കുട്ടിയെ ഹോംനഴ്‌സിനെ ഏല്‍പിച്ചു രക്ഷിതാക്കള്‍ മുങ്ങിയ സംഭവം മനുഷ്യാവകാശ കമ്മീഷന്‍ നേരിട്ട് അന്വേഷിക്കും
മലപ്പുറം: പ്രസവം കഴിഞ്ഞ് കൈക്കുഞ്ഞിനെ ഹോംനഴ്‌സിന്റെ കൈയിലേല്‍പിച്ച് മാതാപിതാക്കള്‍ മുങ്ങിയ സംഭവം നേരിട്ട് അന്വേഷിക്കുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ഏറെ ദുരൂഹതയുള്ള സംഭവത്തില്‍ പൊലിസ് അന്വേഷണം തൃപ്തികരമല്ലെന്ന പരാതിയെത്തുടര്‍ന്നാണ് അന്വേഷണം ഏറ്റെടുത്തിരിക്കുന്നതെന്ന് മലപ്പുറം ഗസ്റ്റ് ഹൗസ് സമ്മേളന ഹാളില്‍ നടന്ന സിറ്റിങ്ങിനു ശേഷം കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. കരുവാരക്കുണ്ട് കുട്ടണി സ്വദേശിനിയായ ഹോംനഴ്‌സിന്റെ പരാതിയിലാണ് നടപടി. കഴിഞ്ഞ നവംബറിലാണ് കേസിനാസ്പദമായ സംഭവം. മലപ്പുറം തിരുനാവായ സ്വദേശിയായ യുവാവിനും കോഴിക്കോട് ഉള്ള്യേരി സ്വദേശിനിയായ യുവതിക്കും പിറന്ന കുട്ടിയെ പരിചരിക്കാനാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് തന്നെ വിളിച്ചതെന്ന് പരാതിക്കാരി പറയുന്നു. നഗരത്തിലെ പ്രമുഖ ഫ്‌ളാറ്റിലേക്ക് പിന്നീട് താമസം മാറുകയു ചെയ്തു. രക്ഷിതാക്കള്‍ക്കൊപ്പം വക്കീലെന്ന് പരിചയപ്പെടുത്തിയ മറ്റൊരാളുമുണ്ടായിരുന്നുവെന്ന് പരാതിക്കാരി പറയുന്നു.
പ്രസവിച്ച ആദ്യ നാല് ദിവസം പിതാവായ തിരുനാവായ സ്വദേശി ഫ്‌ളാറ്റിലെത്തിയിരുന്നു. പിന്നീട് ഫ്‌ളാറ്റില്‍ വന്നില്ല. 40 ദിവസമായിരുന്നു പരിചരണ ചുമതല. എന്നാല്‍ കരാര്‍ തിയതി കഴിഞ്ഞെങ്കിലും 60 ദിവസം വരെ കൂടെ നില്‍ക്കണമെന്നും പണം എത്രവേണമെങ്കിലും തരാമെന്നും കുട്ടിയുടെ മാതാവ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് 25000 രൂപക്ക് കരാര്‍ ഉറപ്പിച്ചു. പറഞ്ഞുറപ്പിച്ച 60 ദിവസം കഴിഞ്ഞ ശേഷം യുവതിക്കൊപ്പം പരാതിക്കാരിയും ഫ്‌ളാറ്റ് വിട്ട് കരുവാരകുണ്ടിലെത്തി. തുടര്‍ന്ന് ഉടന്‍ വരാമെന്ന് പറഞ്ഞ കുട്ടിയുടെ മാതാവോ മറ്റു ബന്ധപ്പെട്ടവരോ പിന്നീട് തിരികെ വന്നില്ലെന്നാണ് പരാതി. പറഞ്ഞുറപ്പിച്ച തുക തന്നില്ലെന്നു മാത്രമല്ല, കുട്ടിക്കാവശ്യമായ പോഷകാഹരത്തിനുള്ള പണം പോലും രക്ഷിതാക്കള്‍ നല്‍കിയിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് കരുവാരകുണ്ട് പൊലിസില്‍ പരാതി നല്‍കിയത്. ശിശു സംരക്ഷണ കേന്ദ്രത്തിലാണ് ഇപ്പോള്‍ കുട്ടിയുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."