യുവാവിനെ മരത്തില്‍ കെട്ടിയിട്ട് കത്തിച്ചുകൊന്നു
ലക്‌നൗ: പ്രണയത്തെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ക്കൊടുവില്‍ യു.പിയില്‍ യുവാവിനെ മരത്തില്‍ കെട്ടിയിട്ട ശേഷം കത്തിച്ചുകൊന്നു. ലക്‌നൗവില്‍നിന്ന് 166 കിലോമീറ്റര്‍ അകലെ പ്രതാപ്ഗഢിലാണ് 22കാരനെ അയല്‍വാസികള്‍ വീട്ടില്‍നിന്നു വലിച്ചിറക്കി കൊണ്ടുപോയി മരത്തില്‍ കെട്ടിയിട്ട ശേഷം കത്തിച്ചു കൊന്നത്. നാട്ടിലെ ഒരു യുവതിയുമായി ഉണ്ടായിരുന്ന അടുപ്പമാണ് അംബികപ്രസാദ് പട്ടേല്‍ എന്ന യുവാവിന്റെ ജീവനെടുത്തത്.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. യുവാവിനെ സ്വന്തം വീട്ടില്‍നിന്നു വലിച്ചിഴച്ചു കൊണ്ടുപോയ സംഘം മരത്തില്‍ കെട്ടിയിട്ട് മര്‍ദിക്കുകയും പിന്നീട് തീകൊളുത്തുകയുമായിരുന്നു. സംഭവമറിഞ്ഞ ഇയാളെ രക്ഷിക്കാന്‍ സ്ഥലത്തെത്തിയ പൊലിസുകാരെയും ഇവര്‍ ആക്രമിച്ചു. സംഭവത്തില്‍ ചില പൊലിസുകാര്‍ക്കു പരുക്കേല്‍ക്കുകയുും പൊലിസ് വാഹനങ്ങള്‍ അഗ്നിക്കിരയാക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
ഈ ഗ്രാമത്തില്‍തന്നെയുള്ള ഒരു യുവതിയുമായി അംബികപ്രസാദ് പട്ടേല്‍ പ്രണയത്തിലായിരുന്നു. എന്നാല്‍, യുവതിയുടെ വീട്ടുകാര്‍ ഈ ബന്ധത്തിന് എതിരായിരുന്നു. യുവതിക്ക് യു.പി പൊലിസില്‍ കോണ്‍സ്റ്റബിളായി ജോലി ലഭിക്കുകയും കാണ്‍പൂരിലെ സ്റ്റേഷനില്‍ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. ഇതിനു ശേഷം യുവതിയും അംബികപ്രസാദും ഒന്നിച്ചുനില്‍ക്കുന്ന പഴയ ഫോട്ടോ സോഷ്യല്‍ മീഡിയില്‍ പ്രചരിച്ചു. ഇതു പ്രചരിപ്പിച്ചത് അംബികപ്രസാദാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഇയാള്‍ക്കെതിരേ യുവതി പൊലിസില്‍ പരാതി നല്‍കുകയും ഇതില്‍ അറസ്റ്റിലായ യുവാവ് പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്തിരുന്നു.
യുവാവിനെ കൊന്ന സംഭവത്തില്‍ യുവതിയുടെ പിതാവടക്കം രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അനേഷണം തുടരുകയാണെന്നും പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."