ഉത്ര കൊലക്കേസ്: സൂരജിന്റെ വീട്ടില്‍ പൊലിസും റവന്യൂ വകുപ്പും പരിശോധന നടത്തി
കൊല്ലം: അഞ്ചല്‍ ഉത്ര കൊലക്കേസില്‍ അന്വേഷണത്തെ ബാധിക്കും വിധം ഒന്നാം പ്രതി സൂരജും കുടുംബാംഗങ്ങളും പ്രതികരിക്കുന്നത് നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍. ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിനോട് സഹകരിക്കാതെയാണ് സൂരജിന്റെ അച്ഛന് സുരേന്ദ്രന് പണിക്കരുടെ നീക്കം.
അറസ്റ്റിനുമുമ്പുതന്നെ സൂരജിന്റെ അച്ഛന് തന്റെ പേരിലുള്ള വസ്തുവകകള്‍ തന്റെകൂടി അനുമതിയില്ലാതെ അറ്റാച്ച് ചെയ്യാന്‍ പാടില്ലെന്ന് കാണിച്ച് കെവിയറ്റ് ഹരജി നല്‍കിയിരുന്നു. ഇത് പിടിക്കപ്പെടുമെന്ന് മനസിലാക്കിയുള്ള ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് വിലയിരുത്തുന്നത്.
മകന് പാമ്പ് പിടിത്തക്കാരുമായി സൗഹൃദമുണ്ടായിരുന്നതായി സുരേന്ദ്രന് പൊലിസിനോട് സമ്മതിച്ചു. അതേസമയം, നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍, ആസൂത്രണത്തോടെയാണ് സൂരജും കുടുംബാംഗങ്ങളും പ്രതികരിക്കുന്നതെന്ന് അന്വേഷണ സംഘത്തിന് മനസിലായതോടെ പരമാവധി തെളിവുകള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘവും നീങ്ങുന്നത്.സുരേന്ദ്രന് പണിക്കര്‍ മദ്യപിച്ചെത്തി ഉത്രയെ അസഭ്യം പറഞ്ഞിരുന്നതായി പൊലിസിനു വിവരം ലഭിച്ചിരുന്നു.
ഇതുസംബന്ധിച്ചും അന്വേഷണം നടത്തുന്നുണ്ട്. ഉത്രയുടെ അയല്‍വാസികളില്‍ നിന്ന് അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചു. സൂരജിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തെളിവെടുപ്പ് ഇന്നലെ നടന്നു. ഉത്രയുടെ സ്വര്‍ണം പണയംവെച്ചതിനെക്കുറിച്ചും ലോക്കറില്‍ നിന്ന് സ്വര്‍ണം മാറ്റിയതിനെപ്പറ്റിയുമുള്ള വിവരങ്ങള്‍ക്ക് ബാങ്കുകളിലെത്തിച്ച് തെളിവെടുത്തു. മാത്രമല്ല ഉത്രയുടെ പേരില്‍ സൂരജ് വന്‍തുകയ്ക്ക് ഇന്‍ഷുറന്‍സ് പോളിസികളെടുത്തതു സംബന്ധിച്ച വിവരങ്ങളും പരിശോധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."