കോടഞ്ചേരിയില്‍ മണ്ണിടിച്ചില്‍
കോടഞ്ചേരി: മലയോര മേഖലയില്‍ രണ്ടുദിവസമായി ശക്തമായി പെയ്യുന്ന മഴയില്‍ പലയിടത്തും മണ്ണിടിച്ചില്‍. മഴയെ തുടര്‍ന്ന് കൂരോട്ടുപാറ പുളിയിലക്കാട്ടുപടിയില്‍ കഴിഞ്ഞ ദിവസം വീണ്ടും മണ്ണിടിച്ചിലുണ്ടായി.
ചാലിപ്പുഴ കരകവിഞ്ഞ് ചെമ്പുകടവ്, പറപ്പറ്റ പാലങ്ങള്‍ക്കു മുകളില്‍ വെള്ളം കയറി. കോടഞ്ചേരി കൈതപ്പൊയില്‍ റോഡില്‍ കളപ്പുറത്തും വെള്ളം കയറി. ചെമ്പുകടവ് ചെറുകിട ജലവൈദ്യുത പദ്ധതിയുടെ കനാലിനു ഭീഷണിയായി നേരത്തെ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. മഴ ശക്തിപ്രാപിച്ചതോടെ ഇവിടെ വീണ്ടും മണ്ണിടിച്ചില്‍ ഭീഷണിയിലാണ്.
കൂറ്റന്‍ കല്ലുകളും മണ്‍തിട്ടയും ഏതുനിമിഷവും കനാലില്‍ വീഴാവുന്ന അവസ്ഥയിലാണ്. കഴിഞ്ഞ ആഴ്ചകളിലുണ്ടായ കനത്ത മഴയില്‍ മണ്‍തിട്ടയുടെ ഒരുഭാഗം കനാലില്‍ പതിച്ചിരുന്നു. പദ്ധതിയുടെ രണ്ടാംഘട്ടത്തിലേക്ക് വെള്ളം കൊണ്ടുപോകുന്ന കനാലാണ് ഭീഷണി നേരിടുന്നത്. കനാലിന്റെ ഒരുഭാഗത്ത് ഉയര്‍ന്ന കുന്നും മറുഭാഗം താഴ്ചയുമാണ്. ഈ കുന്നിന്‍ചെരിവിലാണ് ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സ്. ഇടയ്ക്കിടെ ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്ന പ്രദേശങ്ങളായതിനാല്‍ മൂന്നാംഘട്ടത്തിന്റെ നിര്‍മാണപ്രവൃത്തി നിര്‍ത്തിവയ്ക്കണമെന്ന ആവശ്യവുമായി പ്രദേശവാസികള്‍ രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."