ചീഫ് സെക്രട്ടറി മാറുമ്പോള്‍
2016 മെയ് 25ാം തിയതി മുഖ്യമന്ത്രിയായി പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ എസ്.എം വിജയാനന്ദായിരുന്നു ചീഫ് സെക്രട്ടറി. വാക്കിലും പ്രവൃത്തിയിലും തികഞ്ഞ ഗാന്ധിയന്‍. തികച്ചും ലളിതമായ ജീവിതം. അധികാരത്തിലിരിക്കുമ്പോള്‍ പാവപ്പെട്ടവര്‍ക്കുവേണ്ടി എപ്പോഴും പ്രവര്‍ത്തിക്കാന്‍ വെമ്പിയ മനസിനുടമ. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് അദ്ദേഹം തന്നെ മുന്‍കൈയെടുത്താണ് അന്ന് ഡല്‍ഹിയിലായിരുന്ന വിജയാനന്ദിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത്. അതും സ്വന്തം മന്ത്രിസഭയില്‍ നിന്നുയര്‍ന്ന ശക്തമായ എതിര്‍പ്പ് വകവയ്ക്കാതെ. പിന്നീട് പിണറായി മുഖ്യമന്ത്രിയായപ്പോഴും വിജയാനന്ദ് തുടര്‍ന്നു. പിണറായി വിജയനും വിജയാനന്ദില്‍ പൂര്‍ണ വിശ്വാസം അര്‍പ്പിച്ചു. പക്ഷെ, ഒരിക്കല്‍ പിണറായി വിജയാനന്ദിനോട് ക്ഷോഭിച്ചു. ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടന്ന വിജിലന്‍സ് നടപടികളില്‍ പ്രതിഷേധിച്ച് 2017 ജനുവരി ഒന്‍പതാം തിയതി അവധിയെടുക്കാന്‍ തീരുമാനിച്ച ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ കാണാന്‍ ചെന്നപ്പോള്‍ നിങ്ങളെന്താ സൂപ്പര്‍ മുഖ്യമന്ത്രി ചമയുകയാണോ എന്നാണ് അദ്ദേഹം വിജയാനന്ദിനോട് ചോദിച്ചത്. ഞങ്ങള്‍ ഒരു വിശുദ്ധനെപോലെ കാണുന്നയാളാണ് ചീഫ് സെക്രട്ടറി എന്നായിരുന്നു ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ മറുപടി. ഉടന്‍ തന്നെ മുഖ്യമന്ത്രി തണുത്തു. അധികം താമസിയാതെ പിണറായി ചീഫ് സെക്രട്ടറി വിജയാനന്ദുമായി ഏറെ അടുത്തു.
ഉദ്യോഗസ്ഥരുടെ ഏത് പ്രധാന യോഗങ്ങളിലും മുഖ്യമന്ത്രിയോടൊപ്പം ചീഫ് സെക്രട്ടറിയുമുണ്ടാവും. വിഷയത്തെപ്പറ്റി മുഖ്യമന്ത്രിയുടെ ചുരുക്കത്തിലുള്ള ഒരാമുഖം. ബാക്കി പറയാന്‍ വിജയാനന്ദ് മുന്നോട്ട്. പറയുന്ന വിഷയത്തെപ്പറ്റിയുള്ള ഒരു രേഖാചിത്രം അദ്ദേഹം അവതരിപ്പിക്കും. വിജയാനന്ദിന്റെ ഓരോ വാക്കും ശ്രദ്ധിച്ചുകൊണ്ട് മുഖ്യമന്ത്രി തൊട്ടടുത്തിരിക്കും. യോഗത്തില്‍ ഉയര്‍ന്ന കാര്യങ്ങളിലേക്കൊക്കെയും വിരല്‍ചൂണ്ടി എല്ലാ കാര്യങ്ങളും ആറ്റിക്കുറുക്കി മുഖ്യമന്ത്രിയുടെ സംസാരത്തോടെ യോഗം അവസാനിക്കും. ആര്‍ദ്രംപോലെ ഇടതുസര്‍ക്കാര്‍ ഏറെ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്ന പല പദ്ധതികളും രൂപകല്‍പന ചെയ്തത് വിജയാനന്ദ് തന്നെയാണെന്ന് മുഖ്യമന്ത്രിക്ക് നന്നായറിയാം. ജനാധിപത്യ കേരളത്തിന്റെ ചരിത്രത്തില്‍ ഇത്ര കണ്ട് ഐക്യപ്പെട്ടും പൊരുത്തപ്പെട്ടും ഭരണം നടത്തിയ ഒരു മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഉണ്ടായിട്ടില്ലെന്ന് തന്നെ പറയാം. ഒരു ചീഫ് സെക്രട്ടറികൂടി സ്ഥാനമൊഴിഞ്ഞിരിക്കുന്നു. 1984 ബാച്ചില്‍പെട്ട ഐ.എ.എസ് ഉദ്യോഗസ്ഥന്‍ പാലാ സ്വദേശി ടോം ജോസ്, പകരം വരുന്നത് മലയാളിയല്ലാത്ത വിശ്വാസ് മേത്ത. ഭരണത്തിലെത്തുന്ന രാഷ്ട്രീയ നേതൃത്വം ഏതായാലും ഭരണചക്രം തിരിക്കുന്നത് ഐ.എ.എസ് ഉദ്യോഗസ്ഥരാണ്. ആദ്യത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിമായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ എന്ന ഉരുക്കു മനുഷ്യനും ചേര്‍ന്നാണ് ഇന്ത്യയ്ക്കായി ഉരുക്കു ചട്ടക്കൂട് എന്നറിയപ്പെട്ട ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വിസിന് രൂപം നല്‍കിയത്. ഇന്നും സംസ്ഥാനങ്ങളുടെയും കേന്ദ്ര സര്‍ക്കാരിന്റെയും ഭരണം നിര്‍വഹിക്കുന്നത് ഐ.എ.എസ് ഉദ്യോഗസ്ഥരാണ്.
ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് എന്താണ് പങ്ക്? വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരത്ത് ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ഒരു യോഗത്തില്‍ പ്രസംഗിച്ച ഡോ. പി.സി അലക്‌സാണ്ടര്‍ ഐ.എ.എസുകാരെ ഓര്‍മിപ്പിച്ചതിങ്ങനെ: 'ജനാധിപത്യത്തില്‍ ഭരിക്കാനുള്ള മാന്‍ഡേറ്റ് തെരഞ്ഞെടുക്കപ്പെടുന്ന രാഷ്ട്രീയ നേതൃത്വത്തിനാണ്. അവര്‍ക്ക് മാത്രമാണ്'. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന മാവേലിക്കര സ്വദേശി ഡോ. അലക്‌സാണ്ടര്‍ ഇന്ത്യകണ്ട എക്കാലത്തെയും പ്രഗത്ഭരായ സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്നു. ഇക്കാര്യം കഴിഞ്ഞ ശനിയാഴ്ച ചീഫ് സെക്രട്ടറി ടോം ജോസിനു സര്‍ക്കാര്‍ നല്‍കിയ യാത്രയയപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.
1957 മുതല്‍ ഇങ്ങോട്ട് എത്രയെത്ര ഐ.എ.എസ് ഉദ്യോഗസ്ഥര്‍ രാഷ്ട്രീയക്കാരായ ഭരണകര്‍ത്താക്കള്‍ക്ക് തൊട്ടുതാഴെ വന്ന് കേരളത്തിന്റെ ഭരണചക്രം തിരിച്ചു. 1984 മുതല്‍ 1987 വരെ ചീഫ് സെക്രട്ടറിയായിരുന്ന വി. രാമചന്ദ്രനെപ്പോലെ ചുരുക്കം ചിലര്‍ അതില്‍ തല ഉയര്‍ത്തിനിന്നു. വി. രാമചന്ദ്രന്റെ അടുത്ത ശിഷ്യന്‍ കൂടിയായിരുന്ന എസ്.എം വിജയാനന്ദും അദ്ദേഹത്തോട് വളരെ അടുപ്പമുണ്ടായിരുന്ന ഡോ. കെ.എം എബ്രഹാമും ആ നിരയില്‍തന്നെ ഉയര്‍ന്നു നില്‍ക്കുന്നു.
ഉദ്യോഗസ്ഥരെ വരച്ച വരയില്‍ നിര്‍ത്തുകയും വേണമെങ്കില്‍ ശാസിക്കുകയും ചെയ്യുമായിരുന്ന രാഷ്ട്രീയ നേതാക്കന്മാരും ഇവിടെ ഉണ്ടായിട്ടുണ്ട്. കെ.ആര്‍ ഗൗരിയമ്മയെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍പോലും ഭയപ്പാടോടെ മാത്രമേ കണ്ടിട്ടുള്ളൂ. ഒരിക്കല്‍ ഫയലില്‍ കുറിച്ചത് ഇഷ്ടപ്പെടാത്ത ഗൗരിയമ്മ മുന്നില്‍ വന്നുനിന്ന ഉദ്യോഗസ്ഥന്റെ മുഖത്തേക്ക് ഫയല്‍ വലിച്ചെറിഞ്ഞ കഥ സെക്രട്ടേറിയറ്റിന്റെ ഇടനാഴിയില്‍ ഇന്നും കേള്‍ക്കാം. ഏതുദ്യോഗസ്ഥനോടും തട്ടിക്കയറാനും അധിക്ഷേപിക്കാനും സ്വാതന്ത്ര്യമെടുത്തിരുന്ന നേതാവായിരുന്നു ഇ.കെ നായനാര്‍. കെ. കരുണാകരനാവട്ടെ നിശ്ചയദാര്‍ഢ്യംകൊണ്ടും സ്വന്തം കരുത്തുകൊണ്ടും ഉദ്ദേശിച്ച പദ്ധതികള്‍ നടപ്പാക്കിയെടുക്കാന്‍ കഴിവുള്ള ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിലും ലക്ഷ്യം നേടിയെടുക്കുന്നതിലും വിജയിച്ച ഭരണകര്‍ത്താവായിരുന്നു. ഇ.എം.എസ്, സി. അച്യുതമേനോന്‍ എന്നീ മുഖ്യമന്ത്രിമാര്‍ സ്വന്തം വ്യക്തിപ്രഭാവം കൊണ്ടും ധിഷണയുടെ വലിപ്പം കൊണ്ടും ഏത് ഉദ്യോഗസ്ഥനേക്കാളും മേലെ നിന്നു. ഫയലില്‍ ഏതുദ്യോഗസ്ഥന്‍ എന്തെഴുതിയാലും ഓടിച്ചൊരു നോട്ടത്തില്‍ തന്നെ കാര്യം ഗ്രഹിച്ചെടുക്കാനും അതിന്മേല്‍ കൃത്യമായ നടപടി സ്വീകരിക്കാനും ശേഷിയുള്ള നേതാക്കളായിരുന്നു ഉമ്മന്‍ചാണ്ടി, പി.കെ കുഞ്ഞാലിക്കുട്ടി, കെ.എം മാണി, ആര്യാടന്‍ മുഹമ്മദ്, ടി.എം ജേക്കബ് തുടങ്ങിയവര്‍. ഇവരെയൊന്നും വഴിതെളിക്കാനോ സ്വാധീനിക്കാനോ സാധാരണ ഗതിക്ക് ഒരുദ്യോഗസ്ഥനും ഒരുമ്പെടുമായിരുന്നില്ല. സ്‌കൂള്‍ വിദ്യാഭ്യാസം മാത്രം നേടി രാഷ്ട്രീയ നേതാവായി വളര്‍ന്ന ആര്യാടന്‍ മുഹമ്മദാവട്ടെ ഉന്നതോദ്യോഗസ്ഥര്‍ ഇംഗ്ലീഷില്‍ എഴുതിയ കുറിപ്പുകളില്‍ തിരുത്തല്‍ വരുത്താനും വേണ്ടിവന്നാല്‍ ഇന്ന രീതിയില്‍ എഴുതാന്‍ നിര്‍ദേശിക്കാനും ശേഷിയുള്ള നേതാവായിരുന്നു.
കേരളത്തിലങ്ങോളമിങ്ങോളം ഭരണം നടത്തുന്ന ഉദ്യോഗസ്ഥവൃന്ദത്തിന്റെയൊക്കെയും തലപ്പത്തിരിക്കുന്ന ചീഫ് സെക്രട്ടറിക്ക് ഉത്തരവാദിത്തങ്ങളേറെയാണ്. ചുമതലകളുമേറെ. ഭരണത്തിലിരിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് ഭരണം താഴേത്തട്ടുവരെ നടത്താന്‍ നേതൃത്വം നല്‍കണം. ഇതിന് ഓരോരുത്തര്‍ക്കും ഓരോ ശൈലിയുണ്ടാവും. ഇടപെടാന്‍ പ്രത്യേക മേഖലകളുണ്ടാവും. ഈ പ്രത്യേകതകളാണ് ഓരോ ചീഫ് സെക്രട്ടറിയുടെയും മികവിന്റെ അളവുകോലാവുന്നത്.
മലയാറ്റൂര്‍ രാമകൃഷ്ണന്‍, ജെ. ലളിതാംബിക, ഡോ. ബാബു പോള്‍, സഖറിയാ മാത്യു, കെ. ജയകുമാര്‍ എന്നിങ്ങനെ പല പ്രമുഖ ഐ.എ.എസ് ഉദ്യോഗസ്ഥരും സര്‍വിസിനപ്പുറത്തേക്ക് വളര്‍ന്നവരാണ്. ഇതില്‍ ജയകുമാര്‍ മാത്രമേ ചീഫ് സെക്രട്ടറി പദത്തിലേക്ക് ഉയര്‍ന്നുള്ളൂ. റവന്യൂ സെക്രട്ടറിയായിരിക്കെ പാമോലിന്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സഖറിയാ മാത്യു ചെയ്യാത്ത കുറ്റത്തിന് ഏറെ പ്രയാസപ്പെട്ടു. സര്‍വിസിലിരിക്കെ ഒരു മിഠായിപോലും സമ്മാനമായി സ്വീകരിച്ചിട്ടില്ലാത്ത സഖറിയാ മാത്യുവിന്റെ അവസാനകാലം വളരെ ദയനീയമായിരുന്നു.
വിദ്യുഛക്തി ബോര്‍ഡ് ചെയര്‍മാനും ഊര്‍ജവകുപ്പ് സെക്രട്ടറിയുമായിരുന്നു കെ. മോഹനചന്ദ്രനും കേസില്‍പെട്ട് വളരെ കഷ്ടപ്പെട്ടു. ഓരോ ചീഫ് സെക്രട്ടറി വരുമ്പോഴും ഭരണത്തില്‍ സ്വന്തം ഇഷ്ടങ്ങള്‍ക്ക് മുന്‍ഗണന നല്‍കാന്‍ നോക്കും. എസ്.എം വിജയാനന്ദ് ചീഫ് സെക്രട്ടറിയായിരുന്നപ്പോള്‍ അധികാരക്കസേരയുടെ വലതുഭാഗത്തെ ചുവരില്‍ വളരെ പ്രധാന്യത്തോടെ വലിയൊരു ഗാന്ധി ചിത്രം സ്ഥാനം പിടിച്ചിരുന്നു. 1948-ല്‍ ഗാന്ധിജി കുറിച്ച പ്രസിദ്ധമായ വരികള്‍ ചിത്രത്തോടൊപ്പമുണ്ട്. അതിങ്ങനെ: 'നിങ്ങള്‍ക്കെന്തെങ്കിലും സംശയമുണ്ടാവുകയോ നിങ്ങളുടെ സ്വത്വം നിങ്ങളോടൊപ്പമെത്തിയെന്ന് തോന്നുകയോ ചെയ്താല്‍ ഈ പരീക്ഷണം നടത്തുക. നിങ്ങള്‍ ജീവിതത്തില്‍ കണ്ടുമുട്ടിയിട്ടുള്ള ഏറ്റവും ദരിദ്രനും ദുര്‍ബലനുമായ ഒരാളുടെ മുഖം മനസില്‍ കാണുക. നിങ്ങള്‍ ചെയ്യാന്‍ ആലോചിക്കുന്ന കര്‍മം ഏതെങ്കിലും വിധത്തില്‍ ഈ പാവപ്പെട്ടവന്റെ ജീവിതത്തിന് എന്തെങ്കിലും ഗുണം ചെയ്യുമോ എന്നാലോചിക്കുക. നിങ്ങളുടെ തീരുമാനം പാവപ്പെട്ടവരുടെയും പട്ടിണിക്കാരുടെയും എന്തെങ്കിലും മാറ്റമുണ്ടാക്കുമോ എന്നാലോചിക്കുക'. ടോം ജോസ് പടിയിറങ്ങുമ്പോഴും ആ ഗാന്ധിചിത്രം അവിടെ ഇരിക്കുന്നുണ്ട്. കൊറോണ വൈറസ് ഉയര്‍ത്തുന്ന വലിയ ഭീഷണി നാടിനു വെല്ലുവിളി ഉയര്‍ത്തുമ്പോഴാണ് വിശ്വാസ് മേത്ത ചീഫ് സെക്രട്ടറി പദവി ഏറ്റെടുക്കുന്നത്. കനത്ത വെല്ലുവിളികള്‍ ചുറ്റും ഉയര്‍ന്നു നില്‍ക്കുന്ന നേരത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."