മകന്‍ നഷ്ടപ്പെട്ടപ്പോഴും കുഴപ്പമുണ്ടാക്കരുതേയെന്ന് അഭ്യര്‍ഥിച്ച ബംഗാളിലെ ഇമാമിനെ യൂത്ത് ലീഗ് സന്ദര്‍ശിച്ചു
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ അസന്‍സോളിലെ ഇമാം ഇംദാദുദ്ദീന്‍ റഷീദിയെ മുസ്‌ലിം യൂത്ത് ലീഗ് ദേശീയ പ്രതിനിധി സംഘം സന്ദര്‍ശിച്ചു. അസന്‍സോളില്‍ കഴിഞ്ഞ രാമനവമി ഘോഷയാത്രക്കിടെ ആര്‍.എസ്.എസുകാര്‍ ഇമാമിന്റെ മകനായ സിബ്ഹത്തുല്ലയെ കൊലപ്പെടുത്തിരുന്നു. മകന്റെ പേരില്‍ തിരിച്ചടിക്കരുതെന്നും അങ്ങനെ സംഭവിച്ചാല്‍ താന്‍ ഗ്രാമം ഉപേക്ഷിച്ചു പോകുമെന്നുമുള്ള ഇമാമിന്റെ പ്രഖ്യാപനം വന്‍മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. യൂത്ത് ലീഗ് ദേശീയ പ്രസിഡണ്ട് സാബിര്‍ എസ്. ഗഫാര്‍, ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സംഘമെത്തിയത്. 30 വര്‍ഷത്തോളമായി ഇംദാദുല്‍ റഷീദി നമസ്‌കാരത്തിന് നേതൃത്വം നല്‍കിവരുന്ന നൂറാനി മസ്ജിദില്‍ വച്ചാണ് കൂടിക്കാഴ്ച നടന്നത്.
പരീക്ഷാ ഫലം കാത്തിരിക്കുമ്പോഴാണ് അവന്‍ പോയത്. അവന്റെ മരണശേഷം ഫലം പുറത്ത് വരുമ്പോള്‍ മികച്ച വിജയമാണ് സിബ്ഹത്തുല്ല നേടിയത്. അവനോട് ആര്‍ക്കും ഒരു വൈരാഗ്യവും തോന്നില്ല, അത്രക്ക് നിഷ്‌കളങ്കമായിരുന്നു അവന്റെ പെരുമാറ്റം. അവനെ കൊലപ്പെടുത്തിയവര്‍ക്ക് കൃത്യമായ ലക്ഷ്യമുണ്ടായിരുന്നു. ഒരു കലാപമായിരുന്നു അവരുടെ ലക്ഷ്യം. ആ കെണിയില്‍ എന്റെ നാട് വീണുപോകാതിരിക്കാനാണ്. അങ്ങനെ സംഭവിച്ചാല്‍ ഗ്രാമവും, പള്ളിയും ഉപേക്ഷിച്ചു പോകും എന്ന് പ്രഖ്യാപിക്കേണ്ടി വന്നത്. മൂന്നു പതിറ്റാണ്ട് കാലം അവരുടെ ഇമാമായിരുന്നു ഞാന്‍. അവരെന്റെ വാക്ക് തള്ളില്ലെന്ന് എനിക്കുറപ്പായിരുന്നു.. ഇമാം പറഞ്ഞു.
ഞാന്‍ പ്രവാചക മാതൃകയാണ് പിന്തുടര്‍ന്നത് .ഇസ്ലാമിന്റെ മഹത്തായ മാതൃക. ഹംസ (റ) കൊന്നവര്‍ക്ക്, കരള്‍ ചവച്ചു തുപ്പിയവര്‍ക്ക് മഹാനായ പ്രവാചകന്‍ മാപ്പു കൊടുത്തില്ലേ. ഒരു വലിയ ക്രൂരതയുടെ ഇരയായിട്ടും ക്ഷമിക്കാന്‍ പഠിപ്പിച്ച പ്രവാചകന്റെ ദര്‍ശനത്തെ അനുധാവനം ചെയ്യുന്ന നമുക്ക് അത് കഴിയണം. മകന്റെ മയ്യിത്ത് കാണുമ്പോള്‍, ആ പ്രവാചകനെയാണ് ഞാന്‍ ഓര്‍ത്തത്. മക്കാവിജയത്തിന്റെ വേളയില്‍ ,തന്നെ ഉപദ്രവിച്ച എല്ലാവരോടും ക്ഷമിച്ച പ്രവാചക മാതൃക ഗാന്ധിയിലുമുണ്ട്. മുപ്പത് വര്‍ഷക്കാലം ആ മസജിദിന് മിമ്പറില്‍ മുഴങ്ങികേട്ട അനുഗ്രഹീത ഭാഷയില്‍ അദ്ദേഹം പറഞ്ഞുവച്ചു. അദ്ദേഹത്തിന്റെ കണ്ണുകളില്‍ ശാന്തിയുടെ ഒരു മഹാസാഗരമിരമ്പി. കൂടി നിന്നവരുടെ കണ്ണുകള്‍ ഈറനണിഞ്ഞു.
ബാബരി മസ്ജിദ് തകര്‍ന്ന നാളുകളില്‍ സമാനമായ നിലപാടാണ് കേരളത്തില്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്വീകരിച്ചതെന്ന് നേതാക്കള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തി. ശിഹാബ് തങ്ങളെക്കുറിച്ച് വായിച്ചറിഞ്ഞിട്ടുണ്ടെന്നും ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ ഇഷ്ടപ്പെടുന്ന ആളാണ് ഞാനെന്നും അദ്ദേഹം പ്രതികരിച്ചു.
ബംഗാള്‍ സര്‍ക്കാര്‍ അദ്ദേഹത്തിന്റെ മൂത്തമകന് ജോലിയും മറ്റ് സഹായങ്ങളും വാഗ്ദാനം ചെയ്‌തെങ്കിലും ഇമാം നിരസിക്കുകയായിരുന്നു. പക്ഷേ സിബ്ഹതുല്ലയുടെ പേരില്‍ അദ്ദേഹം രൂപീകരിച്ച ട്രസ്റ്റ് ആരംഭിക്കാനിരിക്കുന്ന മതപഠന ശാലക്ക് യൂത്ത് ലീഗ് നല്‍കുന്ന അഞ്ച് ലക്ഷം രൂപ അദ്ദേഹം സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."