സിഗ്നല്‍ തകരാര്‍; ട്രെയിന്‍ ഗതാഗതം താളം തെറ്റി
തിരുവനന്തപുരം: തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സിഗ്നല്‍ തെറ്റിച്ചുനീങ്ങിയ എഞ്ചിന് ട്രെയിന്‍ ഗതാഗതം താറുമാറാക്കി. ലോക്കോഷെഡില്നിന്നുള്ള എഞ്ചിന് സ്റ്റേഷനിലേക്കു കൊണ്ടുവരുന്നതിനിടെ പാളത്തില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്നു രാവിലെ 9.30നുശേഷം രണ്ടുമണിക്കൂറോളം ട്രെയിന്‍ ഗതാഗതം താളം തെറ്റി. ഇതു ജോലിക്കാരുള്‍പ്പെടെയുള്ള സ്ഥിരം യാത്രക്കാരെ വലച്ചു.
ഒരു പാളത്തില്‍ തകരാറു വന്നതോടെ ഓട്ടോമാറ്റിക് സിഗ്നല്‍ സംവിധാനം പൂര്‍ണമായും നിശ്ചലമായി. ഇതോടെ തിരുവനന്തപുരത്തേക്കു വന്ന ട്രെയിനുകള്‍ മുരുക്കുപുഴ വരെയുള്ള വിവിധ സ്റ്റേഷനുകളില്‍ നിര്‍ത്തിയിട്ടു. രാവിലെ എത്തേണ്ട ട്രെയിനുകള്‍ 11.30നുശേഷമാണു തലസ്ഥാനത്ത് എത്തിയത്. റെയില്‍വേ പൊലിസ് സ്റ്റേഷനു സമീപത്ത് ലോക്കോ എഞ്ചിനുകള്‍ നിര്‍ത്തിയിടുന്ന ലേ ബൈ ലൈനിലാണ് അപകടമുണ്ടായത്.
തിരുവനന്തപുരം സിഗ്നല്‍ കാബിനില്നിന്നുള്ള റിസീവിങ് സിഗ്നല്‍ പേട്ട മുതലാണ് സജ്ജീകരിച്ചിട്ടുള്ളത്. സിഗ്നല്‍ തകരാറായതോടെ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടിരുന്ന ഒരോ ട്രെയിനിനും സ്റ്റേഷന്മാസ്റ്റര്മാര് നേരിട്ട് സിഗ്നല്‍ നല്കി സ്വീകരിക്കേണ്ടിവന്നു. ഒരു ട്രെയിന്‍ സ്റ്റേഷനില്‍ എത്തിക്കാന്‍ കുറഞ്ഞത് 45 മിനുട്ടെങ്കിലും വേണ്ടിവന്നു.
സിഗ്നല്‍ തകരാറായതിനെത്തുടര്‍ന്ന് ഇന്റര്‍സിറ്റി, വഞ്ചിനാട്, കന്യാകുമാരി, മെമു, ട്രിവാന്‍ഡ്രം മെയില്‍ തുടങ്ങിയ ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ നിര്‍ത്തിയിട്ടു. പതിനൊന്നിനുശേഷമാണ് തിരുവനന്തപുരം സ്റ്റേഷനില്‍ ട്രെയിനുകള്‍ സ്വീകരിക്കാന്‍ കഴിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."