മുഖ്യമന്ത്രി കസേരയ്ക്ക് യെദ്യൂരപ്പയുടെ നീക്കം: പുറത്തുവന്നത് പഴയ കോഴക്കളിയുടെ ഉള്ളുകള്ളികള്‍
ന്യൂഡല്‍ഹി: 2008ല്‍ ആദ്യമായി ദക്ഷിണേന്ത്യന്‍ സംസ്ഥാനത്ത് അധികാരം പിടിച്ചെടുക്കാന്‍ യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബി.ജെ.പി നടത്തിയ കോഴക്കളിയുടെ ഉള്ളുകള്ളികളാണ് യെദ്യൂരപ്പയുടെ ഡയറിയിലൂടെ പുറത്തുവന്നത്. അക്കാലത്ത് കര്‍ണാടകയില്‍ അധികാരം പിടിക്കാന്‍ യെദ്യൂരപ്പ വ്യപകമായി പണം ചിലവിട്ടുവെന്ന ആരോപണമുയര്‍ന്നിരുന്നു.
2008 മെയ് 30ന് അദ്ദേഹം കര്‍ണാടക മുഖ്യമന്ത്രിയായി അധികാരമേറ്റെങ്കിലും സംസ്ഥാനത്തെ അനധികൃത ഖനനത്തെക്കുറിച്ച് കര്‍ണാടക ലോകായുക്ത നടത്തിയ അന്വേഷണത്തില്‍ യെദ്യൂരപ്പയുടെ പങ്കും കണ്ടെത്തി. ബംഗളൂരുവിലും ഷിമോഗയിലും ഖനനഭൂമി നല്‍കിയതില്‍ യെദ്യൂരപ്പ പണം കൈപ്പറ്റിയെന്നായിരുന്നു കണ്ടെത്തല്‍. ബെല്ലാരി, തുംകൂര്‍, ചിത്രദുര്‍ഗ ജില്ലകളിലെ നിയമവിരുദ്ധ ഇരുമ്പയിര് കടത്ത് മാഫിയയുമായും യെദ്യൂരപ്പയ്ക്കുള്ള ബന്ധവും കണ്ടെത്തി. ഇതെത്തുടര്‍ന്ന് 2011 ജൂലൈ 31ന് അദ്ദേഹത്തിന് രാജിവയ്‌ക്കേണ്ടി വന്നു.
ബെല്ലാരിയിലെ ഖനനമാഫിയാത്തലവനായ ജനാര്‍ദ്ദനന്‍ റെഡ്ഢി യെദ്യൂരപ്പക്ക് മുഖ്യമന്ത്രിക്കസേര ഉറപ്പിക്കാന്‍ പണം നല്‍കിയെന്നതിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്തായത്. കോണ്‍ഗ്രസ് നേതാവ് ശിവകുമാറിന്റെ വീട്ടില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് ഈ ഡയറി കണ്ടെടുക്കുന്നത്. എന്നാല്‍, അന്വേഷണം നടത്താതെ സര്‍ക്കാര്‍ ഇത് പൂഴ്ത്തി. 2017 ഫെബ്രുവരി 25ന് കോണ്‍ഗ്രസ് നേതാവ് എച്ച്.എം രേവണ്ണ ബംഗളൂരുവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്രനേതൃത്വത്തിന് യെദ്യൂരപ്പ നല്‍കിയ കോടികളുടെ വിവരങ്ങളടങ്ങിയ ഡയറി തങ്ങളുടെ കയ്യിലുണ്ടെന്ന വെളിപ്പെടുത്തിയിരുന്നു. ഡയറി പുറത്തുവിടുമെന്ന് രേവണ്ണ പറഞ്ഞെങ്കിലും അതുണ്ടായില്ല. ഇതിനിടെ യെദ്യൂരപ്പയും മറ്റൊരു ബി.ജെ.പി എം.എല്‍എയായ ഈശ്വരപ്പയും തമ്മില്‍ കലഹമുണ്ടായി. 2018 മെയ് 11ന് യെദ്യൂരപ്പയുടെ സെക്രട്ടറി സന്തോഷ് തന്നെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയും മര്‍ദിക്കുകയും ചെയ്തുവെന്നാരോപിച്ച് ഈശ്വരപ്പയുടെ സഹായി എ. വിനയ് പൊലിസില്‍ പരാതി നല്‍കി.
വിനയിനെ തട്ടിക്കൊണ്ടുപോകാന്‍ യെദ്യൂരപ്പയുടെ ആളുകള്‍ ശ്രമിച്ചത് ഈശ്വരപ്പയ്‌ക്കെതിരായ ചില വിവരങ്ങള്‍ കിട്ടാന്‍ വേണ്ടിയായിരുന്നുവെന്ന് ബി.ജെ.പി യുവ നേതാവ് രാജേന്ദ്ര പരസ്യമായി ആരോപിച്ചു. ഇതേസമയത്ത് തന്നെയാണ് യെദ്യൂരപ്പയുടെ വീട്ടില്‍നിന്ന് ഡയറി മോഷണം പോകുന്നത്. ഡയറി ചെന്നെത്തിയത് കോണ്‍ഗ്രസ് നേതാവും യെദിയൂരപ്പയുടെ മുഖ്യ എതിരാളിയുമായ ഡി.കെ ശിവകുമാറിന്റെ കൈവശമായിരുന്നു. ശിവകുമാറിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ ആദായ നികുതി വകുപ്പ് ഡയറി കണ്ടെടുത്തു. ആദായ നികുതി വകുപ്പ് പൂഴ്ത്തിയ ഈ ഡയറിയാണ് ഇപ്പോള്‍ പുറത്തായത്. വിനയിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ യദ്യൂരപ്പ സന്തോഷിനെ സഹായിച്ചിരുന്നില്ല. ഇതില്‍ അതൃപ്തനായ സന്തോഷ് തന്നെയാണ് ഡയറി കൈമാറിയതെന്നാണ് കരുതുന്നത്. യെദ്യൂരപ്പയെ അധികാരത്തിലെത്തിച്ച ജനാര്‍ദ്ദനന്‍ റെഡ്ഢി നിലവില്‍ രണ്ടു സംസ്ഥാനങ്ങളിലായി രജിസ്റ്റര്‍ ചെയ്ത 63 കേസുകളില്‍ പ്രതിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."