ഉത്ര വധക്കേസില്‍ സൂരജിന്റെ പിതാവ് അറസ്റ്റില്‍, നിര്‍ണായകമായത് പിതാവിനെല്ലാം അറിയാമായിരുന്നുവെന്ന സൂരജിന്റെ മൊഴി
കൊല്ലം: ഉത്ര വധക്കേസില്‍ കേസില്‍ പുതിയ വഴിത്തിരിവ്. കേസില്‍ പ്രതിയായ സൂരജിന്റെ പിതാവിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനെത്തുടര്‍ന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ അറസ്റ്റ് രേഖപ്പെടുത്തിയത്. മരിച്ച ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ സൂരജിന്റെ വീട്ടില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയതോടെയാണ് അറസ്റ്റിലേക്കു നീണ്ടത്. സൂരജിന്റെ അമ്മയെയും സഹോദരിയെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പ്ലാനുണ്ട്.
സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനാണ് സ്വര്‍ണം കുഴിച്ചിട്ട സ്ഥലം അന്വേഷണ സംഘത്തിന് കാണിച്ച് കൊടുത്തത്.വീടിന് സമീപത്ത് രണ്ടിടങ്ങളിലായാണ് സ്വര്‍ണം കുഴിച്ചിട്ടിരുന്നത്. അച്ഛനാണ് ഈ സ്വര്‍ണാഭരണങ്ങള്‍ പൊലീസിനെ കാണിച്ചുകൊടുത്തത്.
പിതാവിനെ എല്ലാം അറിയാമായിരുന്നുവെന്ന് സൂരജ് അന്വേഷണ സംഘത്തിനു മൊഴിനല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്തത്. കൊലപാതകത്തിന് മുന്‍പ് ലോക്കറില്‍ നിന്നെടുത്ത സ്വര്‍ണമാണ് ഇന്ന് കണ്ടെടുത്തതെന്നാണ് സൂചന. സൂരജിന്റെ കുടുംബത്തിന് മരണത്തില്‍ പങ്കുണ്ടെന്ന ഉത്രയുടെ കുടുംബത്തിന്റെ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നു കൂടിയാണ് വ്യക്തമാകുന്നത്.
ക്രൈംബ്രാഞ്ച് സംഘം ഇന്ന് സൂരജിന്റെ അടൂരിലെ വീട്ടില്‍ എത്തി തെളിവെടുപ്പ് നടത്തിയിരുന്നു. കേസില്‍ ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തിയത്. ഫോറന്‍സിക്, റവന്യു സംഘങ്ങളും ക്രൈംബ്രാഞ്ചിനൊപ്പം ഉണ്ടായിരുന്നു.
സൂരജും ഉത്രയും താമസിച്ചിരുന്ന കിടപ്പുമുറി, ഉത്ര പാമ്പിനെ കണ്ട സ്റ്റെയര്‍കെയ്‌സ്, ടെറസ്, പാമ്പിനെ സൂക്ഷിച്ച വീടിന്റെപുറക് വശം എന്നിവിടങ്ങളില്ലെല്ലാം സംഘം പരിശോധന നടത്തി. സൂരജിന്റെ അമ്മ രേണുക, സഹോദരി സൂര്യ എന്നിവരില്‍ നിന്നും വിശദാംശങ്ങള്‍ തേടിയിരുന്നു. അടൂരിലെ സ്വര്‍ണം സൂക്ഷിച്ചിരുന്ന ദേശസാത്കൃത ബാങ്ക് ലോക്കറും നേരത്തെ തുറന്ന് പരിശോധിച്ചിരുന്നു. സൂരജിന്റെ പിതാവിന്റെ സാന്നിധ്യത്തിലായിരുന്നു ഈ പരിശോധനയും. ഇതിന് പിന്നാലെ വീണ്ടും വീട്ടിലെത്തി തെളിവെടുപ്പും ചോദ്യം ചെയ്യലും തുടരുകയായിരുന്നു. ഒടുവിലാണ് സ്വര്‍ണം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. പിന്നാലെ അറസ്റ്റുമുണ്ടായത്.
അതിനിടെ ഉത്രയെ സൂരജിന്റെ പിതാവ് സുരേന്ദ്രന്‍ അസഭ്യം പറഞ്ഞതായും പൊലിസിന് വിവരം ലഭിച്ചു. ഇക്കാര്യങ്ങളും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. അയല്‍വാസികളുടേത് അടക്കം വിശദമായ മൊഴിയെടുപ്പും തെളിവെടുപ്പുമാണ് അന്വേഷണസംഘം നടത്തുന്നത്. അന്വേഷണത്തോട് സുരേന്ദ്രനും കുടുംബവും പൂര്‍ണമായി സഹകരിക്കുന്നില്ലെന്ന് പൊലിസ് സൂചിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."