എയര്‍ ഇന്ത്യയുടെ കരിപ്പൂര്‍-ജിദ്ദ സര്‍വിസ് മെയ് മുതല്‍
കൊണ്ടോട്ടി: നാലുവര്‍ഷം മുന്‍പ് നിര്‍ത്തലാക്കിയ കരിപ്പൂര്‍ - ജിദ്ദ എയര്‍ഇന്ത്യ വിമാന സര്‍വിസുകള്‍ മെയ് മൂന്ന് മുതല്‍ പുനരാരംഭിക്കുന്നു. എയര്‍പോര്‍ട്ട് അതോറിറ്റിയും എയര്‍ഇന്ത്യയും സംയുക്തമായി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് ഡി.ജി.സി.എ അനുമതി നല്‍കിയതോടെയാണിത്.
ആദ്യത്തില്‍ കോഡ് - സി വിഭാഗത്തിലുള്ള നിയോ ശ്രേണിയില്‍പെട്ട ഇടത്തരം വിമാനങ്ങളാണ് ജിദ്ദ സര്‍വിസിന് ഉപയോഗിക്കുക. പിന്നീട് ജംബോ 747 അടക്കം കോഡ് ഇ വിഭാഗത്തിലുള്ള വലിയ വിമാനങ്ങള്‍ സര്‍വിസിനെത്തിക്കും. 2015 ഏപ്രില്‍ 30ന് കരിപ്പൂരില്‍ റണ്‍വേ റീ-കാര്‍പ്പറ്റിങ് തുടങ്ങിയതോടെയാണ് വലിയ വിമാനങ്ങളുടെ ജിദ്ദ, റിയാദ് സര്‍വിസുകള്‍ എയര്‍ഇന്ത്യ പിന്‍വലിച്ചത്. റണ്‍വേ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചെങ്കിലും പിന്നീട് സര്‍വിസ് പുനരാരംഭിക്കാനായിരുന്നില്ല. 2015ല്‍ പിന്‍വലിച്ച ജിദ്ദ സര്‍വിസ് സഊദി എയര്‍ലൈന്‍സ് ഡിസംബര്‍ അഞ്ച് മുതല്‍ പുനരാരംഭിച്ചിട്ടുണ്ട്.
തിങ്കള്‍, ബുധന്‍, ശനി ദിവസങ്ങളില്‍ കരിപ്പൂരില്‍നിന്ന് രാത്രി 12.05ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ മൂന്ന് മണിക്ക് ജിദ്ദയില്‍ എത്തും. പിന്നീട് 5 മണിക്ക് ജിദ്ദയില്‍നിന്ന് പുറപ്പെടുന്ന വിമാനം ഉച്ചക്ക് ഒരു മണിക്ക് കരിപ്പൂരിലെത്തും. ചൊവ്വ, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 5 മണിക്ക് കരിപ്പൂരില്‍നിന്നും പുറപ്പെടുന്ന എയര്‍ ഇന്ത്യ വിമാനം രാവിലെ 8 മണിക്ക് ജിദ്ദയില്‍ എത്തും.
ഡി.ജി.സി.എക്ക് രണ്ട് മാസം മുന്‍പ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് വേനല്‍ക്കാല ഷെഡ്യൂളില്‍ ജിദ്ദ സര്‍വിസ്് തുടങ്ങുവാന്‍ ഡി.ജി.സി.എ അനുമതി നല്‍കിയത്. ജംബോ 747 അടക്കമുള്ള കോഡ് ഇ വിഭാഗത്തിലുള്ള വലിയ വിമാനങ്ങള്‍ക്ക് അനുമതിയാകും വരെ നിയോ ശ്രേണിയില്‍പെട്ട വിമാനങ്ങള്‍ ഉപയോഗിച്ച് സര്‍വിസ് നടത്താനാണ് തീരുമാനം. വലിയ വിമാനങ്ങള്‍ക്ക് അനുമതി ലഭ്യമാകുന്നതോടെ കരിപ്പൂര്‍-ജിദ്ദ, കരിപ്പൂര്‍-റിയാദ് സര്‍വിസ് കോഡ് ഇ വിഭാഗത്തിലേക്ക് മാറ്റും. കോഡ് സി വിമാനങ്ങള്‍ കൊണ്ട് സര്‍വിസ് നടത്തുക ലാഭകരമല്ലാത്തതിനാലാണ് എയര്‍ഇന്ത്യ വലിയ വിമാനങ്ങള്‍ക്ക് ശ്രമിക്കുന്നത്.
ഇടത്തരം വിമാനങ്ങള്‍ ഉപയോഗിച്ച് ജിദ്ദയിലേക്ക് സര്‍വിസിനുള്ള ശ്രമങ്ങള്‍ സൈപസ്ജറ്റ്, ഇന്‍ഡിഗോ എന്നിവ ആരംഭിച്ചിട്ടുണ്ട്. പുതിയ ഷെഡ്യൂളില്‍ ബംഗളൂരു, ഹൈദരബാദ്, ഡല്‍ഹി ആഭ്യന്തര സര്‍വിസുകളും കരിപ്പൂരില്‍ നിന്ന് തുടങ്ങും.
കാര്‍ പാര്‍ക്കിങ്: നിലവിലെ സ്ഥിതി തുടരും
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വാഹന പാര്‍ക്കിങ്ങിന് ഏപ്രിലിലും നിലവിലെ സ്ഥിതി തുടരുമെന്ന് എയര്‍പോര്‍ട്ട് ഡയരക്ടര്‍ കെ. ശ്രീനിവാസ റാവു പറഞ്ഞു.
ഇന്ത്യയില്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കീഴിലുള്ള മുഴുവന്‍ വിമാനത്താവളങ്ങളിലും കാര്‍പാര്‍ക്കിങ് ടെന്‍ഡര്‍ പരിഷ്‌കരണം നടപ്പാക്കാനുള്ള ശ്രമം നടത്തിവരികയാണ്. ഇത് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ആറ് മാസത്തിനുശേഷം മാത്രമേയുണ്ടാകുകയുള്ളൂവെന്ന് എയര്‍പോര്‍ട്ട് ഡയരക്ടര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
കരിപ്പൂരില്‍ ടെര്‍മിനലിനു മുന്നില്‍ യാത്രക്കാരെ കയറ്റുന്നതിനും ഇറക്കുന്നതിനും മൂന്ന് മിനുട്ട് അനുവദിക്കുന്നതടക്കമുള്ള നടപടികള്‍ പുതിയ ടെന്‍ഡറില്‍ ഉള്‍പ്പെടുത്തി പരിഷ്‌കരിക്കും. ടെര്‍മിനലിനു മുന്നിലെ അനധികൃത പാര്‍ക്കിങ് ഒഴിവാക്കുന്നതിനാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."