തന്ത്രപ്രധാന മേഖലകളില്‍ അര്‍ധരാത്രി ഡ്രോണ്‍ പറത്തിയ സംഭവം: കേന്ദ്ര ഏജന്‍സികളും ഇന്റലിജന്‍സും അന്വേഷണം തുടങ്ങി
തിരുവനന്തപുരം: കോവളം തീരമേഖലയിലും തന്ത്രപ്രധാനമായ വി.എസ്.എസ്.സി മെയിന്‍ ഓപ്പറേറ്റിങ് സെന്ററിലും അര്‍ധരാത്രിക്കുശേഷം ദുരൂഹ സാഹചര്യത്തില്‍ ഡ്രോണ്‍ കാമറ പറത്തിയ സംഭവത്തില്‍ കേന്ദ്ര ഏജന്‍സികളും ഇന്റലിജന്‍സും അന്വേഷണം തുടങ്ങി. കാമറ പറത്തിയവരെ കണ്ടെത്താന്‍ സിറ്റി പൊലിസ് കമ്മിഷണറുടെ നേതൃത്വത്തില്‍ സിറ്റി പൊലിസും രംഗത്തെത്തി.
കോവളം സമുദ്രാ ബീച്ചിന് സമീപം വ്യാഴാഴ്ച രാത്രി 12.55ന് നൈറ്റ് പട്രോള്‍ പൊലിസ് സംഘമാണ് ഡ്രോണ്‍ കാമറ പറക്കുന്നത് ആദ്യം കണ്ടത്. സമുദ്രാബീച്ചിലും പരിസരത്തും നിരീക്ഷണത്തിലായിരുന്ന കണ്‍ട്രോള്‍ റൂം പൊലിസ് സംഘം രാത്രിയില്‍ സ്‌കൂട്ടറിന്റെ ഇരമ്പല്‍ പോലെയുള്ള ശബ്ദം കേട്ട് നടത്തിയ തിരച്ചിലിലാണ് ആകാശത്ത് ഡ്രോണ്‍ കാമറ പറക്കുന്നതായി തിരിച്ചറിഞ്ഞത്.
ബീച്ചിലോ പരിസരത്തോ ആരെങ്കിലും ഓപ്പറേറ്റ് ചെയ്യുന്നതാകുമെന്ന് കരുതി അവിടം അരിച്ചുപെറുക്കിയെങ്കിലും ആരെയും കണ്ടെത്താനായില്ല. ബീച്ചില്‍നിന്ന് തീരം കേന്ദ്രീകരിച്ച് ഡ്രോണ്‍ വടക്കുഭാഗത്തേക്ക് നീങ്ങിയതോടെ പൊലിസ് കണ്‍ട്രോള്‍ റൂമില്‍നിന്ന് എയര്‍പോര്‍ട്ടിലേക്ക് അടിയന്തര സന്ദേശം നല്‍കി.
തുടര്‍ന്ന് രണ്ടുമണിക്കൂറിന്‌ശേഷം പുലര്‍ച്ചെ 2.55 ഓടെ തുമ്പയിലെ വി.എസ്.എസ്.സിയുടെ മെയിന്‍ സ്റ്റേഷന് മുകള്‍ ഭാഗത്തായി ഡ്രോണ്‍ പറക്കുന്നത് സുരക്ഷാ ചുമതലയുള്ള സി.ഐ.എസ്.എഫ് ജീവനക്കാര്‍ കണ്ടെത്തുകയായിരുന്നു. വിക്രം സാരാഭായ് സ്‌പേസ് റിസര്‍ച്ച് സെന്ററില്‍ അര്‍ധരാത്രി ഡ്രോണ്‍ പ്രവേശിച്ചതോടെയാണ് സംഭവം ദുരൂഹതയ്ക്കിടയാക്കിയത്. ഈ സാഹചര്യത്തിലാണ് ഇന്റലിജന്‍സ് ഉള്‍പ്പടെയുള്ള ഏജന്‍സികള്‍ അന്വേഷണം നടത്തുന്നത്. വി.എസ്.എസ്.സിയിലെ സി.ഐ.എസ്.എഫ് ജീവനക്കാര്‍ അറിയിച്ചതനുസരിച്ച് തുമ്പ പൊലിസും കേന്ദ്ര ഏജന്‍സികളും രാത്രിയില്‍ വി.എസ്.എസ്.സിയിലെത്തി വിവരങ്ങള്‍ ശേഖരിച്ചു.
ഡ്രോണ്‍ പ്രത്യക്ഷപ്പെട്ടതായ സന്ദേശത്തെ തുടര്‍ന്ന് ആക്കുളത്തെ എയര്‍ഫോഴ്‌സ് ഓഫിസ്, വിമാനത്താവളം, പാങ്ങോട് മിലിട്ടറി ക്യാംപ് എന്നിവിടങ്ങളിലെല്ലാം രാത്രിതന്നെ സുരക്ഷാ വിഭാഗങ്ങള്‍ അതീവ ജാഗ്രതയിലായി.
പൊലിസുമായി സഹകരിച്ചാകും ഇന്റലിജന്‍സിന്റെ അന്വേഷണം. ഷൂട്ടിങ് ആവശ്യത്തിനാണ് ഡ്രോണ്‍ പറത്തിയതെങ്കില്‍ അതിന് പൊലിസ് അനുമതി ആവശ്യമാണ്. അതും പകല്‍ മാത്രമേ പാടുള്ളൂ.
വിമാനത്താവളത്തിലെയും വി.എസ്.എസ്.സിയെിലെയും റഡാറുകളിലും സമീപങ്ങളിലെ സി.സി.ടി.വി കാമറകളില്‍പോലും ഏറെ ദുരൂഹത പടര്‍ത്തി കടന്നുപോയ ഡ്രോണിന്റെ ചിത്രം പതിഞ്ഞിട്ടില്ലെന്നതാണ് അന്വേഷണ ഉദ്യോഗസ്ഥരെയും വലക്കുന്നത്.
മണിക്കൂറുകളോളം ആകാശത്തുകൂടി പറന്ന ഡ്രോണ്‍ കടലില്‍നിന്ന് നിയന്ത്രിച്ചതാകാമെന്നും പൊലിസ് ജീപ്പിനെ കണ്ടാകാം കോവളത്തുനിന്നും വെട്ടിത്തിരിച്ച് കടന്നുകളഞ്ഞതെന്നുമാണ് സംശയിക്കുന്നത്. വിവാഹ സല്‍ക്കാര സംഘങ്ങള്‍ ഡ്രോണ്‍ പറത്തിയതാകാമെന്ന സംശയം ആദ്യമുയര്‍ന്നെങ്കിലും കോവളത്തെ പഞ്ചനക്ഷത്ര ഹോട്ടലുകളിലടക്കം കയറിയിറങ്ങി പരിശോധിച്ച പൊലിസ് വിവാഹസല്‍ക്കാരമുള്‍പ്പെടെയുള്ള ഒരാഘോഷ പരിപാടികളും ഇവിടങ്ങളില്‍ നടന്നിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."