വിരമിക്കും മുന്‍പ് ടോം ജോസ് നടത്തിയ ഹെലികോപ്റ്റര്‍ യാത്ര ദുരൂഹം: വിമര്‍ശിച്ച് ചെന്നിത്തല
തിരുവനന്തപുരം: സര്‍വിസില്‍ നിന്നും വിരമിച്ച ടോം ജോസിനെതിരേ രൂക്ഷ ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.സര്‍വിസില്‍ നിന്ന് വിരമിക്കുന്നതിന് ഒരു ദിവസം മുമ്പ് ചീഫ് സെക്രട്ടറി ടോം ജോസ് ഡിജിപി ലോക്നാഥ് ബെഹ്റക്കൊപ്പം ഹെലികോപ്ടര്‍ യാത്ര നടത്തിയതില്‍ ദുരൂഹതയുണ്ടെന്ന് ചെന്നിത്തല ആരോപിച്ചു.പ്രളയത്തില്‍ അടിഞ്ഞു കൂടിയ മണല്‍ നീക്കം ചെയ്യാന്‍ ഉത്തരവിറക്കാനായിരുന്നു യാത്ര.
മാലിന്യം നീക്കം ചെയ്യാനെന്ന പേരില്‍ മണല്‍ വില്‍പ്പന നടത്താനാണ് ശ്രമം. പൊതുമേഖല സ്ഥാപനത്തിന്റെ പേരില്‍ വില്പന നടത്താനുള്ള നീക്കമാണ് നടക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.ഒരു ലക്ഷത്തിലധികം മെട്രിക് ടണ്‍ മണലാണ് പ്രളയത്തില്‍ അടിഞ്ഞുകൂടിയത്. രണ്ടു വര്‍ഷമായി മണ്ണ് കെട്ടിക്കിടക്കുക. മഴക്കാലമെത്തിയതോടെ വനം വകുപ്പ് അറിയാതെ ദുരന്തനിവാരണ നിയമമനുസരിച്ചാണ് ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയത്.
ഇക്കാര്യത്തെക്കുറിച്ച് വനംമന്ത്രിക്ക് ഒന്നും അറിയില്ലെന്ന് പറയുന്നു. പെട്ടെന്നുള്ള ഉത്തരവില്‍ ദുരൂഹതയുണ്ട്.വന സ്വത്തായ മണ്ണ് നീക്കം ചെയ്യാമെന്നല്ലാതെ വില്ക്കാന് കഴിയില്ല. ഇതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വാങ്ങിയിട്ടില്ല. കണ്ണൂരിലെ സി പി എം നേതാവ് ഗോവിന്ദന് ചെയര്‍മാനായ സ്ഥാപനത്തിനാണ് മണ്ണ് വില്‍ക്കുന്നത്. പൊതുമേഖലയെ മുന്‍ നിര്‍ത്തി സ്വകാര്യ കമ്പനികളെ സഹായിക്കുകയാണ് ചെയ്യുന്നത്. കൊവിഡിന്റെ മറവില്‍ കേരളത്തില്‍ എന്തു തോന്നിവാസവും നടത്താമെന്ന സ്ഥിതിയിലാണ് സര്‍ക്കാര്‍.
ഓണ്‍ലൈന്‍ വിദ്യാഭ്യാസ പരിപാടി ആരംഭിക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ മുന്നൊരുക്കം നടത്തിയില്ല. അതുണ്ടാകാത്തതിന്റെ പേരില്‍ ഒരു കുട്ടി ആത്മഹത്യ ചെയ്തു. സര്‍ക്കാര്‍ അവധാനത കാണിക്കണമായിരുന്നെന്നും ചെന്നിത്തല ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."