മുര്‍ഷിദ് കൊല്ലപ്പെട്ടത് എം.ഒ.എ.ബി ആക്രമണത്തില്‍
കാബൂള്‍/തൃക്കരിപ്പൂര്‍: ഐ.എസില്‍ ചേര്‍ന്നുവെന്ന് സംശയിക്കുന്ന കാസര്‍കോട് സ്വദേശി മുര്‍ഷിദ് കൊല്ലപ്പെട്ടത് കിഴക്കന്‍ നന്‍ഗര്‍ഹാര്‍ പ്രവിശ്യയില്‍ യു.എസ് നടത്തിയ എം.ഒ.എ.ബി ബോംബ് ആക്രമണത്തില്‍. ആച്ചിന്‍ ജില്ലയിലെ ഐ.എസ് ഒളിത്താവളത്തിനു നേരെയാണ് 94 ഐ.എസുകാരുടെ മരണത്തിന് ഇടയാക്കിയ ആക്രമണം നടന്നത്.
സംഭവം പ്രദേശത്തെ ഗ്രോത്രത്തലവന്‍ സ്ഥിരീകരിച്ചതായും കൊല്ലപ്പെട്ടവരുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതായും പ്രവിശ്യാ ഗവര്‍ണര്‍ അതാഉല്ല കൊഗ്്‌യാനിയെ ഉദ്ധരിച്ച് അഫ്ഗാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
വ്യാഴാഴ്ച വൈകിട്ടാണ് ആക്രമണം നടന്നത്. കൊല്ലപ്പെട്ടവരില്‍ മറ്റു മലയാളികളും ഉള്‍പ്പെടുന്നതായാണ് വിവരം. 80 പേര്‍ കൊല്ലപ്പെട്ടുവെന്നും ഇതിലേറെയും വിദേശികളാണെന്നും ഗോത്രത്തലവന്‍ പറഞ്ഞു.
ഗ്രോതവര്‍ഗക്കാര്‍ നല്‍കിയ രഹസ്യവിവരമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് നന്‍ഗര്‍ഹാര്‍ പ്രവിശ്യാ കൗണ്‍സില്‍ സെക്രട്ടറി സബീഉല്ല സമാറായ് പറഞ്ഞു. ഐ.എസ് ഒളിത്താവളങ്ങളെക്കുറിച്ച് ഇവര്‍ നാളുകളായി നിരീക്ഷിച്ച് വിവരം നല്‍കിയിരുന്നു. ആക്രമണ വിവരം നേരത്തെ ലഭിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ ഇവിടെ നിന്ന് ഒഴിഞ്ഞുപോയി. അതിനാല്‍ ആക്രമണത്തില്‍ തദ്ദേശവാസികളാരും കൊല്ലപ്പെട്ടില്ല. പ്രവിശ്യാ, ജില്ലാ കൗണ്‍സിലുകളാണ് ഒളിത്താവളങ്ങളെക്കുറിച്ച് വിവരം കൈമാറിയത്.
ഐ.എസിലേക്ക് പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ടവരെ പാര്‍പ്പിച്ച കേന്ദ്രമാണ് തകര്‍ത്തതെന്ന് സമാറായ് പറഞ്ഞു.
പടന്ന, തൃക്കരിപ്പൂര്‍ മേഖലയില്‍ നിന്ന് പോയവര്‍ അഫ്ഗാനിലെ തോറബോറ മലനിരകളിലെ നങ്കാര്‍ എന്ന സ്ഥലത്താണ് താമസിക്കുന്നത്. ഇവിടെ നിന്ന് 48 കിലോമീറ്റര്‍ ദൂരത്താണ് കഴിഞ്ഞ ദിവസം ബോംബു വര്‍ഷിച്ചതെന്ന് സംഘത്തില്‍ പെട്ട അഷ്ഫാക്ക് ബന്ധുവിന് അയച്ച സന്ദേശത്തില്‍ പറയുന്നു. വീട്ട് സാധനങ്ങള്‍ വാങ്ങാന്‍ പോയപ്പോഴാണ് മുര്‍ഷിദ് കൊല്ലപ്പെട്ടതെന്നാണ് വിവരം. പടന്നയില്‍ നിന്നു കഴിഞ്ഞ വര്‍ഷം ദുരുഹസാഹചര്യത്തില്‍ ഐ.എസിലേക്ക് പോയവരില്‍ ഒരാളാണ് മുര്‍ഷിദ്. 2016 ജൂണ്‍ രണ്ടിന് ദുബൈയില്‍ നിന്നു നാട്ടിലേക്കെന്ന് പറഞ്ഞ് പുറപ്പെട്ട മുര്‍ഷിദ് മുബൈയില്‍ നിന്നാണ് ഐ.എസ് സംഘത്തിനൊപ്പം ചേര്‍ന്നത്.
ഇവരോടപ്പം പോയ പടന്നയിലെ ഹഫീസുദ്ദീന്‍ കഴിഞ്ഞ ജനുവരി 27ന് അഫ്ഗാനില്‍ കൊല്ലപെട്ടിരുന്നു.
2016 മെയ് 25 മുതല്‍ ജൂണ്‍ 20 വരെയുള്ള കാലയളവില്‍ ശ്രീലങ്കയിലേക്ക് ബിസിനസ് ആവശ്യാര്‍ഥം പോകുന്നു എന്ന് പറഞ്ഞ് വീടുവിട്ടവരാണ് ഐ.എസ് ഭീകരസംഘടനകളുടെ വക്താക്കളായത്.
ജി.ബി.യു-43: ബോംബുകളുടെ മാതാവ്
അമേരിക്ക ബോംബുകളുടെ മാതാവ് എന്ന ജി.ബി.യു-43 ബോംബ് മാസീവ് ഓര്‍ഡനന്‍സ് എയര്‍ ബ്ലാസ്റ്റ് (എം.ഒ.എ.ബി) എന്നറിയപ്പെടുന്നു.
21,600 പൗണ്ട് (9797 കി.ഗ്രാം) ഭാരമുള്ള ബോംബിനെ ജി.പി.എസ് നിയന്ത്രിക്കുന്നതിനാല്‍ ലക്ഷ്യത്തില്‍ ചെന്ന് പൊട്ടുന്നു. 11 ടണ്‍ ടി.എന്‍.ടിക്ക് തുല്യമാണ് ഇതിന്റെ പ്രഹരശേഷി. എം.സി-130 വിമാനമാണ് ബോംബ് വര്‍ഷിച്ചത്.
ഇതു രണ്ടാം തവണയാണ് അമേരിക്ക ജി.ബി.യു-43 ഉപയോഗിക്കുന്നത്. യു.എസ് സൈന്യത്തിലെ ആല്‍ബര്‍ട് വെയ്‌മോര്‍ട്‌സ് ആണ് 2003 ല്‍ ബോംബ് വികസിപ്പിച്ചത്.
2003 ഇറാഖ് യുദ്ധത്തിലാണ് ഇത് ആദ്യമായി ഉപയോഗിച്ചത്. ജി.ബി.യുവിനെ വെല്ലുന്ന ബോംബ് റഷ്യ വികസിപ്പിക്കുന്നുണ്ട്.
എല്ലാ ബോംബുകളുടെയും പിതാവ് എന്നറിയപ്പെടുന്ന ഇതിന് എം.ഒ.എ.ബിയേക്കാള്‍ നാലിരട്ടി പ്രഹരശേഷിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."