വിഷു ആഘോഷിച്ചും ദുഖ:വെള്ളി ആചരിച്ചും ഗള്‍ഫ് പ്രവാസികള്‍
മനാമ: ഗള്‍ഫ് രാഷ്ട്രങ്ങളിലെ പ്രവാസി മലയാളികളും വിഷു ദിനം ആഘോഷിക്കുകയും ദുഖ:വെള്ളി ആചരിക്കുകയും ചെയ്തു. വാരാന്ത്യ അവധിയിലാണ് ഇത്തവണ വിഷുവും ദുഖ:വെള്ളിയും എത്തിയത് എന്നതിനാല്‍ വിവിധ പ്രവാസി സംഘടനകളുടെയും ആരാധനാലയങ്ങളുടെയും കീഴില്‍ വിപുലമായ പരിപാടികളോടെയാണ് വിഷു ആഘോഷവും ദുഖ:വെള്ളി ആചരണവും നടന്നത്.
മറുനാട്ടിലാണെങ്കിലും ഗൃഹാതുരതയിലലിഞ്ഞ കൊന്നപ്പൂവും കണിവെള്ളരിയും നവധാന്യങ്ങളുമെല്ലാം പരമാവധി സംഘടിപ്പിച്ച് മലയാള തനിമയോടെ തന്നെയായിരുന്നു മിക്ക ഫ്‌ളാറ്റുകളിലും പ്രമുഖ അമ്പലങ്ങളിലും രാവിലെ മുതല്‍ വിഷുക്കണിയൊരുക്കിയിരുന്നത്. ഗള്‍ഫ് വിപണികളിലെല്ലാം വിഷുദിനത്തിലേക്കാവശ്യമായതെല്ലാം നേരത്തെ സ്റ്റോക്ക് ചെയ്ത് ബുക്കിങ് ആരംഭിച്ചിരുന്നു. പലയിടത്തും ചക്കമുതല്‍ കൊന്നപ്പൂ വരെ വില്‍പനക്കുണ്ടായിരുന്നു.
പ്രവാസി മലയാളികള്‍ നടത്തുന്ന റെസ്റ്റോറന്‍ുകളിലെല്ലാം വിഭവ സമൃദ്ധമായ വിഷു സദ്യകള്‍ ഒരുക്കിയിരുന്നു. ഇവ മുന്‍കൂട്ടി ബുക്ക് ചെയ്യാനും സൗജന്യമായി ഫ്‌ളാറ്റുകളിലും ഓഫീസുകളിലുമെത്തിക്കാനുമുള്ള സൗകര്യവും ഒരുക്കിയിരുന്നു.
വാരാന്ത അവധി കൂടിയായതോടെ വ്യാഴാഴ്ച മുതല്‍ ഹൈപ്പര്‍മാര്‍ക്കറ്റുകളും നഗരങ്ങളും നിറയെ മലയാളികളെ കാണാമായിരുന്നു.
വിഷു സദ്യക്ക് വാഴയില നിര്‍ബന്ധമാണെന്നതിനാല്‍ മുന്‍കൂട്ടി ബുക്ക് ചെയ്താണ് പലരും വാഴയില സ്വന്തമാക്കിയത്. പ്ലാസ്റ്റിക്ക് പൂക്കള്‍ക്കൊപ്പം പ്ലാസ്റ്റിക്ക് വാഴയിലകളും വ്യാപകമായി വിപണിയിലെത്തിയിരുന്നു.
അതേ സമയം മാനവരാശിയുടെ പാപപരിഹാരത്തിനായി യേശു ക്രിസ്തു കുരിശിലേറ്റപ്പെട്ടുവെന്ന് വിശ്വസിക്കുന്ന ക്രൈസ്തവ സമൂഹം ഗള്‍ഫിലെ വിവിധ ചര്‍ച്ചുകളും സംഘടനാ ആസ്ഥാനങ്ങളും കേന്ദ്രീകരിച്ച് പ്രത്യേക നമസ്‌കാര ശുശ്രൂഷകള്‍ നടത്തി.
കാലത്ത് 8 മണി മുതല്‍ ആരംഭിച്ച നമസ്‌കാര ശുശ്രൂഷകള്‍ വൈകിട്ട് 4മണി വരെ നീണ്ടു നിന്നു. ആയിരക്കണക്കിന് വിശ്വാസികളാണ് ചടങ്ങുകളില്‍ പങ്കെടുത്തത്. വിവിധ ഇടവകകളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ ചടങ്ങില്‍ പങ്കെടുത്തവര്‍ക്കെല്ലാം കഞ്ഞി നേര്‍ച്ചകളും ഒരുക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."