ശിഈകളെ കൂടെ നിര്‍ത്തി മുസ്‌ലിം വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ബി.ജെ.പി
ന്യൂഡല്‍ഹി: ശീഈ വിഭാഗത്തെ കൂടുതല്‍ പാര്‍ട്ടിയുമായി അടുപ്പിച്ച് ബി.ജെ.പി മുസ്‌ലിം വോട്ടുകള്‍ ഭിന്നിപ്പിക്കുന്നു. നേരത്തെ തന്നെ ബി.ജെ.പിയുമായി സഹകരിച്ചുപോന്നിരുന്ന മുസ്ലിംകളിലെ ഏകവിഭാഗമാണ് ശീഈകള്‍. 17 കോടി വരുന്ന ഇന്ത്യന്‍ മുസ്‌ലിംകളില്‍ 2- 3 കോടി പേര്‍ ശീഈ വിഭാഗക്കാരാണ്. ഇതാവട്ടെ രാജ്യത്തെ മുസ്‌ലിം ജനസംഖ്യയുടെ 10- 13 ശതമാനം വരും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശീഈ വിഭാഗക്കാര്‍ താമസിക്കുന്ന ഉത്തര്‍പ്രദേശാണ് ബി.ജെ.പിയുടെ 'ഭിന്നിപ്പിക്കല്‍ തന്ത്ര'ത്തിന്റെ പരീക്ഷണശാല.
ബി.ജെ.പിയുടെ ആദ്യ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയ് അഞ്ചുതവണ പ്രതിനിധീകരിച്ച യു.പി തലസ്ഥാനമായ ലഖ്‌നൗവില്‍ മാത്രം അഞ്ചുലക്ഷത്തിലേറെ ശീഈ വിശ്വാസികളുണ്ട്. മുഹര്‍റം ആചരണത്തോടനുബന്ധിച്ച് ലക്‌നൗയില്‍ സുന്നി- ശീഈ സംഘര്‍ഷം പതിവായതോടെ 1977ല്‍ പരിപാടി വിലക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. പിന്നീട് വാജ്‌പേയിയാണ് പരിപാടി നടത്താന്‍ അനുമതി നല്‍കിയത്. ഇക്കാലയളവില്‍ ശീഈ നേതാക്കളുമായി വാജ്‌പേയി തുടര്‍ന്ന ബന്ധം പിന്നീട് മറ്റു ബി.ജെ.പി നേതാക്കളും പിന്തുടരുകയായിരുന്നു.
ഈ അടുപ്പം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു വേണ്ടി ശീഈ നേതാക്കള്‍ പ്രചാരണം നടത്തുന്നതുവരെയെത്തി. സംഘപരിവാറിന്റെ ഗോരക്ഷാസേനാ മാതൃകയില്‍ ശീഈ യുവ നേതാവും ഹുസൈനി ടൈഗേഴ്‌സ് മേധാവിയുമായ ഷാമില്‍ ശംസി ശീഈ ഗോരക്ഷക് ദളും രൂപീകരിച്ചു.
ഇസ്‌ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെ കൊലപ്പെടുത്തുന്നവര്‍ക്ക് 15 ലക്ഷം രൂപ വാഗ്ദാനംചെയ്ത ഷാമിലിന്റെ പ്രസ്താവന വിവാദമായിരുന്നു.
കേന്ദ്രത്തിലെ നരേന്ദ്രമോദി മന്ത്രിസഭയിലെ ഏക മുസ്‌ലിം പ്രതിനിധിയായ മുഖ്താര്‍ അബ്ബാസ് നഖ്‌വി, യു.പിയിലെ യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ ഏക മുസ്‌ലിം അംഗം മുഹ്‌സിന്‍ റാസ, ന്യൂനപക്ഷകമ്മിഷന്‍ ചെയര്‍മാന്‍ സയ്യിദ് ഗൈറുല്‍ ഹസന്‍ രിസ്‌വി, യു.പി. ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ ഹൈദര്‍ അബ്ബാസ് എന്നിവര്‍ ശീഈ സമുദായത്തില്‍ നിന്നുള്ളവരാണ്.
വിവാദ പ്രസ്താവനകള്‍ പതിവായി പുറപ്പെടുവിക്കാറുള്ള യു.പി ശീഈ വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ വസീം രിസ്‌വിക്ക് അടുത്തിടെ സംസ്ഥാന സര്‍ക്കാര്‍ 'വൈ' കാറ്റഗറി സുരക്ഷ നല്‍കി ഉത്തരവിട്ടിരുന്നു.
ബി.ജെ.പിയില്‍ നിന്നുള്ള ഇത്തരം ആനുകൂല്യങ്ങള്‍ക്കു പകരമായി അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാനുള്ള നീക്കങ്ങള്‍ക്ക് ഒരുവിഭാഗം ശീഈ നേതാക്കളും പിന്തുണ പ്രഖ്യാപിച്ചു. രാമക്ഷേത്രനിര്‍മാണത്തിനായി നിയമം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് അടുത്തിടെ വസീം രിസ്‌വി പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കത്തുമയച്ചു.
സമാജ് വാദി പാര്‍ട്ടിയിലെ പ്രമുഖ ശീഈ നേതാവായ ഭുക്കാല്‍ നവാബ് അടുത്തിടെയാണ് പാര്‍ട്ടിയില്‍ നിന്നു രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നത്. ഭൂമിഇടപാട് കേസില്‍ അറസ്റ്റ് നടപടികള്‍ ഉണ്ടാവുമെന്ന ഘട്ടത്തിലാണ് നവാബ് എസ്.പി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത്. തുടര്‍ന്ന് അദ്ദേഹം രാഷ്ട്രീയ ശിയാ സമജ് (ആര്‍.എസ്.എസ്) രൂപീകരിച്ച് 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു വേണ്ടി പ്രചാരണത്തിനു തുടക്കവും കുറിച്ചു.
നവാബും മന്ത്രി മുഹ്‌സിന്‍ റാസയും ലക്‌നൗവിലെ ഹനുമാന്‍ ക്ഷേത്രത്തിലെത്തി പൂജനടത്തുന്ന ചിത്രങ്ങള്‍ സംഘ്പരിവാര കേന്ദ്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു.
അടുത്തിടെ സുപ്രിംകോടതിയില്‍ എത്തിയ മുസ്‌ലിം വ്യക്തിനിയമത്തിനെതിരായ കേസുകളിലെല്ലാം ശീഈ നേതാക്കള്‍ സംഘ്പരിവാര നയം സ്വീകരിച്ചത് ബി.ജെ.പിയുടെ ആവശ്യപ്രകാരമാണെന്നും റിപ്പോര്‍ട്ടുണ്ട്.
ശീഈ വിഭാഗങ്ങള്‍ക്കിടയിലുള്ള പാര്‍ട്ടിയുടെ വര്‍ധിച്ചുവരുന്ന സ്വീകാര്യത അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു ഗുണംചെയ്യുമെന്ന് മുതിര്‍ന്ന നേതാവ് പറഞ്ഞു. എണ്ണത്തില്‍ ശീഈ വിഭാഗം കുറവാണെങ്കിലും ഇതര പ്രതിപക്ഷ കക്ഷികളിലെ മുസ്‌ലിം സ്വാധീനത്തിന് ഇടിവുവരുത്താന്‍ അതിനു കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."