പുറ്റിങ്ങല്‍ ദുരന്തം: പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് ക്ലീന്‍ചിറ്റ്
തിരുവനന്തപുരം: പുറ്റിങ്ങല്‍ ദുരന്തത്തില്‍ ആരോപണ വിധേയരായ പൊലിസിനെ സംരക്ഷിച്ച് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. ദുരന്തത്തിനു കാരണക്കാരായ പൊലിസ് ഉദ്യോഗസ്ഥരെ പ്രതി ചേര്‍ക്കണമെന്ന മുന്‍ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ നല്‍കിയ ശുപാര്‍ശയാണ് ഡി.ജി.പി നിയമോപദേശത്തിന്റെ പേരില്‍ തള്ളിയത്.
നേരത്തെ നളിനി നെറ്റോ പൊലിസ് ഉദ്യോഗസ്ഥരെയും പ്രതി ചേര്‍ക്കണമെന്ന് മുന്‍ ഡി.ജി.പി സെന്‍കുമാറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, നിര്‍ദേശം അന്നത്തെ ഡി.ജി.പി സെന്‍കുമാര്‍ തള്ളിയതിനെ തുടര്‍ന്നാണ് ലോക്‌നാഥ് ബെഹ്‌റയ്ക്ക് അവര്‍ കത്തു നല്‍കിയത്.
കത്തിന്റെ അടിസ്ഥാനത്തില്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറോട് ഡി.ജി.പി നിയമോപദേശം തേടി. പൊലിസ് ഉദ്യോഗസ്ഥരെ പ്രതി ചേര്‍ക്കുന്നത് കേസിനെ ദുര്‍ബലപ്പെടുത്തുമെന്നും ക്ഷേത്ര ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് കേസില്‍ അനുകൂല ഘടകമായി മാറുമെന്നുമായിരുന്നു ഡി.ജി.പിയ്ക്ക് ലഭിച്ച നിയമോപദേശം. ബോധപൂര്‍വം അട്ടിമറിയ്ക്ക് ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നതായി കാണാനാകില്ല. ക്രിമിനല്‍ കുറ്റം ഉദ്യോഗസ്ഥര്‍ക്കെതിരേ നിലനില്‍ക്കില്ലെന്നും നിയമോപദേശത്തിലുണ്ട്.
കൊല്ലം സിറ്റി പൊലിസ് കമ്മിഷണര്‍ പി പ്രകാശ്, ചാത്തന്നൂര്‍ എ.സി.പി എം.എസ് സന്തോഷ്, പരവൂര്‍ സി.ഐ എസ് ചന്ദ്രകുമാര്‍ എന്നിവര്‍ക്കെതിരേ നടപടി വേണമെന്നായിരുന്നു നളിനി നെറ്റോ നല്‍കിയ ശുപാര്‍ശ.
ദുരന്തത്തില്‍ പൊലിസിന് ഗുരുതര വീഴ്ച പറ്റിയെന്നും മത്സര കമ്പമെന്നുള്ള രഹസ്യാന്വേഷണ റിപ്പോര്‍ട്ട് അവര്‍ അവഗണിച്ചുവെന്നുമായിരുന്നു ആഭ്യന്തര സെക്രട്ടറിയും നിയമ സെക്രട്ടറിയും ശുപാര്‍ശ ചെയ്തത്.
ക്ഷേത്രത്തില്‍ നിയമവിരുദ്ധമായാണ് വെടിക്കെട്ട് നടത്തുന്നതെന്ന കാര്യം ബോധ്യപ്പെട്ടിരുന്നുവെന്ന് സംഭവത്തെക്കുറിച്ച് പരവൂര്‍ സി.ഐ തയാറാക്കിയ എഫ്.ഐ.ആറില്‍ പറയുന്നുണ്ട്. എന്നാല്‍, ഇതു സംബന്ധിച്ച് അദ്ദേഹം നടപടി സ്വീകരിക്കുകയോ മേലുദ്യോഗസ്ഥരെ അറിയിക്കുകയോ ചെയ്തില്ല. വെടിക്കെട്ട് സംബന്ധിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സിറ്റി പൊലിസ് കമ്മിഷണര്‍ അവഗണിച്ചുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കലക്ടര്‍ മത്സര വെടിക്കെട്ടിന് അനുമതി നിഷേധിച്ചിട്ടും ആ വിവരം ജനങ്ങളെ അറിയിക്കാതെ മറച്ചുവച്ചത് ഗുരുതര വീഴ്ചയാണ്. വിവരം ജനങ്ങളെ അറിയിച്ചിരുന്നെങ്കില്‍ ആദ്യമേ എതിര്‍പ്പുണ്ടായേനെ. കമ്പം ഉപേക്ഷിക്കാനുള്ള സമ്മര്‍ദം ജനങ്ങളുടെ ഭാഗത്തു
നിന്നുണ്ടാകുമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ ആഭ്യന്തര സെക്രട്ടറിയായിരുന്ന നളിനി നെറ്റോ പറഞ്ഞിരുന്നു. അനുമതി നിഷേധിച്ച കാര്യം കലക്ടര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വീഴ്ച വന്നത് പൊലിസിന് തന്നെയാണ്.
അനുമതി നല്‍കരുതെന്ന് ചൂണ്ടിക്കാട്ടി കലക്ടര്‍ക്ക് ആദ്യം റിപ്പോര്‍ട്ട് നല്‍കിയ പൊലിസ് തന്നെ പിന്നീട് കമ്പം നടത്തുന്നതില്‍ തെറ്റില്ലെന്ന് ചൂണ്ടിക്കാട്ടി മറ്റൊരു റിപ്പോര്‍ട്ട് നല്‍കിയത് ദുരൂഹത ഉയര്‍ത്തുന്നു. ഇത് എന്തിനാണെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നുവെന്നും ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."