലെന്നും ഇവര്‍ പറയുന്നു. പരിയാണിയും ഭാര്യ ശാന്തയും രണ്ടുമക്കളും അടങ്ങുന്നതാണ് ഇവരുടെ കുടുംബം. ഭാര്യയും മകന്‍ ഹരിദാസനും കൂലിപ്പണിക്കുപോയിക്കിട്ടുന്ന വരുമാനം കൊണ്ടാണ് ജീവിതം മുന്നോട്ടുനീങ്ങുന്നത്. എസ്.സി കുടുംബമായിട്ടും പഞ്ചായത്തധികൃതരോ മറ്റോ തങ്ങള്‍ക്ക് ആനുകൂല്യം അനുവദിക്കാന്‍ തയ്യാറാകുന്നില്ലെന്നും പരിയാണി പരാതി പറയുന്നു. ഏതാനും ദിവസം മുന്‍പ് കനത്തമഴയില്‍ ചേരിപ്പറമ്പിലെ ഏര്‍ക്കാട്ടിരി പാര്‍വതിയുടെ വീട് തകര്‍ന്നിരുന്നു. ഇതും കുടുംബത്തിന്റെ ഭീതി വര്‍ധിപ്പിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."