വീട്ടമ്മയെ ബുദ്ധിമുട്ടിച്ച ജീവനക്കാരിയെ സസ്‌പെന്‍ഡ് ചെയ്യാനുള്ള തീരുമാനം നടപ്പായില്ല
കോഴിക്കോട്: പാര്‍പ്പിട നവീകരണ പദ്ധതിയില്‍ 2016-17 സാമ്പത്തികവര്‍ഷം ആദ്യഗഡു പോലും കൊടുക്കാതെ വീട്ടമ്മയെ ബുദ്ധിമുട്ടിച്ച സംഭവത്തില്‍ ജീവനക്കാരിയെ ഇതുവരെ സസ്‌പെന്‍ഡ് ചെയ്തില്ല.
കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ ജീവനക്കാരിയെ സസ്‌പെന്‍ഡ് ചെയ്യാന്‍ നഗരസഭ തീരുമാനിച്ചിരുന്നു. ഇന്നലെ കൗണ്‍സില്‍ ചേര്‍ന്നപ്പോള്‍ തീരുമാനം ആഴ്ചകള്‍ കഴിഞ്ഞിട്ടും നടപ്പാകാത്തതിനെ കുറിച്ച് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉന്നയിച്ചപ്പോഴാണ് കടലാസുകള്‍ നീങ്ങിയില്ലെന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ അറിയിച്ചത്.
ഇതുസംബന്ധിച്ച് മേയറുടെ ഉത്തരവ് രേഖാമൂലം കിട്ടിയില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം. കഴിഞ്ഞ കൗണ്‍സിലില്‍ ലീഗ് അംഗം എസ്.വി മുഹമ്മദ് ശമീല്‍ ശ്രദ്ധക്ഷണിച്ചതിനെ തുടര്‍ന്നാണു മേയര്‍ ജീവനക്കാരിക്കെതിരേ നടപടിക്ക് ഉത്തരവിട്ടത്. എന്നാല്‍ ആഴ്ചകള്‍ പിന്നിട്ടിട്ടും പണം കിട്ടുകയോ നടപടികളുണ്ടാവുകയോ ചെയ്തില്ലെന്നു ഇന്നലെ ശമീല്‍ കൗണ്‍സിലിന്റെ ശ്രദ്ധയില്‍പെടുത്തുകയായിരുന്നു.
നഗരസഭ കുടുംബശ്രീ സെക്ഷന്‍ ക്ലര്‍ക്കിനെ സസ്‌പെന്‍ഡ് ചെയ്യാനായിരുന്നു മേയറുടെ ഉത്തരവ്. അരീക്കാട് വാര്‍ഡിലെ ടി. ആയിഷയുടെ അപേക്ഷ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ അവഗണിച്ചെന്നൊയിരുന്നു പരാതി. ഇവര്‍ക്ക് അര്‍ഹമായ തുക ഉടന്‍ അനുവദിക്കാന്‍ നടപടി സ്വീകരിക്കാന്‍ മേയര്‍ നഗരസഭ സെക്രട്ടറിക്കു നിര്‍ദേശം നല്‍കുകയായിരുന്നു.
രണ്ടു ഗഡുക്കളായി ലഭിക്കേണ്ട തുകയുടെ ആദ്യഗഡു പോലും ആയിഷക്കു ലഭിച്ചിരുന്നില്ല. പലതവണ കോര്‍പറേഷന്‍ ഓഫിസില്‍ കയറിയിറങ്ങിയിട്ടും പരാതി കേള്‍ക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തയാറായില്ലെന്നും വലിയ കൃത്യവിലോപമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നതെന്നും മുഹമ്മദ് ശമീല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."