മീനച്ചൂടിനും മേലെ ആല'പ്പുഴ' കടക്കാന്‍ കനത്ത പോരാട്ടം
ആലപ്പുഴ: മീനച്ചൂടിനും മേലെയായി ആലപ്പുഴയുടെ തെരഞ്ഞെടുപ്പ് ആവേശം. രണ്ടു മുന്നണി സ്ഥാനാര്‍ഥികളും വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് എത്തിയവര്‍. അതുകൊണ്ടു തന്നെ കോളജ് തെരഞ്ഞെടുപ്പിന്റെ ആവേശത്തോടെയാണ് ഇരുവരും പ്രചാരണരംഗത്ത് നിറഞ്ഞുനില്‍ക്കുന്നത്.
നാമനിര്‍ദേശ പത്രിക സമര്‍പ്പണവും പിന്‍വലിക്കലും ഉള്‍പ്പെടെ പ്രധാന കടമ്പകള്‍ മുന്നില്‍ കിടക്കുകയാണ്. അതിനുമുന്‍പേ വിപ്ലവ മണ്ണില്‍ ലോക്‌സഭാ പോരാട്ടത്തിനു ചൂടേറി. യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്‍ പ്രചാരണ രംഗത്തേക്ക് ഇറങ്ങിയിട്ട് മൂന്നു ദിവസം പിന്നിട്ടതേയുള്ളു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പേ കളത്തിലിറങ്ങിയ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ.എം ആരിഫ് പ്രചാരണ രംഗത്ത് നിറഞ്ഞുനില്‍ക്കുകയാണ്.
വൈകി ഇറങ്ങിയെങ്കിലും പ്രചാരണ രംഗത്ത് ചലനം സൃഷ്ടിക്കാന്‍ ഷാനിമോള്‍ക്ക് കഴിഞ്ഞു. മണ്ഡലത്തിലെ പ്രമുഖരെ സന്ദര്‍ശിച്ചും കോളജുകളിലെത്തി വിദ്യാര്‍ഥികളുമായി സംവദിച്ചും റോഡ് ഷോയിലൂടെയും ഷാനിമോള്‍ വരാനിരിക്കുന്നത് ശക്തമായ പോരാട്ടമാണെന്ന മുന്നറിയിപ്പ് എതിരാളിക്കു നല്‍കിക്കഴിഞ്ഞു. എല്‍.ഡി.എഫ് കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയാക്കി സ്ഥാനാര്‍ഥിയുടെ മണ്ഡല പര്യടനത്തിലേക്ക് കടക്കുകയാണ്. പ്രമുഖരെ സന്ദര്‍ശിച്ചും കണ്‍വന്‍ഷനുകളില്‍ പങ്കെടുത്തും റോഡ്‌ഷോ നടത്തിയും വിദ്യാര്‍ഥികളുമായി സംവദിച്ചും ഒന്നാംഘട്ടത്തില്‍ മുന്നിലോടി നില്‍ക്കുകയാണ് എ.എം ആരിഫ്.
സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിയതോടെ പിന്നിലായ യു.ഡി.എഫ് പ്രചാരണം ശക്തമാക്കാന്‍ ഒരുങ്ങി കഴിഞ്ഞു. പാര്‍ലമെന്റ് മണ്ഡലം കണ്‍വന്‍ഷന്‍ ഇന്ന് നടക്കും. 24ന് തുടങ്ങുന്ന മണ്ഡലം കണ്‍വന്‍ഷനുകള്‍ 27ന് പൂര്‍ത്തിയാകും. ആരിഫിന്റെ മണ്ഡലംതല സ്ഥാനാര്‍ഥി പര്യടനത്തിന് ഇന്ന് തുടക്കമാകും. മൂന്നു ഘട്ടമായാണ് പര്യടനം ക്രമീകരിച്ചിരിക്കുന്നത്. നാളെ തുടങ്ങുന്ന ഒന്നാംഘട്ട പര്യടനം 29ന് സമാപിക്കും. രണ്ടാംഘട്ടം 31 മുതല്‍ ഏപ്രില്‍ ആറു വരെയും മൂന്നാംഘട്ടം ഏഴു മുതല്‍ 13 വരെയുമാണ് നിശ്ചയിച്ചിട്ടുള്ളത്.
ഒരു നിയമസഭാ മണ്ഡലത്തില്‍ ഒരു ദിവസം എന്ന രീതിയില്‍ ബൂത്ത് അടിസ്ഥാനത്തിലാണ് പര്യടനം നടത്തുന്നത്. കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയാകുന്നതോടെ മാത്രമേ യു.ഡി.എഫിന്റെ ബൂത്ത്തല പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാവൂ. ചുവരെഴുത്തുകളും പോസ്റ്റര്‍ പതിക്കലും പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്. മണ്ഡലത്തിലൂടനീളം ചുവരെഴുത്തുകള്‍ പൂര്‍ത്തിയാക്കിയ എല്‍.ഡി.എഫ് ആരിഫിന്റെ വിവിധ ഭാവങ്ങളിലുള്ള പോസ്റ്ററുകളും പതിച്ചു കഴിഞ്ഞു.
തെരഞ്ഞെടുപ്പിന് ഇനിയും 32 ദിവസം ബാക്കിയായിട്ടുണ്ട്. ദിവസങ്ങളുടെ ദൈര്‍ഘ്യം കൂടിയത് മുന്നണികളെയും സ്ഥാനാര്‍ഥികളെയും വലക്കുന്നതാണ്. ചുട്ടുപൊള്ളുന്ന ചൂടില്‍ പ്രചാരണം കൊഴുപ്പിച്ചു നിര്‍ത്താന്‍ സാമ്പത്തികമായി നന്നായി തന്നെ വിയര്‍പ്പൊഴുക്കേണ്ടി വരും സ്ഥാനാര്‍ഥികള്‍ക്കും മുന്നണികള്‍ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."