ബാലാകോട്ടില്‍ ശരിക്കും 300 പേരെ കൊന്നോ?
ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരനെന്ന നിലയില്‍ ബാലാകോട്ടില്‍ യഥാര്‍ഥത്തില്‍ സംഭവിച്ചതെന്തെന്ന് അറിയാനുള്ള അവകാശം തനിക്കുണ്ടെന്ന് ഓവര്‍സീസ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ചെയര്‍മാന്‍ സാംപിത്രോദ. കുറച്ചുകൂടി ഈ വിഷയവുമായി ബന്ധപ്പെട്ട് അറിയാനുണ്ട്. കാരണം ഞാന്‍ ന്യൂയോര്‍ക്ക് ടൈംസ് വാര്‍ത്തകളും മറ്റ് വാര്‍ത്തകളും വായിച്ചിരുന്നു. നമ്മള്‍ ശരിക്കും ആക്രമിച്ചോ? ശരിക്കും 300 പേരെ കൊന്നോ? ഒരു പൗരനെന്ന നിലയില്‍ അറിയാനുള്ള അവകാശം ഉണ്ട്. ഇങ്ങനെ ചോദിക്കുന്നുവെന്ന് കരുതി ഞാന്‍ ദേശീയവാദി അല്ലാതാകുന്നില്ല. ഞാന്‍ എതിര്‍പക്ഷത്താണെന്നും ഇതിനര്‍ഥമില്ല. നമുക്ക് വസ്തുതകള്‍ അറിയണം അത്രയേയുള്ളൂ. നിങ്ങള്‍ 300 പേരെ കൊന്നിട്ടുണ്ടെങ്കില്‍ അത് എല്ലാവരും അറിയണം. അന്താരാഷ്ട്ര മാധ്യമങ്ങള്‍ ആരും കൊല്ലപ്പെട്ടില്ലെന്ന് പറയുമ്പോള്‍ ഇന്ത്യന്‍ പൗരനെന്ന നിലയില്‍ നാണക്കേട് തോന്നുകയാണെന്നും പിത്രോദ പറഞ്ഞു.
പുല്‍വാമ പോലുള്ള ആക്രമണങ്ങള്‍ നേരത്തെയും സംഭവിച്ചിട്ടുണ്ട് എന്നുകരുതി പാകിസ്താന്‍ എന്ന രാജ്യത്തെ മുഴുവന്‍ എങ്ങനെ കുറ്റം പറയുമെന്നും പിത്രോദ ചോദിച്ചു. ചിലര്‍ വന്ന് ആക്രമണം നടത്തിയതിന് ഒരു രാജ്യത്തെ ഒന്നാകെ എങ്ങനെയാണ് കുറ്റം പറയുക. പുല്‍വാമ ആക്രമണത്തെ കുറിച്ച് എനിക്ക് കൂടുതലൊന്നും അറിയില്ല. മുബൈ താജ് ഹോട്ടലിലും ഒബ്‌റോയി ഹോട്ടലിലും ഇത് സംഭവിച്ചിരുന്നു. അന്ന് നമുക്ക് പ്രതികരിക്കാമായിരുന്നു, യുദ്ധവിമാനങ്ങളെ അയക്കാമായിരുന്നു. എന്നാല്‍, അതല്ല ശരിയായ രീതി. അങ്ങനെയല്ല നമ്മള്‍ ലോകത്തോട് ഇടപെടേണ്ടത്. എട്ടുപേര്‍ (മുംബൈ ഭീകരാക്രമണത്തിലെ ആക്രമികള്‍) ചിലത് ചെയ്‌തെന്നു കരുതി ഒരു രാജ്യത്തിനു മുകളിലേക്ക് നാം ചാടേണ്ടതില്ല, എ.എന്‍.ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സാം പിത്രോജ പറഞ്ഞു.
ഇക്കാര്യത്തില്‍ വൈകാരികമായി പെരുമാറിക്കൂട. കണക്കുകള്‍ എപ്പോഴും നിക്ഷ്പക്ഷമായിരിക്കണം. ഒരു ശാസ്ത്രജ്ഞനായി, യുക്തിയില്‍ വിശ്വസിച്ചു കൊണ്ടാണ് ഞാന്‍ സംസാരിക്കുന്നത്. നിങ്ങള്‍ 300 പേരെ കൊന്നെന്ന് പറയുമ്പോള്‍ ഞാന്‍ പറയുകയാണ്, അങ്ങനെയല്ലല്ലോ മരണസംഖ്യയെ കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. താന്‍ പറഞ്ഞത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും കോണ്‍ഗ്രസിന്റെ അഭിപ്രായമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രിയായിരുന്നു മന്‍മോഹന്‍ സിങ്ങെന്നും പിത്രോദ പറഞ്ഞു. മന്‍മോഹനെ ഒരുപാടാളുകള്‍ പരിഹസിച്ചു. എന്നാല്‍, ഇതെല്ലാം വ്യാജമായിരുന്നു. മന്‍മോഹന്‍ സിങ്ങിനെതിരേയുള്ള പ്രചാരങ്ങളെ പ്രതിരോധിച്ച് പിത്രോദ പറഞ്ഞു. 2014 മുതല്‍ വെറും കൈയ്യടിനേടാന്‍ ശ്രമിക്കുന്ന സര്‍ക്കാരാണ് ഇന്ത്യയിലും അമേരിക്കയിലും ഉണ്ടായത്. നിങ്ങളുടെ ശത്രു അതിര്‍ത്തിയിലുണ്ട് എന്ന ഭയം ഉണ്ടാക്കുകയാണ് ഇരുകൂട്ടരും ചെയ്യുന്നതെന്നും പിത്രോദ അഭിപ്രായപ്പെട്ടു.
അതേസമയം സാംപ്രിതോദയുടെ അഭിപ്രായം പുറത്തുവന്നതിനു പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി മോദി രംഗത്തെത്തി. പ്രതിപക്ഷം പ്രത്യേകിച്ചും കോണ്‍ഗ്രസ് വ്യോമസേനയെ അവഹേളിക്കുകയാണെന്ന് അദ്ദേഹം ഒന്നിലേറെ തവണ ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസ് അധ്യക്ഷന്റെ ഏറ്റവും വലിയ വിശ്വസ്തന്‍ പാക് അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്. കോണ്‍ഗ്രസിനു വേണ്ടി അദ്ദേഹം പാകിസ്താന്‍ ദേശീയ ദിനാചരണത്തെ അനുകൂലിക്കുകയാണ്. എന്നാല്‍, ഇതിനിടയില്‍ ഇന്ത്യന്‍ സൈന്യത്തെ അവഹേളിക്കുന്ന നയം ലജ്ജയുളവാക്കുന്നതാണെന്നും മോദി ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."