കാസര്‍കോട് നഗരസഭാ യോഗം: 329 പദ്ധതികള്‍ക്ക് സാമ്പത്തിക അനുമതി
കാസര്‍കോട്: 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ടതും വെറ്റിങ് പൂര്‍ത്തിയായതുമായ 329 പദ്ധതികള്‍ക്ക് ഇന്നലെ ചേര്‍ന്ന കാസര്‍കോട് നഗരസഭാ യോഗം സാമ്പത്തിക അനുമതി നല്‍കി. ചെയര്‍പേഴ്‌സന്‍ ബീഫാത്തിമ ഇബ്രാഹിമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സാമ്പത്തിക അനുമതി നല്‍കിയത്.
നഗരസഭയിലെ നിര്‍ധന കുടുംബത്തിലെ വനിതകള്‍ക്ക് വിവാഹ ധനസഹായം അനുവദിക്കുന്നതിന് മൂന്ന് ലക്ഷം, ഹോമിയോ ഡിസ്‌പെന്‍സറികള്‍ക്ക് മരുന്ന് വാങ്ങുന്നതിന് രണ്ട് ലക്ഷം, പട്ടികജാതി കുടുംബങ്ങള്‍ക്ക് വീട് നിര്‍മാണത്തിന് ധനസാഹയത്തിന് 12 ലക്ഷം, പട്ടികജാതി കുടുംബങ്ങളുടെ ഭവന പുനരുദ്ധാരണത്തിന് മൂന്ന് ലക്ഷം തുടങ്ങി നിരവധി പദ്ധതികള്‍ക്കാണ് സാമ്പത്തിക അനുമതി നല്‍കിയത്.
നിരവധി റോഡുകളുടെ പുനരുദ്ധാരണം, മാലിന്യ നിര്‍മാര്‍ജനം, വിദ്യാഭ്യാസ മേഖലയിലെ തുടര്‍ പദ്ധതികള്‍, നിരവധി റോഡുകളുടെ കോണ്‍ക്രീറ്റ് എന്നിവക്കും തുക നീക്കിവച്ചിട്ടുണ്ട്. ഓവുചാലുകളുടെ നവീകരണത്തിനും തോടുകളുടെ സംരക്ഷണത്തിനുമുള്ള പദ്ധതികള്‍ക്കും സാമ്പത്തിക അനുമതിയായി.
കുടുംബശ്രീ സംരഭകര്‍ക്ക് സ്വയംതൊഴില്‍ സംരഭ പദ്ധതിയിലൂടെ അനുബന്ധ സൗകര്യങ്ങള്‍, സാധനങ്ങള്‍ എന്നിവ വാങ്ങുന്നതിനായി ഉണ്ടാക്കിയ 10.75 ലക്ഷത്തിന്റെ പദ്ധതിക്കും നഗരസഭയുടെ വിവിധ വാര്‍ഡുകളില്‍ കുടിവെള്ളം ലഭ്യമാക്കുന്നതിനായുള്ള 35 ലക്ഷത്തിന്റെ പദ്ധതിക്കും സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനായുള്ള 17 ലക്ഷത്തിന്റെ പദ്ധതിക്കും നഗരസഭാ യോഗം സാമ്പത്തികാനുമതി നല്‍കി.
തളങ്കര പടിഞ്ഞാര്‍ പാര്‍ക്ക് നവീകരണത്തിന് തയാറാക്കിയ 10 ലക്ഷത്തിന്റെയും പൊയക്കര പാര്‍ക്ക് നിര്‍മാണത്തിന്റെ രണ്ടാംഘട്ടം പൂര്‍ത്തിയാക്കുന്നതിനുള്ള ഒന്നര ലക്ഷത്തിന്റെ പദ്ധതികള്‍ക്കും സാങ്കേതികാനുമതി നല്‍കി.
നഗരസഭയില്‍ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഓവുചാലുകള്‍ വൃത്തിയാക്കുന്ന പ്രവൃത്തികളുടെയും എസ്റ്റിമേറ്റുകളും യോഗം അംഗീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."