ജസ്റ്റിസ് പി.സി. ഘോഷ് ആദ്യ ലോക്പാലായി സത്യപ്രതിജ്ഞ ചെയ്തു
ന്യൂഡല്‍ഹി: മുന്‍ സുപ്രിംകോടതി ജഡ്ജി പി.സി. ഘോഷ് ഇന്ത്യയിലെ ആദ്യ ലോക്പാലായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ഡല്‍ഹി രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
2017 മേയില്‍ സുപ്രീംകോടതിയില്‍നിന്ന് വിരമിച്ചയാളാണ് 66കാരനായ ജസ്റ്റിസ് ഘോഷ്. കൊല്‍ക്കത്തയിലെ സെന്റ് സേവ്യേഴ്‌സ് കോളജില്‍ നിന്നും കോമേഴ്‌സില്‍ ബിരുദം നേടിയശേഷം കൊല്‍ക്കത്ത സര്‍വകലാശാലയില്‍ നിന്നും നിയമത്തിലും അറ്റോര്‍ണിയിലും ബിരുദം നേടി. 1976ല്‍ പശ്ചിമ ബംഗാള്‍ ബാര്‍ കൗണ്‍സില്‍ അഭിഭാഷകനായി. 1997 ജൂലായില്‍ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായി. 2012 ജൂണില്‍ ആന്ധ്രപ്രദേശ് ഹൈക്കോടതിയിലേക്ക് മാറ്റം ലഭിക്കുകയും അതേ വര്‍ഷം ഡിസംബര്‍ മാസത്തില്‍ കോടതിയിലെ ചീഫ് ജസ്റ്റിസായി സ്ഥാനകയറ്റം ലഭിക്കുകയും ചെയ്തു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അഴിമതി അന്വേഷിക്കാനുള്ളതാണ് ലോക്പാല്‍. പ്രധാനമന്ത്രി മുതല്‍ കേന്ദ്രസര്‍ക്കാറിന്റെ ഡി വിഭാഗം ജീവനക്കാരുള്‍പ്പടെയുളളവര്‍ ഇതിന്റെ പരിധിയില്‍ വരും. എന്നാല്‍ അന്താരാഷ്ട്ര ബന്ധങ്ങള്‍, പ്രതിരോധം, ആഭ്യന്തര സുരക്ഷ, സ്‌പേസ്, ആറ്റോമിക് എനര്‍ജി തുടങ്ങിയ വിഷയങ്ങളില്‍ പ്രധാനമന്ത്രിയ്‌ക്കെതിരായ അഴിമതിക്കേസുകള്‍ അന്വേഷിക്കാന്‍ അനുമതിയുണ്ടാകില്ല.
അഴിമതി ഇല്ലാതാക്കുന്നതിനുള്ള ലോക്പാല്‍ നിയമം 2013ല്‍ പാസാക്കിയിരുന്നെങ്കിലും ലോക്പാലിനെ നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തയാറായിരുന്നില്ല. സുപ്രിംകോടതി ഇടപെട്ടതിനെത്തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ നിയമനത്തിന് തയാറാവുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."