സ്റ്റുഡന്റ് പൊലിസ് കേഡറ്റ് പദ്ധതി കൂടുതല്‍ സ്‌കൂളുകളിലേക്ക്
തിരുവനന്തപുരം: കേരള പൊലിസും വിദ്യാഭ്യാസ വകുപ്പും മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് നടപ്പാക്കുന്ന സ്റ്റുഡന്റ് പൊലിസ് കേഡറ്റ് പദ്ധതി കൂടുതല്‍ സ്‌കൂളുകളില്‍ നടപ്പാക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹറ.
95 സ്‌കൂളുകളില്‍ നിന്ന് തെരഞ്ഞെടുത്ത അധ്യാപകര്‍ക്കുള്ള ദശദിന പരിശീലനത്തിന്റെ പാസിങ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുതായി 100 സ്‌കൂളുകളില്‍ സ്റ്റുഡന്റ് പൊലിസ് കേഡറ്റ് പദ്ധതി ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നു. അതില്‍ 71 സ്‌കൂളുകളില്‍ പദ്ധതി ആരംഭിച്ചു. ഇതുള്‍പ്പെടെ 645 സ്‌കൂളുകളില്‍ ഇപ്പോള്‍ പദ്ധതി നിലവിലുണ്ട്. കൂടുതല്‍ സ്‌കൂളുകളില്‍ ഈ വര്‍ഷം തന്നെ പദ്ധതി അനുവദിക്കുന്നതിന് സര്‍ക്കാരിനോട് ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതുകൂടാതെ സംസ്ഥാനത്തെ പരമാവധി സ്‌കൂളുകളില്‍ സര്‍ക്കാരിന് കാര്യമായ സാമ്പത്തിക ബാധ്യത ഇല്ലാതെതന്നെ ഈ പദ്ധതി നടപ്പാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ചര്‍ച്ചചെയ്തു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലകളില്‍ സ്റ്റുഡന്റ് പൊലിസ് കേഡറ്റ് പദ്ധതിയുടെ നേതൃത്വം നല്‍കുന്ന അധ്യാപകര്‍ കമ്മ്യൂണിറ്റി പൊലിസ് ഓഫിസര്‍മാര്‍ എന്നാണ് അറിയപ്പെടുന്നത്. ആദ്യബാച്ചില്‍ 95 അധ്യാപകര്‍ക്കാണ് ഈ പരിശീലനം നല്‍കിയത്. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലെ കമ്മ്യൂണിറ്റി പൊലിസ് ഓഫിസര്‍മാരാണ് പത്തു ദിവസത്തെ ക്യാംപില്‍ പങ്കെടുത്തത്. സമാപന സമ്മേളനത്തില്‍ ഐ.ജി. പി. വിജയന്‍, എസ്.പി കെ.യു കുര്യാക്കോസ്, പൊലിസ് ട്രെയിനിങ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ അനില്‍ ശ്രീനിവാസ്, പദ്ധതി അസിസ്റ്റന്റ് നോഡല്‍ ഓഫിസര്‍ അജിത് കുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."