ഹജ്ജ് ആഭ്യന്തര സര്‍വിസ് കമ്പനികള്‍ക്കുള്ള തമ്പ് വിതരണം ഇന്നുമുതല്‍
ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജിനുള്ള ആഭ്യന്തര സര്‍വിസ് സ്ഥാപനങ്ങള്‍ക്കുള്ള തമ്പുകളുടെ കൈമാറ്റം ഇന്നുമുതല്‍ നടക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം തമ്പുകള്‍ മറ്റുള്ളവര്‍ക്ക് കൈമാറുന്നതിനും വാടകയ്ക്ക് നല്‍കുന്നതിനും എതിരേ സര്‍വിസ് കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും മന്ത്രാലയം ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സര്‍വിസ് സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന സ്ഥലങ്ങള്‍ മറ്റു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല. എന്തെങ്കിലും കാരണങ്ങളാല്‍ തമ്പുകള്‍ കൈയൊഴിയുന്നതിന് ആഗ്രഹിക്കുന്ന പക്ഷം ദുല്‍ഖഅ്ദ് എട്ടിനുമുമ്പ് അവ ഹജ്ജ് ഉംറ മന്ത്രാലയത്തെ തിരിച്ചേല്‍പ്പിക്കണം. കാല്‍നടയാത്രക്കാരുടെ ഉപയോഗത്തിന് നീക്കിവച്ച ടോയ്‌ലെറ്റുകളില്‍ തമ്പുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിന് വിലക്കുണ്ട്. തമ്പുകളിലെ ആവശ്യങ്ങള്‍ക്ക് ടോയ്‌ലെറ്റുകളില്‍നിന്ന് വൈദ്യുതി എടുക്കാനും പാടില്ല.
ഓരോ സ്ഥാപനങ്ങളും തങ്ങള്‍ക്ക് അനുവദിക്കപ്പെട്ട തമ്പുകളുടെ അതിരുകള്‍ കര്‍ശനമായി പാലിക്കണം. ഇരുമ്പു വേലികളും ബാരിക്കേഡുകളും നീക്കം ചെയ്യുന്നതിനും സമീപത്തെ തമ്പുകളും പൊതുശുചിമുറികള്‍ അടക്കമുള്ളവയും കൈയേറാനും പാടില്ല.
തമ്പുകള്‍ വൃത്തിയായി സൂക്ഷിക്കുകയും സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുകയും വേണം. പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്, ജവ, വൈദ്യുതി മന്ത്രാലയം, സിവില്‍ ഡിഫന്‍സ് എന്നിവയുമായി മുന്‍കൂട്ടി ഏകോപനം നടത്തുകയും രേഖാമൂലമുള്ള അനുമതി വാങ്ങുകയും ചെയ്യാതെ തമ്പുകളില്‍ യാതൊരു വിധ മാറ്റങ്ങളും വരുത്തുന്നതിന് അനുവദിക്കില്ല.
അതേസമയം മുസ്ദലിഫയില്‍ സര്‍വിസ് സ്ഥാപനങ്ങള്‍ക്കുള്ള സ്ഥലങ്ങള്‍ കൈമാറുന്ന തിയതി പിന്നീട് പ്രഖ്യാപിക്കും. മുസ്ദലിഫയില്‍ പ്രധാനവഴികളും എമര്‍ജന്‍സി വഴികളും നടപ്പാതകളും തീര്‍ഥാടകരെ പാര്‍പ്പിക്കുന്നതിന് ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. ഇതിനു പുറമെ ഇവിടെ അനുവദിക്കുന്ന സ്ഥലങ്ങളില്‍ തമ്പുകള്‍ സ്ഥാപിക്കാനും പാടില്ല. ഓരോ രണ്ടായിരം ചതുരശ്രമീറ്ററിനും നാലു എമര്‍ജന്‍സി എക്‌സിറ്റുകള്‍ വീതമാണ് ഒരുക്കേണ്ടത്. മുസ്ദലിഫയില്‍ ഭക്ഷണം പാകം ചെയ്യുന്നതിനും ദ്രവീകൃത പ്രകൃതി വാതകം ഉപയോഗിക്കുന്നതിനും വിലക്കുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."