കെ. മുരളീധരനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞു
പേരാമ്പ്ര: തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായി പേരാമ്പ്ര സി.കെ.ജി.എം ഗവ. കോളജില്‍ എത്തിയ വടകര മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുളീധരനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. പേരാമ്പ്രയിലെ വിവിധ ഭാഗങ്ങളില്‍ വോട്ടര്‍മാരെ കണ്ട് വോട്ടഭ്യര്‍ഥിച്ചശേഷം വൈകിട്ട് മൂന്നോടെ സി.കെ.ജി.എം ഗവ. കോളജില്‍ എത്തിയപ്പോഴാണ് എസ്.എഫ്.ഐക്കാര്‍ പ്രശ്‌നമുണ്ടാക്കിയത്.
കോളജിന്റെ മുറ്റത്ത് വിദ്യാര്‍ഥികള്‍ക്കൊപ്പം സെല്‍ഫിയെടുത്തശേഷം യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കും കെ.എസ്.യു പ്രവര്‍ത്തകരോടുമൊത്ത് കോളജിലേക്ക് പ്രവേശിക്കുന്നതിനിടെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഗേറ്റ് അടക്കുകയും അകത്തുനിന്ന് മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. കൂടെയുള്ളവര്‍ ഇടപെട്ട് ഗേറ്റ് തുറന്ന് മുരളീധരന്‍ കോളജിന്റെ ഇടനാഴിയില്‍ പ്രവേശിച്ചെങ്കിലും എസ്.എഫ്.ഐക്കാര്‍ ഗോവണിയില്‍ തടസമായി നിന്ന് ജയരാജന് അനുകൂലമായി മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന് കെ.എസ്.യു പ്രവര്‍ത്തകരും മുദ്രാവാക്യം വിളി തുടങ്ങി. എന്നാല്‍, സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെ സ്ഥാനാര്‍ഥി തിരിച്ചുപോവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."