ഖത്തറിലെ ഉത്തേജകമരുന്ന് പരിശോധന ലാബിനുള്ള അന്താരാഷ്ട്ര നോരോധനം നീങ്ങി
ദോഹ: കായിക താരങ്ങള്‍ ഉത്തേജക മരുന്ന് കഴിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള ഖത്തറിലെ ലബോറട്ടറിക്ക് അന്താരാഷ്ട്ര ഏജന്‍സി ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീങ്ങി. അന്താരാഷ്ട്ര ഗുണനിലവാരം പാലിച്ചില്ലെന്ന് ആരോപിച്ച് ആന്റി ഡോപ്പിങ് ലാബ് ഖത്തറിന് (എഡിഎല്‍ക്യു) നവംബറിലാണ് അഞ്ച് മാസത്തെ സസ്‌പെന്‍ഷന്‍ ഏര്‍പ്പെടുത്തിയത്.
ലബോറട്ടറി അതിന്റെ ന്യൂനതകള്‍ പരിഹരിച്ചതായി ഉറപ്പ് കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് തുടര്‍ പ്രവര്‍ത്തനത്തിന് അനുമതി നല്‍കുന്നതെന്ന് വേള്‍ഡ് ആന്റി ഡോപ്പിങ് ഏജന്‍സി(വഡ) അറിയിച്ചു.
ഉന്നത നിലവാരം ഉറപ്പു വരുത്തുന്നതിന് ലാബിന്റെ മേലുള്ള നിരീക്ഷണം തുടരുമെന്നും വഡ അറിയിച്ചു. ഐ.എ.എ.എഫ് ഡയമണ്ട് ലീഗിന്റെ പുതിയ സീസണിന് ആതിഥ്യം അരുളാന്‍ ഖത്തര്‍ ഒരുങ്ങി നില്‍ക്കേയാണ് പ്രഖ്യാപനം വന്നിരിക്കുന്നത്.
2012ല്‍ തുറന്ന ഖത്തര്‍ ലാബില്‍ ഗള്‍ഫിലെയും പശ്ചിമേഷ്യയിലെയും താരങ്ങള്‍ക്ക് മല്‍സര വേളയിലും പരിശീലനത്തിനിടയിലുമൊക്കെ ഉത്തേജക മരുന്ന് പരിശോധന നടത്താറുണ്ട്. കായിക താരങ്ങള്‍ക്ക് ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുകയും അതുവഴി കായിക മേഖലയില്‍ ഉത്തേജ മരുന്നുകളുടെ ഉപയോഗം ഇല്ലാതാക്കുകയും ചെയ്യുക എന്നതും ലാബിന്റെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു.
ലോക നിലവാരം പുലര്‍ത്താത്തതിനാല്‍ കഴിഞ്ഞ വര്‍ഷം വഡയുടെ അക്രഡിറ്റേഷനുള്ള അഞ്ച് കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടപ്പിച്ചിരുന്നു. നിബന്ധനകള്‍ പാലിക്കാന്‍ തയ്യാറാവാത്തതിനാല്‍ കൊളംബിയ, കസാക്കിസ്താന്‍, മെക്‌സിക്കോ, പോര്‍ച്ചുഗല്‍, മാഡ്രിഡ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെ ആറ് കേന്ദ്രങ്ങള്‍ സ്ഥിരമായി അടച്ചുപൂട്ടുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."