ഹൈടെക് എ.ടി.എം കവര്‍ച്ച: ഒരു പ്രതികൂടി പിടിയില്‍
തിരുവനന്തപുരം: ഹൈടെക് എ.ടി.എം കവര്‍ച്ചാ കേസില്‍ വിദേശത്തേക്കു കടന്ന ഒരു പ്രതികൂടി കെനിയയില്‍ വച്ച് പിടിയിലായി. ആറാം പ്രതി റുമേനിയന്‍ സ്വദേശിയായ അലക്സാണ്ടര്‍ മാരിയാനോയാണ് കെനിയയില്‍ പിടിയിലായത്. ആറു പ്രതികളുള്ള കേസിലെ രാജ്യാന്തര കൊള്ളസംഘത്തിലെ ഗബ്രിയേല്‍ മരിയന്‍ ഇലിയെ (27) നേരത്തെ കേരളാ പൊലിസ് പിടികൂടിയിരുന്നു. കേസിലെ മറ്റു പ്രതികളായ ക്രിസ്റ്റ്യന്‍ വിക്ടര്‍, ബോഗ്ദീന്‍ ഫ്ളോറിയന്‍ തുടങ്ങി മറ്റു നാലുപേര്‍ക്ക് വേണ്ടിയുള്ള അന്വേഷണം അന്താരാഷ്ട്ര തലത്തില്‍ നടന്നുവരികയാണ്. ഒളിവില്‍ കഴിയുന്ന പ്രതികളെ കണ്ടെത്താനായി ഇന്റര്‍പോള്‍ സഹായത്തോടെ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് മാരിയാനോവിനെ അറസ്റ്റ് ചെയ്തത്.
കെനിയയിലെ വിമാനത്താവളത്തില്‍ ഇറങ്ങിയ മാരിയാനോവിനെ ഇന്റര്‍പോളിന്റെ സഹായത്തോടെ കെനിയന്‍ പൊലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ വിട്ടുകിട്ടാനുള്ള പ്രൊഡക്ഷന്‍ വാറന്‍ഡും മറ്റും ഇന്റര്‍പോള്‍ മുഖാന്തിരം കൈമാറിയ ശേഷം അവിടെ നിന്ന് അനുമതി ലഭിക്കുന്നതിനനുസരിച്ച് ഐ.ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കെനിയയിലെത്തി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കേരളത്തിലെത്തിച്ച് കൂടുതല്‍ അന്വേഷണം നടത്തും. വിനോദ സഞ്ചാരികളെന്ന വ്യാജേന തലസ്ഥാനത്തെത്തിയ പ്രതികള്‍ തിരുവനന്തപുരം നഗരമധ്യത്തിലെ എ.ടി.എമ്മുകളിലാണ് പ്രത്യേകതരം ഉപകരണം സ്ഥാപിച്ച് തട്ടിപ്പ് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."