ഉ.കൊറിയ ആണവ സമ്പുഷ്ടീകരണം തുടരുന്നുവെന്ന് യു.എസ്
വാഷിങ്ടണ്‍: സിംഗപ്പൂരില്‍ നടന്ന ഉച്ചകോടിക്ക് ശേഷവും ഉത്തരകൊറിയ ആണവ സമ്പുഷ്ടീകരണം തുടരുന്നുണ്ടെന്ന് യു.എസ് രഹസ്യാന്വേഷണ അധികൃതര്‍.
ആണവായുധത്തിന് വേണ്ടിയുള്ള ഇന്ധന നിര്‍മാണം ഉത്തരകൊറിയ വന്‍തോതില്‍ വര്‍ധിപ്പിച്ചെന്ന് കരുതുന്നുവെന്ന് യു.എന്‍ രഹസ്യാന്വേഷണ ഏജന്‍സി അധികൃതര്‍ എന്‍.ബി.സി ന്യൂസിനോട് പറഞ്ഞു.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കിം ജോങ് ഉന്നും നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം ഉത്തരകൊറിയയുടെ ആണവ ഭീഷണി അവസാനിച്ചുവെന്ന് യു.എസ് പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ ഉ.കൊറിയ ആണവായുധ നിര്‍മാണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം നോര്‍ത്ത് കൊറിയ 38 വെബ്സൈറ്റ് വെളിപ്പെടുത്തിയിരുന്നു. യോങ്ബ്യാന് ആണവ കേന്ദ്രത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ സാറ്റ്ലൈറ്റ് ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഈ വെളിപ്പെടുത്തല്‍.
ആണവായുധങ്ങള്‍ തങ്ങളുടെ നിലനില്‍പ്പിന് അനിവാര്യമാണെന്ന് ഉ.കൊറിയ വിശ്വസിക്കുന്നുണ്ടെന്ന് യു.എസ് രഹസ്യാന്വേഷണ അധികൃതര്‍ എന്‍.ബി.സിയോട് പറഞ്ഞു.
ആണവായുധ നിര്‍മാണത്തില്‍ നിന്ന് ഉ.കൊറിയ പിന്തിരിഞ്ഞുവെന്നതിന് തെളിവുകളൊന്നുമില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍ എന്‍.ബി.സി ചാനലിന്റെ റിപ്പോര്‍ട്ടിനോട് വൈറ്റ്ഹൗസ് പ്രതികരിച്ചിട്ടില്ല.
സിംഗപ്പൂരില്‍ നടന്ന ഉച്ചകോടിയുടെ പ്രധാന തീരുമാനമാണ് ഉ.കൊറിയയുടെ ആണവ നിരായുധീകരണം. എന്നാല്‍ നിരായുധീകരണവുമായി ബന്ധപ്പെട്ട് ഉ.കൊറിയയുടെ ഭാഗത്ത് നിന്ന് പിന്നീട് നടപടികളൊന്നുമുണ്ടായിരുന്നില്ല.
പൂര്‍ണമായുള്ള ആണവ നിരായുധീകരണത്തിന് ഉ.കൊറിയ തുടക്കമിട്ടെന്ന് ട്രംപ് കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. കൂടാതെ ഉച്ചകോടിയില്‍ തീരുമാനിച്ച യു.എസ്- ദക്ഷിണകൊറിയ സംയുക്ത സൈനിക അഭ്യാസം റദ്ദാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."