അധികൃതരുടെ അനാസ്ഥ; ആദിവാസികള്‍ക്കുള്ള കുടിവെള്ള പദ്ധതി കടലാസില്‍
പാലക്കാട്: പറമ്പിക്കുളം വനമേഖലയിലെ അല്ലിമൂപ്പന്‍ കോളനിയില്‍ താമസിക്കുന്ന അറുപതോളം ആദിവാസി കുടുംബങ്ങള്‍ക്കുള്ള കുടിവെള്ളപദ്ധതി അധികൃതരുടെ അനാസ്ഥമൂലം കടലാസിലൊതുങ്ങി. 22 ലക്ഷം രൂപയാണ് ഈ പദ്ധതി വിഹിതം. എസ്.സി, എസ്.ടി. ഫണ്ടില്‍നിന്ന് ജില്ലാ കലക്റ്ററുടെ പ്രത്യേക ഉത്തരവ് പ്രകാരം വകയിരുത്തിയാണ് പദ്ധതി കേരള വാട്ടര്‍ അതോറിറ്റിക്ക് നല്‍കിയത്.
അല്ലിമൂപ്പന്‍ കോളനിയുടെ മുകളിലായുള്ള അരുവിയില്‍നിന്ന് 3000 മീറ്റര്‍ താഴേക്ക് ചോലയിലെ വെള്ളം പൈപ്പിട്ട് വീടുകളിലേക്ക് യന്ത്രസഹായമില്ലാതെ നേരിട്ട് വിതരണം ചെയ്യുന്നതാണ് പദ്ധതി. എന്നാല്‍ കുറച്ചുമാത്രം പ്രദേശത്ത് പൈപ്പുകള്‍ നിരത്തി ബില്ലും പാസാക്കി കാരാറുകാരന്‍ മുങ്ങിയതായാണ് ജനങ്ങളുടെ പരാതി. കൂടാതെ കൃത്യമായ പരിശോധനകള്‍ ഉദ്യോഗസ്ഥര്‍ നടത്താത്തതിനാല്‍ ഉപയോഗിച്ച പൈപ്പുകളുടെ വലിപ്പത്തിലും ഗുണനിലവാരത്തിലും അഴിമതിയുള്ളതായും നാട്ടുകാര്‍ ആരോപിക്കുന്നു.
ആറുമാസങ്ങള്‍ക്ക് മുന്‍പ് പണി തുടങ്ങിയതായാണ് പറയപ്പെടുന്നത്. എന്നാല്‍ ആകെ പലപ്പോഴായി കുറെ പൈപ്പുകള്‍ അവിടെയുമിവിടെയുമായി സ്ഥാപിച്ചതായാണ് കാണുന്നത്. ചോലയില്‍നിന്ന് വെള്ളം എടുക്കുന്നതരത്തിലോ വീടുകളില്‍ പൈപ്പുകള്‍ സ്ഥാപിക്കുകയോ ഇതുവരെയായി നടന്നിട്ടില്ല. മുന്‍വര്‍ഷങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട ഒരു പദ്ധതിയുടെ അഴുക്കുചാലിനോട് ചേര്‍ന്നുള്ള സ്ഥലത്ത് ഒഴുകിയെത്തുന്ന വെള്ളമാണ് ഇപ്പോഴും ഇവിടത്തുകാര്‍ക്ക് കുടിക്കാനും കുളിക്കാനും ഏക ആശ്രയം.
വാട്ടര്‍ അതോറിട്ടിക്ക് നല്‍കുന്ന കുടിവെള്ള പദ്ധതികള്‍ വകുപ്പിന് ചെയ്യാന്‍ കഴിയില്ലെന്നും പറഞ്ഞ് സ്വകാര്യ വ്യക്തിക്ക് മറിച്ചുനല്‍കുകയാണ് ചെയ്യുന്നത്. നടപ്പിലാക്കുന്ന കരാറുപണിയുടെ പുരോഗതി പരിശോധനകള്‍ കൃത്യമായി നടത്താതെ കരാര്‍ തുകയുടെ ഗഡുക്കള്‍ അനുവദിച്ച് കരാറുകാരെ സഹായിക്കുകയും സര്‍ക്കാരിന് നഷ്ട്ടം ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്.
കേരള വാട്ടര്‍ അതോറിറ്റി കൃത്യസമയത്ത് പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കി ത്രിതല പഞ്ചായത്തുകള്‍ക്ക് സമര്‍പ്പിക്കാത്തത് കാരണം വകയിരുത്തിയ തുകകള്‍ നഷ്ടമാകുകയും തിരിച്ചടക്കുകയും ചെയ്തതായും വ്യാപക പരാതി ഉയര്‍ന്നിട്ടുണ്ട്. കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് ഫണ്ടില്‍നിന്ന് വനമേഖലയിലെ പൂപ്പാറ ആദിവാസി ഊരിലെ കുടിവെള്ളപ്രശ്‌നം ഒഴിവാക്കാന്‍ കുടിവെള്ളപദ്ധതിക്ക് 2016-2017 ബജറ്റില്‍ തുകയിരുത്തി വാട്ടര്‍ അതോറിട്ടിക്ക് സമര്‍പ്പിട്ട് മാസങ്ങളായിട്ടും രൂപരേഖപോലും തയ്യാറാക്കിയിട്ടില്ല.
പറമ്പികുളത്തെ കുടിവെള്ളപദ്ധതി നടപ്പിലാക്കിയാല്‍ വകുപ്പിന് ലാഭമില്ലെന്നും നഷ്ടമാകുമെന്നതിനാല്‍ ഈ പദ്ധതി ഏറ്റെടുക്കാനാവില്ലെന്നും പറഞ്ഞ് ഒഴിവാക്കുകയും ചെയ്തു. നടപടികളിലെ കാലതാമസം വന്നതുകൊണ്ട് മാത്രം പദ്ധതി നടപ്പിലായില്ല ഈ കടുത്ത വേനലില്‍ കുടിവെള്ളത്തിന് കഷ്ടത്തിലായി.
വാട്ടര്‍ അതോറിറ്റിയുടെ മെല്ലെപോക്ക് കൊണ്ടുമാത്രം പാവങ്ങളെ കുടിവെള്ളത്തിനുപോലും യാചിക്കേണ്ട അവസ്ഥയുണ്ടാക്കുന്നു എന്ന് ബ്ലോക്ക് മെമ്പര്‍ പി. സുഗുണ ആരോപിച്ചു.
കേരള വാട്ടര്‍ അതോറിട്ടിക്ക് നല്‍കുന്ന പദ്ധതികള്‍ സമയക്രമം പാലിക്കാത്ത സ്വകാര്യ വ്യക്ത്തികള്‍ക്ക് മറിച്ചു നല്‍കുന്നതും നടത്തിപ്പ് അവലോകന പരിശോനകളില്‍ വീഴ്ച്ചവരുത്തുന്നതും പൊതുജനങ്ങളെ ദുരിതത്തിലേക്ക് വലിച്ചിഴക്കുകയാണെന്ന് കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാരദ തുളസിദാസ് പറഞ്ഞു. പദ്ധതിയുടെ 25 ശതമാനം ഫണ്ട് മാത്രമേ ഇപ്പോള്‍ അനുവദിച്ചിട്ടുള്ളുവെന്നും സ്ഥലം നേരിട്ട് സന്ദര്‍ശിച്ചശേഷം പെട്ടെന്ന് തന്നെ പദ്ധതി പൂര്‍ത്തികരിക്കുന്നതിന് നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടര്‍ മേരിക്കുട്ടി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."