തിരിച്ചടിച്ച് ചൈന യു.എസ് ഉല്പന്നങ്ങള് ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തിവച്ച് ചൈന
ബെയ്ജിങ്: ഹോങ്കോങ് വിഷയത്തില്‍ യു.എസ് അനാവശ്യമായി ഇടപെടുന്നതില്‍ പ്രതിഷേധിച്ച് സോയബീന്‍സ് ഉള്‍പ്പെടെ അമേരിക്കയില്‍ നിന്നുള്ള കാര്‍ഷിക ഉല്പന്നങ്ങള് ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തിവച്ച് ചൈന. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പുതിയ ശീതസമരം രൂപപ്പെടുന്നതിനിടെയാണിത്.
ഹോങ്കോങ്ങിനുള്ള വ്യാപാര മുന്‍ഗണനയും മറ്റു ആനുകൂല്യങ്ങളും യു.എസ് അവസാനിപ്പിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ട്രംപ് പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് ഇതിന് തക്ക മറുപടി നല്‍കുമെന്ന് ചൈനയും പ്രഖ്യാപിച്ചു.
ജനുവരിയില്‍ യു.എസും ചൈനയും ഒപ്പുവച്ച ഒന്നാംഘട്ട വ്യാപാര കരാര്‍ അനുസരിച്ച് ഈവര്‍ഷം 3,650 കോടി ഡോളറിന്റെ യു.എസ് കാര്‍ഷിക ഉല്പന്നങ്ങള് ഇറക്കുമതി ചെയ്യുമെന്ന് ചൈന അറിയിച്ചിരുന്നു. എന്നാല്‍ കൊവിഡ് കാരണം ഇത് നടന്നിരുന്നില്ല. ചൈന യു.എസില്‍ നിന്ന് 335 കോടി ഡോളറിന്റെ കാര്‍ഷിക ഉല്പന്നങ്ങള് ഇറക്കുമതി ചെയ്യുകയും ചെയ്തു.
കൊവിഡ് വൈറസിനു പിന്നില്‍ ചൈനയാണെന്ന ആരോപണവുമായി യു.എസ് പ്രസിഡന്റ് ട്രംപ് രംഗത്തുവന്നതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം വീണ്ടും വഷളായത്. കൊവിഡ് നിയന്ത്രണവിധേയമായതോടെ ചൈനയില്‍ സമ്പദ്വ്യവസ്ഥ ശക്തിപ്പട്ടുവരുകയാണ്. യു.എസിനു പകരം ബ്രസീലില്‍ നിന്ന് സോയാബീന്‍സ് ഇറക്കുമതി ചെയ്യാനുള്ള തയാറെടുപ്പിലാണ് ചൈന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."