ഓണ്‍ലൈനില്‍ അടച്ച തുക വരവിലില്ല; റീഡര്‍മാര്‍ നല്‍കുന്നത് മൂന്ന് മാസത്തെ വൈദ്യുതി ബില്‍
ഗിരീഷ് കെ. നായര്‍
കൊച്ചി: ഓണ്‍ലൈനില്‍ വൈദ്യുതി ബില്‍ അടച്ചവരില്‍ പലരും വെട്ടിലായതായി പരാതി. ലോക്ക്ഡൗണ്‍ കാലത്ത് ഓണ്‍ലൈനില്‍ അടച്ച തുക വരവ് വയ്ക്കാതെ മൂന്നു മാസത്തെ ഭീമമായ ബില്ലാണ് പലര്‍ക്കും മീറ്റര്‍ റീഡര്‍മാര്‍ നല്‍കിയത്.
ലോക്ക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മുതല്‍ വീടുകളിലെത്തി മീറ്റര്‍ റീഡിങ് എടുക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇവര്‍ കണക്കുകൂട്ടി എഴുതുന്നത് കഴിഞ്ഞ മൂന്നു മാസത്തെ ബില്ലാണ്. ഈ ബില്ലില്‍ ഓണ്‍ലൈനില്‍ അടച്ച തുക കിഴിച്ചുതരാന്‍ തങ്ങള്‍ക്കാവില്ലെന്നാണ് റീഡിങ് എടുക്കുന്നവരുടെ വിശദീകരണം.
കൊവിഡ് 19നെ തുടര്‍ന്നുണ്ടായ ലോക്ക് ഡൗണില്‍ വൈദ്യുതി വകുപ്പ് ഓഫിസുകള്‍ അടഞ്ഞുകിടന്നിട്ടും ബില്‍തുക അറിയിപ്പ് ഉപഭോക്താക്കളുടെ മൊബൈല്‍ ഫോണിലും മെയിലിലും ഓണ്‍ലൈന്‍ അക്കൗണ്ടുകളിലുമൊക്കെ എത്തിയിരുന്നു.
അടച്ചില്ലെങ്കില്‍ വൈദ്യുതി കട്ടുചെയ്യുന്ന തിയതിയും ഒപ്പമുണ്ടായിരുന്നതിനാല്‍ പലരും ഓടിനടന്ന് ഓണ്‍ലൈനിലൂടെ പണമടച്ചു. അടയ്ക്കാനാവാത്തവര്‍ പിന്നീട് അടച്ചാല്‍ മതിയെന്നും ആരും ഇതിനായി വൈദ്യുതി ബോര്‍ഡ് ഓഫിസുകള്‍ സന്ദര്‍ശിക്കേണ്ടെന്നും തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ടായി.
ഇതോടെ ബില്‍തുക അടയ്ക്കാതെ കാത്തിരുന്നവര്‍ക്ക് റീഡിങ് നടത്തി ബില്‍ കിട്ടുന്നതോടെ അടയ്ക്കാനായി. അടച്ചവരാകട്ടെ പ്രതിസന്ധിയിലുമായി. ഓണ്‍ലൈനില്‍ പണമടച്ചിട്ടും മീറ്റര്‍ റീഡിങ് എടുക്കാന്‍ വരുന്നവര്‍ക്ക് ഈ വിവരം ലഭ്യമല്ലാത്തതിനാലാണ് മൂന്നുമാസത്തെ ബില്‍ തുക കൂട്ടി എഴുതുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഇപ്രകാരം കൂട്ടിയെഴുതിയ തുക കുറവ് ചെയ്ത് കിട്ടണമെങ്കില്‍ വൈദ്യുതി ബോര്‍ഡ് ഓഫിസുകളില്‍ എത്തണമെന്നത് കൂടുതല്‍ തലവേദന ഉണ്ടാക്കുന്നു.
അതിനിടെ, ഓണ്‍ലൈനില്‍ അടച്ച തുകയും വൈദ്യുതി ബോര്‍ഡിന്റെ അക്കൗണ്ടില്‍ കാണുന്നില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. ലോക്ക്ഡൗണിനിടെ വൈദ്യുതി ബോര്‍ഡിനുണ്ടായ സാങ്കേതിക പ്രശ്‌നമായിരിക്കാം ഇതിനു കാരണമെന്നും തങ്ങള്‍ കൃത്യമായി പണം ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ടെന്നുമുള്ള നിലപാടിലാണ് പല ബാങ്കുകളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."