ഗുജറാത്തില്‍ കണ്ടെത്തിയ അസ്ഥികൂടങ്ങള്‍ പരിശോധനകള്‍ക്ക് വിധേയമാക്കും
കുറ്റിപ്പുറം: ഗുജറാത്തിലെ കച്ച് ജില്ലയില്‍ കേരള സര്‍വകലാശാലയുടെ ഗവേഷകര്‍ നടത്തിയ ഉത്ഖനനത്തില്‍ കണ്ടെടുത്ത അസ്ഥികൂടങ്ങള്‍ വിശദമായ പഠനങ്ങള്‍ക്കും പരിശോധനകള്‍ക്കും വിധേയമാക്കാന്‍ തീരുമാനം. കച്ച് ജില്ലയിലെ ലാഖ്പത് താലൂക്കിലെ ഖട്ടിയ ഗ്രാമത്തില്‍ ഹേളി ഹാരപ്പന്‍ സംസ്‌കാരവുമായി ബന്ധപ്പെട്ടു കിടക്കുന്ന ജുനാ-ഖട്ടിയ എന്ന സ്ഥലത്ത് ഗവേഷകര്‍ നടത്തിയ പരിശോധനയിലാണ് കുട്ടികളുടേത് അടക്കമുള്ള നിരവധി കുഴിമാടങ്ങളും അസ്ഥികളും കണ്ടെത്തിയിരുന്നത്. സിന്ധുനദി തട സംസ്‌കാര കാലഘട്ടത്തിലെ 5000വര്‍ഷം പഴക്കമുള്ള മനുഷ്യാസ്ഥികളാണ് ശവക്കല്ലറകളില്‍നിന്നും ഒന്നര മാസം നീണ്ടുനിന്ന ഖനനത്തില്‍ കണ്ടെത്തിയത്.
കണ്ടെടുത്ത അസ്ഥികൂടങ്ങള്‍ ഇന്ത്യയിലെ വിവിധ ലബോട്ടറികളില്‍ പരിശോധനകള്‍ക്ക് വിധേയമാക്കാനാണ് ഗവേഷക സംഘത്തിന്റെ തീരുമാനം.
കൂടുതല്‍ പഠനങ്ങള്‍ നടത്തുക വഴി മരിച്ചവരുടെ പ്രായം, മരണകാരണങ്ങള്‍, രോഗങ്ങള്‍, ചികിത്സാരീതികള്‍, ലിംഗ നിര്‍ണയം, ഡി.എന്‍.എയുടെ സവിശേഷതകള്‍ എന്നിവ കണ്ടെത്താനാകുമെന്നാണ് ഗവേഷകരുടെ നിഗമനം. ഖനനത്തില്‍ ഒരു കുഴിമാടത്തില്‍നിന്നും ലഭിച്ച പൂര്‍ണ രൂപത്തിലുള്ള അസ്ഥികുടം വഡോദരി എം.എസ് യൂനിവേഴ്‌സിറ്റിയിലെ ശ്രീകാന്തി പര്‍മാറിന്റെ നേതൃത്വത്തില്‍ പ്ലാസ്റ്റര്‍ ഓഫ് പാരീസ് കൊണ്ട് ചട്ടകൂട് നിര്‍മിച്ചു അതില്‍ സൂക്ഷിച്ചുവെക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഇത് കേരള സര്‍വകലാശാലയുടെ ആര്‍ക്കിയോളജി മ്യൂസിയത്തിന് കൈമാറാനുള്ള നടപടികളും പുരോഗമിക്കുന്നു.
250 ഓളം ശവക്കല്ലറകളാണ് ജുനാ-ഖട്ടിയയില്‍ കണ്ടെത്തിയത്. ഇതില്‍ 26 കുഴിമാടങ്ങളിലാണ് ഉത്ഖനനം നടത്തിയത്. മൃതദേഹങ്ങള്‍ക്കൊപ്പം അടക്കം ചെയ്ത മണ്‍പാത്രങ്ങളും, ശംഖിലുള്ള വളകള്‍, കല്ലിലുള്ള ആയുധങ്ങളും മറ്റു നിരവധി ചരിത്രാവശിഷ്ടങ്ങളും ശവക്കല്ലറകളില്‍നിന്നും ലഭിച്ചവയില്‍ ഉള്‍പ്പെടുന്നു. കണ്ടെടുത്ത ശവക്കല്ലറകളില്‍ ഏറ്റവും വലുത് 6.9 മീറ്റര്‍ നീളമുള്ളതും ചെറുത് 1.2 മീറ്ററുമാണ്. ഹേളി ഹാരപ്പന്‍ സംസ്‌കാരവുമായി ബന്ധപ്പെട്ട ശവക്കല്ലറകള്‍ ആദ്യമായാണ് ഗുജറാത്തില്‍ കണ്ടെത്തുന്നത്.
കേരള സര്‍വകലാശാല ആര്‍ക്കിയോളജി വകുപ്പിലെ ഡോ. എസ്.വി രാജേഷ്, ഡോ. ജി.എസ് അഭയന്‍, ഡോ. ഭാനു പ്രകാശ് ശര്‍മയും കച്ച് യൂനിവേഴ്‌സിറ്റിയിലെ ജയ്പാല്‍ സിംഗ് ജഡേജ, ഡോ. സുഭാഷ് ഭണ്ഡാരി, ഹേത് ജോഷിയുടെയും നേതൃത്വത്തിലുള്ള 47 ഓളം പേരടങ്ങുന്ന സംഘമാണ് ഉത്ഖനനം നടത്തിയത്. ഗവേഷണ സംഘത്തില്‍ കേരള സര്‍വകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളുമുണ്ടായിരുന്നു.
ഹേളി ഹാരപ്പന്‍ സംസ്‌കാരവുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ ആദ്യമായിട്ടാണ് തെക്കേന്ത്യയിലെ ഒരു സര്‍വകലാശാല ഖനനം നടത്തിയത്.
2016ല്‍ കച്ച് ജില്ലയിലെ ഗ്രാമങ്ങളില്‍ കേരള സര്‍വകലാശാല ഗവേഷകര്‍ ഖട്ടിയ സര്‍പഞ്ച് നാരായണന്‍ ഭായ് ജജാണിയുടെ സഹായത്തോടെ നടത്തിയ പര്യവേഷണത്തിലാണ് ഹാരപ്പന്‍ സംസ്‌കാരം കൊണ്ട് സമ്പന്നമായ ജുനാ-ഖാട്ടിയ എന്ന ഗ്രാമം കണ്ടെത്തുന്നത്. തുടര്‍ന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ അനുമതിയോടെ ജനുവരിയിലാണ് ഖനന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."