ബഹ്റൈനില്‍ പുതുക്കിയ ബസ് യാത്രാനിരക്ക് ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍
മനാമ: ബഹ്റൈനില്‍ പുതുക്കി നിശ്ചയിച്ച ബസ് യാത്രാ നിരക്ക് ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ബഹ്റൈന്‍ പബ്ളിക് ട്രാന്‍സ്പോര്‍ട്ട് കമ്പനി അധികൃതര്‍ അറിയിച്ചു. ഇതനുസരിച്ച് ഇനി മുതല്‍ ഒരു യാത്രയുടെ മിനിമം യാത്രാ നിരക്ക് 250 ഫില്‍സ് ആയിരിക്കും. അതേസമയം ഇതിന് ദൂര പരിധി ഉണ്ടായിരിക്കില്ല.
അതൊടൊപ്പം ഒരു ദിവസത്തേക്കുള്ള യാത്രയുടെ പാസ് നിരക്ക് 600 ഫില്‍സായും പുനര്‍ നിര്‍ണയിച്ചിട്ടുണ്ട്. നേരത്തെ ഇത് 500 ഫില്‍സായിരുന്നു. ഈ പാസ് മുഖേനെ ഒരു ദിവസം മുഴുവനും ബസ് യാത്ര അനുവദിച്ചിരുന്നു. പുതുക്കിയ നിരക്കിലും ഈ സൗകര്യം ലഭ്യമായിരിക്കും. കൂടാതെ 14 ദിനാറിന് ഒരു മാസത്തേക്കുള്ള പാസ് സൗകര്യവുമുണ്ട്. ഇതുപയോഗിച്ച് 28 ദിവസം യാത്ര ചെയ്യാനാവും.
2015 ആഗസ്റ്റിലാണു രാജ്യത്ത് പുതിയ പബ്ലിക് ട്രാന്സ്പോര്ട്ടേഷന് നെറ്റ്വര്‍ക്ക് നിലവില്‍വന്നത്. ഈ സാഹചര്യത്തില്‍ പ്രമോഷന് എന്ന നിലയിലായിരുന്നു നിലവിലുള്ള നിരക്കുകള്‍ ഏര്‍പ്പെടുത്തിയിരുന്നത്. ഈ പ്രമോഷന് കാലാവധി അവസാനിച്ചതോടെയാണ് നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചതെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.
പാസുകള്‍ക്കു പുറമെ നിലവിലുള്ള പേപ്പര്‍ ടിക്കറ്റുകള്‍, ഗോ കാര്‍ഡുകള്‍ എന്നിവയടക്കമുള്ള സൗകര്യങ്ങളും ലഭ്യമാണ്. ബഹ്റൈനിലെ പ്രധാന ഭാഗങ്ങളെയെല്ലാം ബന്ധിപ്പിക്കുന്ന രീതിയില്‍ 32 പുതിയ റൂട്ടുകളും നിലവില്‍ വന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."