ഏകസിവില്‍കോഡ്: മതേതര ചേരി ഒന്നിക്കണം: എസ്.വൈ.എസ്
മലപ്പുറം: ഭരണഘടന അനുവദിക്കുന്ന അവകാശങ്ങള്‍ക്കു നേരെ കടന്നാക്രമണം നടത്തുന്നവര്‍ക്കെതിരേ സമൂഹം ഒന്നിക്കണമെന്നും വിവിധ മതവിശ്വാസികള്‍ക്ക് സ്വന്തം ആദര്‍ശ ആചാര അനുഷ്ഠാനങ്ങള്‍ സ്വീകരിക്കാന്‍ ഉദാരമായ സ്വാതന്ത്ര്യം അനുവദിക്കുന്ന ഭരണഘടനയുടെ മൗലികാവകാശങ്ങള്‍ക്കു തന്നെ വിരുദ്ധമാകുന്ന മാര്‍ഗ നിര്‍ദേശക തത്വങ്ങളിലെ ഇത്തരം അപ്രായോഗിക സൂചനകള്‍ റദ്ദാക്കി വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ മതേതര ചേരി ഒന്നിക്കണമെന്ന് എസ്.വൈ.എസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വിശ്വാസികള്‍ക്ക് അവരുടെ മതാചാരങ്ങള്‍ മുറുകെ പിടിച്ച് ഇന്ത്യയില്‍ ജീവിക്കാനുള്ള ഭരണ ഘടന അനുവദിച്ചു തരുന്ന ഭാഗങ്ങള്‍ മറച്ചുവെച്ചു കൊണ്ട് അപ്രായോഗിക ഭാഗങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നവര്‍ രാജ്യത്തിന്റെ വളര്‍ച്ചയിലും സമാധാനത്തിലും അസഹിഷ്ണുത പുലര്‍ത്തുന്നവരാണ്. ഇസ്‌ലാമിക വിരുദ്ധര്‍ പ്രചരിപ്പിക്കുന്ന ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ഭീകരതക്ക് ഇസ്‌ലാമിനോ മുസ്‌ലിംകള്‍ക്കോ ബന്ധമില്ല. ഐ.എസിന്റെ പേരില്‍ മുസ്‌ലിം സമുദായത്തെ വേട്ടയാടുന്നതില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്‍മാറണമെന്നും യോഗം ആവശ്യപ്പെട്ടു. മതവിശ്വാസികളെ പ്രയാസപ്പെടുത്തുന്ന വാദങ്ങളുമായി രംഗത്തുവന്ന് ഏക സിവില്‍ കോഡിന് വേണ്ടി മുറവിളി കൂട്ടുന്നവര്‍ക്കെതിരേ ജനകീയ മുന്നേറ്റം നടത്താന്‍ എസ്.വൈ.എസ് കമ്മിറ്റി തീരുമാനിച്ചു. 18 ന് ഉച്ചക്ക് രണ്ടിനു 'ഏക സിവില്‍ കോഡും ഐ.എസ് ഭീകരതയും: വിയോജിപ്പിന്റെ കാരണങ്ങള്‍'എന്ന വിഷയത്തില്‍ മലപ്പുറത്ത് ബഹുജന സംഗമം നടത്തും.
യോഗത്തില്‍ വൈ.പ്രസിഡന്റ് കെ.കെ.എസ് തങ്ങള്‍ അധ്യക്ഷനായി. സയ്യിദ് ബി.എസ്.കെ തങ്ങള്‍, അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, പി.വി മുഹമ്മദ് മൗലവി, സി.എച്ച് ത്വയ്യിബ് ഫൈസി, സി അബ്ദുല്ല മൗലവി, കാളാവ് സൈതലവി മുസ്‌ലിയാര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സലീം എടക്കര, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ശാഫി മാസ്റ്റര്‍ ആലത്തിയൂര്‍, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, എം.പി മുഹമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, അബ്ദുറഹീം ചുഴലി, സി.കെ ഹിദായത്തുല്ലാ, കാടാമ്പുഴ മൂസ ഹാജി എന്നിവരും മണ്ഡലം സെക്രട്ടറിമാരും മണ്ഡലം ആമില റഈസ്-കോഡിനേറ്റര്‍മാരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."